എന്തുകൊണ്ടാണ് കേരളത്തിലെ ബാല്യ കൗമാര യൗവനങ്ങൾ കരുണയും സഹോദര്യവും വാത്സല്യവുമില്ലാത്തവരായി മാറുന്നത്? ആനന്ദ് കണ്ണശ എഴുതുന്നു

0

കഴിഞ്ഞ ദിവസം കേരളം ചർച്ച ചെയ്തത് കാറിൽ ചാരിനിന്നു എന്ന പേരിൽ ആറുവയസുകാരനെ ചവിട്ടിയ 20കാരനെയായിരുന്നു. തന്റെ കാറിൽ ഒന്നു തൊട്ടു, അല്ലെങ്കിൽ, ഒന്നുചാരി എന്ന കാര്യത്തിൽ പോലും സഹിഷ്ണുതയോടെ പെരുമാറാൻ കഴിയാത്ത യുവത്വം ഈ നാടിന്റെ പോക്ക് എങ്ങോട്ടാണ് എന്നതിന്റെ നേർസാക്ഷ്യമാണ്. രാജസ്ഥാൻ സ്വദേശികളായ ദമ്പതികളുടെ ആറുവയസുകാരനെ ചവിട്ടിയ പൊന്ന്യംപാലം മൻസാർ ഹൗസിൽ കെ. മുഹമ്മദ് ഷിഹാദ് എന്ന ഒരു വ്യക്തിയിൽ ഒതുങ്ങുന്ന വിഷയമല്ലിത്.

എന്തുകൊണ്ടാണ് കേരളത്തിലെ ബാല്യങ്ങളും കൗമാരങ്ങളും യൗവനങ്ങളും കരുണയും സഹോദര്യവും വാത്സല്യവുമില്ലാത്തവരായി മാറുന്നത് ? ലഹരിക്ക് അടിമകളാകുന്നുത് ? സഹിഷ്ണുത എന്നത് അപ്രസക്തമാകുന്ന നിലയിൽ പെരുമാറുന്നത് ? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം തേടുന്നതിന് മുമ്പ് നാം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. എവിടെയാണ് കേരളത്തിന് പിഴച്ചത്? നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കാൻ എന്തേലു മുണ്ടോ ? . മേൽചോദിച്ച ചോദ്യങ്ങൾക്കുമുള്ള ഉത്തരവും ഇതുതന്നെയാണ്.

കേരളത്തിൽ ഇടത് വലത് മുന്നണികൾ മാറിമാറി ഭരിച്ച മുൻ നാളുകളിലും അതിന് മുമ്പും മലയാളിയുടെ മനസ്സിൽ ദയയും കരുണയും വാത്സല്യവുമുണ്ടായിരുന്നു. ആദ്യകാലത്ത് പുരാണേതിഹാസങ്ങളിലെ പ്രണയവും, പിന്നീടത് കാമുകിയെ തേടി നടന്ന രമണനുമായിരുന്നു യൗവനങ്ങളുടെ ഹീറോയെങ്കിൽ, ഇന്ന് പ്രണയം പകയായി മാറുമ്പോൾ കൊന്ന് തീർക്കുന്ന നിലയിലേക്ക് നാം മാറിയിരിക്കുന്നു. അന്ന് നമ്മുടെ പാഠ്യപദ്ധതിയിൽ നീതി ജീവിതത്തിൻ്റെ ബിംബങ്ങളായി രാമനും ക്രിസ്തുവും നബിയും ​ഗാന്ധിയുമെല്ലാം ഉണ്ടായിരുന്നു. ഉദാത്ത പ്രണയം പാടിയ കവികളായ ആശാനും ചങ്ങമ്പുഴയും, പി ഭാസ്കരനും, വയലാറും,സുഗതകമാരിയും, അയ്യപ്പപണിക്കരും മെല്ലാം പാഠ്യവിഷയങ്ങളായിരുന്നു. കരുണയും സത്യസന്ധതയുമെല്ലാം അന്ന് നാം തലമുറകളിലേക്ക് പാഠ പുസ്തകത്തിലൂടെ കൈമാറിയിരുന്നു. കാലം മാറിയതോടെ പുരോ​ഗമനത്തിന്റെ പേര് പറഞ്ഞ് ഈശ്വര ചിന്തകളും മൂല്യബോധവുമെല്ലാം നാം പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കി. മതം പഠിപ്പിക്കുന്ന ഇടങ്ങളിലാകട്ടെ തങ്ങൾ മാത്രമാണ് ശരിയെന്ന ചിന്തയുടെ വർഗീയവിത്തുകളും കുരുന്നു മനസ്സുകളിലേക്ക് പാകി.

മതേതര ഇടങ്ങളായ വിദ്യാലയങ്ങളിലെങ്കിലും മതവും ഈശ്വരനുമെല്ലാം നമ്മെ പഠിപ്പിക്കുന്നത് സ്നേഹവും സഹോദര്യവും സഹിഷ്ണതയും ധർമ്മവും ആണെന്ന് കുഞ്ഞുമനസിൽ ബോധ്യപ്പെടുത്തേണ്ടിടങ്ങൾ പുരോ​ഗമന ശാസ്ത്ര കാഴ്ചപ്പാടിലേക്ക് മാറി. ശാസ്ത്രത്തിൻ്റെ അളവുകോലിലേ എല്ലാം അളക്കൂ എന്നും. ഭൂഗോളത്തിൻ്റെ സ്പന്ദനം കണക്കിലും സയൻസിലും മാത്രമാണെന്നും പഠിപ്പിച്ചു. അതോടെ സഹിഷ്ണുതയും ദയയും കരുണയും മനുഷ്യരുടെ മനസ്സിൽ നിന്നും പടിയിറങ്ങി. ദൈവം ഉണ്ടോ ഇല്ലയോ എന്നതല്ല നാം ഇവിടെ ചർച്ച ചെയ്യുന്നത്. ഈശ്വരനെ വ്യാഖ്യനിച്ച് വഷളാക്കുന്ന റീട്ടെയിൽ മതപ്രചാരക്കരെയല്ലാ മറിച്ച് യഥാർത്ഥ മതഗ്രന്ധങ്ങളും അതിലെ നന്മയുടെ വെളിച്ചം വീശി കുരുന്നുകളെ നയിക്കാൻ പോന്ന ഭാഗങ്ങൾ പാഠ്യ വിഷയമാക്കണം. ദൈവ വിശ്വാസമുള്ള ജനത തെറ്റുകൾ ചെയ്യില്ലെന്ന നന്മയെവേണം നാം കാണാൻ. ക്രൈംത്രില്ലർ സിനിമകളും കുടുംബ കലഹവും പ്രതികാരവും ഇതിവൃത്തമായ സീരിയലുകളും തുടങ്ങി മനുഷ്യ മനസ്സുകളിലേക്ക് വെറുപ്പും വിദ്വേഷവും ക്രൂരതയും നിറയ്ക്കുന്ന സന്ദേശങ്ങളാണ് വിനോദമെന്ന പേരിൽ നമ്മുടെ സമൂഹം കണ്ടിരിക്കുന്നത്.

പണ്ടും ഈ നാട്ടിൽ കൊലപാതകങ്ങളും അക്രമങ്ങളും ലഹരി ഉപയോ​ഗങ്ങളുമെല്ലാം ഉണ്ടായിരുന്നു. മുക്കിന് മുക്കിന് കള്ളുഷാപ്പുകളും ചാരായ ഷാപ്പുകളും ഉണ്ടായിരുന്ന നാടാണിത്. അവിടങ്ങളിലെ നിത്യസന്ദർശകർ കായികാധ്വാനികളായ കൂലിപ്പണിക്കാരായിരുന്നു. കൊലപാതകങ്ങൾ ചിരവൈരികൾ തമ്മിലായിരുന്നു. അക്രമങ്ങൾക്ക് പിന്നിൽപോലും കാരണങ്ങളുണ്ടായിരുന്നു. ഇന്ന് ലഹരി ഉപയോ​ഗിക്കുന്നത് സ്കൂൾ കുട്ടികളാണ്. കൊലപാതകം നടത്തുന്നത് പ്രണയത്തിന്റെ പേരിലാണ്. അക്രമത്തിന് കാരണങ്ങൾ പോലും വേണ്ടെന്നായിരിക്കുന്നു.

അടിയന്തിരമായി നമ്മുടെ പാഠ്യപദ്ധതി പരിഷ്കരിക്കുകയാണ് വേണ്ടത്. നമ്മുടെ നാട്ടിലെ ബാല്യ കൗമാര യൗവ്വനങ്ങളെ വാത്സല്യവും ദയയും കരുണയും പ്രണയവും എന്തെന്ന് പഠിപ്പിക്കണം. പകയും കൊലയുമല്ല പ്രതിവിധി എന്ന് ബോധ്യപ്പെടുത്തണം. മക്കളെ ബോർഡിം​ഗിലും മാതാപിതാക്കളെ ഓൾഡേജ് ഹോമിലുമാക്കുന്ന അത്യാധുനികത ആപത്താണ് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തണം. അച്ഛനും അമ്മയും മക്കളും പേരക്കിടാങ്ങളും എല്ലാം ഒരു കൂരയ്ക്ക് കീഴിൽ കഴിയുന്ന സാമൂഹിക ക്രമം നാം തിരികെ പിടിക്കണം. എങ്കിൽ മാത്രമേ സ്വാർധാനുരാ​ഗികളും അഹങ്കാരികളുമായ ഒരു സമൂഹത്തിൽ നിന്നും കാരുണ്യം നിറയുന്ന മനസ്സുള്ള മനുഷ്യർ നിറഞ്ഞ നാടായി കേരളത്തിന് – ലോകത്തിന് മാറാൻ കഴിയൂ. ചൊട്ടയിലേ ശീലം ചുടല വരെ എന്നല്ലേ . നമുക്ക് നല്ല ഗുണങ്ങൾ ചൊട്ടയിലേ കുഞ്ഞുങ്ങളെ ശീലിപ്പിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here