വിഴിഞ്ഞത്ത്‌ അഴിഞ്ഞാട്ടം , ആര്‍ച്ച്‌ ബിഷപ്‌ ഒന്നാം പ്രതി, രണ്ടാം പ്രതി സഹായമെത്രാന്‍

0


തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരേ പ്രതിഷേധിക്കുന്നവരെ പൂട്ടാന്‍ സംസ്‌ഥാന സര്‍ക്കാര്‍. ശനിയാഴ്‌ച വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ്പിനെയും സഹായമെത്രാനെയും വൈദികരെയും അടക്കം പ്രതികളാക്കി പോലീസ്‌ കേസെടുത്തു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത്‌ തിരുവനന്തപുരത്ത്‌ അതീവ ജാഗ്രത. അവധിയിലുള്ള പോലീസുകാര്‍ തിരിച്ചെത്താന്‍ ഡി.ജി.പി നിര്‍ദേശം നല്‍കി. വിഴിഞ്ഞത്തിനുപുറമേ മറ്റ്‌ തീരദേശ മേഖലകളിലും ജാഗ്രത. ക്രമസമാധാന പാലനത്തിനു കേന്ദ്രസേന എത്തിയേക്കും.
ഹൈക്കോടതി ഇന്ന്‌ കേസ്‌ പരിഗണിക്കുന്നുണ്ട്‌. അദാനി ഗ്രൂപ്പ്‌ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയും ഇന്നു പരിഗണനയ്‌ക്കു വരും. തുറമുഖ നിര്‍മാണം വൈകിയതിനുള്ള നഷ്‌ടപരിഹാരം പ്രതിഷേധക്കാരില്‍നിന്ന്‌ ഈടാക്കണമെന്ന നിലപാടാകും സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിക്കുക.
തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ്‌ ഡോ. തോമസ്‌ ജെ. നെറ്റോയെ ഒന്നാം പ്രതിയും സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്‌തുദാസിനെ രണ്ടാം പ്രതിയുമാക്കിയാണു വിഴിഞ്ഞം പോലീസ്‌ കേസെടുത്തത്‌. വികാരി ജനറാള്‍ മോണ്‍. യൂജിന്‍ പെരേര ഉള്‍പ്പെടെ അന്‍പതോളം വൈദികരും പ്രതിപ്പട്ടികയിലുണ്ട്‌. ആര്‍ച്ച്‌ ബിഷപ്പും വൈദികരും ചേര്‍ന്ന്‌ ഗൂഢാലോചന നടത്തിയെന്നാണ്‌ എഫ്‌.ഐ.ആറിലുള്ളത്‌. രണ്ടു ലക്ഷത്തിലേറെ രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നും കേസ്‌.

പ്രതിഷേധം ശക്‌തമായി തുടരാനാണു ലത്തീന്‍ അതിരൂപതയുടെ തീരുമാനം. സമരം ശക്‌തമാക്കുമെന്നും വീട്‌ നഷ്‌ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ജാഗ്രത വേണമെന്നും ഇന്നലെ ദിവ്യബലിമധ്യേ പള്ളികളില്‍ വായിച്ച സര്‍ക്കുലറില്‍ പറയുന്നു.
തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ തീരവാസികള്‍ തടഞ്ഞതോടെയാണു സംഘര്‍ഷമുണ്ടായത്‌. പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഏറ്റുമുട്ടി. കല്ലേറിലും വീടുകള്‍ക്ക്‌ നേരെയുള്ള ആക്രമണത്തിലും നിരവധിപ്പേര്‍ക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്‌.
തുറമുഖ നിര്‍മാണത്തിനു കല്ലുമായി എത്തുന്ന ലോറികള്‍ തടയില്ലെന്ന്‌ അതിരൂപത ഹൈക്കോടതിയെ അറിയിച്ചിരുന്നു. പിറ്റേന്നാണു സമരക്കാര്‍ ലോറികള്‍ തടഞ്ഞത്‌. സമരക്കാരെ പ്രകോപിപ്പിച്ചതാണ്‌ സംഘര്‍ഷത്തിനു കാരണമെന്നു മോണ്‍. യൂജിന്‍ പെരേര പറഞ്ഞു. തുറമുഖ നിര്‍മാണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരേ ഇന്നു അപ്പീല്‍ നല്‍കും.
പ്രതിപ്പട്ടികയിലെ ഒന്നു മുതല്‍ 15 വരെയുള്ള വൈദികര്‍ സംഘര്‍ഷസ്‌ഥലത്ത്‌ നേരിട്ടെത്തിയവരല്ല. എന്നാല്‍, ഇവര്‍ ഗൂഢാലോചന നടത്തുകയും ആളുകളെ സംഘടിപ്പിച്ച്‌ മുല്ലൂരിലെത്തുകയും സംഘര്‍ഷം സൃഷ്‌ടിക്കുകയും ചെയ്‌തെന്നാണ്‌ എഫ്‌.ഐ.ആറില്‍ പറയുന്നത്‌. വധശ്രമം, ഗൂഢാലോചന, അന്യായമായി സംഘം ചേരല്‍, കലാപാഹ്വാനം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. 96 പേരുടെ പ്രതിപ്പട്ടികയാണ്‌ എഫ്‌.ഐ.ആറിലുള്ളത്‌. ലഭിച്ച പരാതിക്ക്‌ പുറമേ പോലീസ്‌ സ്വമേധയായും കേസെടുത്തു.
നേരത്തേ മോണ്‍. യൂജിന്‍ പെരേര ഉള്‍പ്പെടെയുള്ള വൈദികരെ പ്രതിചേര്‍ത്ത്‌ വധശ്രമം, കലാപാഹ്വാനം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി സമരസമിതിക്കെതിരേ ഒന്‍പത്‌ കേസുകളും തുറമുഖ നിര്‍മാണത്തെ അനുകൂലിക്കുന്ന ജനകീയ സമരസമിതിക്കെതിരേ ഒരു കേസും എടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here