വീട് വെയ്ക്കാൻ ലോണെടുത്തു; തിരിച്ചടവ് മുടങ്ങിയപ്പോൾ ജപ്തി നോട്ടീസുമെത്തി; ജീവിക്കാൻ ലോട്ടറി വിറ്റ് ആക്‌ഷൻ ഹീറോ ബിജുവിലെ നടി

0

ഒറ്റ ഡയലോഗ് കൊണ്ട് മനസ് കീഴടക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. അങ്ങനെയൊക്കെ സംഭവിക്കുക എന്നതും വിരളമാണ്. അത്തരത്തിൽ ‘ഒന്നു പോ സാറേ’’, ഈ ഒരൊറ്റ ഡയലോഗുകൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് എരമല്ലൂർ സ്വദേശിനിയായ മേരി. ആക്‌ഷൻ ഹീറോ ബിജു ഉൾപ്പടെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. പക്ഷേ കോവിഡ് കാലം മേരിക്ക് ദുരിതകാലമായിരുന്നു. കോവിഡ് തീർത്ത പ്രതിസന്ധി മേരിയുടെ ചിരി മായ്ച്ചിരിക്കുകയാണ്. സിനിമയിലെ ഭാഗ്യം കൈവിട്ടതോടെയാണ് ജീവിക്കാൻ ഭാഗ്യക്കുറിയുമായി മേരി ജോലിക്കിറങ്ങി.

ചേർത്തല അരൂർ ദേശീയപാതയ്ക്ക് സമീപമാണ് മേരി ലോട്ടറി വിൽക്കുന്നത്. സിനിമയിൽ കൂടുതൽ അവസരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് പുതിയ വീട് വയ്ക്കാൻ ജില്ലാ സഹകരണ ബാങ്കിൽ നിന്നും മേരി ലോൺ എടുക്കുന്നത്. സിനിമ കുറഞ്ഞതോടെ തിരിച്ചടവ് മുടങ്ങി. ഇപ്പോൾ ജപ്തി നോട്ടീസുമെത്തി. സിനിമാക്കാരാരും തന്നെ വിളിക്കുന്നില്ല. എന്തെങ്കിലും വഴി നോക്കണ്ടേ എന്നോർത്ത് ലോട്ടറി വിറ്റാണ് ജീവിക്കുന്നതെന്ന് മേരി പറഞ്ഞു.

ആലപ്പുഴ എഴുപുന്ന ചാണിയിൽ ലക്ഷംവീട് കോളനി വീട്ടിലാണ് മേരി താമസിക്കുന്നത്. തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന സമയത്താണ് ആക്‌ഷൻ ഹീറോ ബിജുവിൽ അവസരം ലഭിക്കുന്നത്. മകളെ വിവാഹം കഴിച്ചയച്ചു. ഒപ്പമുള്ള മകന് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ട്. രാവിലെ 6.30ന് വീട്ടിൽ നിന്നിറങ്ങും. ഉച്ചവരെ ദേശീയപാതയോരത്തെ പൊരിവെയിലത്ത് ലോട്ടറി വിൽക്കും. 300 രൂപ വരെ കിട്ടും. ഒരു കൊച്ചുഫോണും കയ്യിലുണ്ട്. സിനിമയിൽ എന്തെങ്കിലും ഒരു വേഷവുമായി ആരെങ്കിലും വിളിക്കും എന്ന പ്രതീക്ഷയോടെ ആണ് ഇപ്പോഴും കഴിയുന്നത്.

അഭിനയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ല. സ്വന്തം കഴിവും പ്രയത്നവും മാത്രമാണ് മുപ്പത്തിയഞ്ച് സിനിമകളിൽ മേരിക്ക് മുതൽക്കൂട്ടായത്. ആക്‌ഷൻ ഹീറോ ബിജു കഴിഞ്ഞ് ഒരുപാട് പരസ്യങ്ങളും മേരി ചെയ്തിട്ടുണ്ട്. അധ്വാനിക്കാനുള്ള മനസ്സും, ഒപ്പം വീണ്ടും സിനിമയിൽ സജീവമാകാമെന്ന പ്രതീക്ഷയും ഉള്ളതുകൊണ്ടാണ് ഈ ടിക്കറ്റിന്റെ പുറകെ നടക്കുന്നതെന്ന് മേരി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here