‘ദ് വയർ’ വാർത്താ പോർട്ടലിന്റെ മേധാവികളുടെ വീടുകളിൽ ഡൽഹി പൊലീസ് നടത്തിയ പരിശോധനയ്ക്കെതിരെ വ്യാപക പ്രതിഷേധം

0

ന്യൂഡൽഹി ∙ ‘ദ് വയർ’ വാർത്താ പോർട്ടലിന്റെ മേധാവികളുടെ വീടുകളിൽ ഡൽഹി പൊലീസ് നടത്തിയ പരിശോധനയ്ക്കെതിരെ വ്യാപക പ്രതിഷേധം. പരിശോധന അമിതാധികാര പ്രയോഗവും അതിരുവിട്ടതുമാണെന്ന് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ആരോപിച്ചു.

സ്ഥാപക എഡിറ്റർ സിദ്ധാർഥ് വരദരാജൻ, ഡപ്യൂട്ടി എഡിറ്ററും മലയാളിയുമായ എം.കെ.വേണു, ഡപ്യൂട്ടി എഡിറ്റർ ജാൻവി സെൻ അടക്കമുള്ളവരുടെ വീടുകളിലാണ് പൊലീസ് ‌പരിശോധന നടത്തിയത്. ഡൽഹി പൊലീസ് തിടുക്കം കാണിച്ചുവെന്നും ഗിൽഡ് ചൂണ്ടിക്കാട്ടി. ഫോണുകൾ, കംപ്യൂട്ടറുകൾ, ഐപാഡുകൾ എന്നിവ പിടിച്ചെടുത്ത രീതിയിലും ആശങ്ക രേഖപ്പെടുത്തി. ഡിജിറ്റൽ ഫയലുകളിൽ മാറ്റം വരുത്തുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ‘ഹാഷ് വാല്യു’ പോലും ഉടമകൾക്കു പൊലീസ് നൽകിയില്ല. മാധ്യമപ്രവർത്തകരായതിനാൽ ഫോണുകളിൽ രഹസ്യസ്വഭാവമുള്ള വിവരങ്ങളുണ്ടാകാമെന്നും പൊലീസ് നടപടി വഴി ആ രഹസ്യസ്വഭാവം നഷ്ടപ്പെടാമെന്നും ഗിൽഡ് ആശങ്ക രേഖപ്പെടുത്തി.

വാർത്തയുമായി ബന്ധപ്പെട്ട് വീഴ്ച ‘ദ് വയർ’ അംഗീകരിച്ചതാണ്. തെറ്റു തുറന്നുപറഞ്ഞിട്ടും നടത്തിയ പൊലീസ് പരിശോധനയിൽ ഇന്ത്യൻ വിമൻസ് പ്രസ് കോർ (ഐഡബ്ല്യുപിസി) ആശങ്ക രേഖപ്പെടുത്തി. മാധ്യമപ്രവർത്തനം ഉത്തരവാദിത്തത്തോടു കൂടി ചെയ്യണമെന്നതിൽ സംശയമില്ല. എന്നാൽ, അതിനിടയിൽ വരുന്ന തെറ്റുകൾ കൈകാര്യം ചെയ്യാൻ പൊലീസ് നടപടിയല്ല വേണ്ടതെന്നും ഐഡബ്ല്യുപിസി ചൂണ്ടിക്കാട്ടി.

കോൺഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി, സംഗീതജ്ഞൻ ടി.എം.കൃഷ്ണ തുടങ്ങിയവരും പൊലീസ് നടപടിയിൽ പ്രതിഷേധിച്ചു. പ്രസ് ക്ലബ് ഓഫ് ഇന്ത്യ, പ്രസ് അസോസിയേഷൻ അടക്കം 7 സംഘടനകൾ സംയുക്ത പ്രസ്താവന പുറത്തിറക്കി.

ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ നൽകിയ പരാതിയിലാണ് പൊലീസ് നടപടിയെ‌ടുത്തത്. സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകൾ നീക്കം ചെയ്യാനുള്ള അനർഹമായ അധികാരം അമിത് മാളവ്യയ്ക്കു ലഭ്യമാക്കിയെന്ന വാർത്ത ‘ദ് വയർ’ നൽകിയിരുന്നു. എന്നാൽ, ഇതിലെ വിവരങ്ങൾ സംബന്ധിച്ച് ആക്ഷേപം ഉയരുകയും പിന്നാലെ വാർത്ത പിൻവലിക്കുകയും ചെയ്തു. തുടർന്നാണ് എഡിറ്റർമാർക്കെതിരെ മാളവ്യ പരാതി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here