മൊബൈൽ ടവർ മുഴുവനായും കടത്തിക്കൊണ്ടുപോയി കള്ളന്മാരുടെ വെറൈറ്റി മോഷണം

0

മൊബൈൽ ടവർ മുഴുവനായും കടത്തിക്കൊണ്ടുപോയി കള്ളന്മാരുടെ വെറൈറ്റി മോഷണം.19 ലക്ഷം രൂപ വിലവരുന്ന മൊബൈൽ ടവറാണ് മോഷ്ടാക്കൾ കവർച്ച ചെയ്തത്.ഗുജറാത്ത് ടെലി ലിങ്ക് പ്രൈവറ്റ് ലിമിറ്റഡിന്റേതായിരുന്നു ടവർ.പട്നയിലെ ഗർദാനിബാഗിലുള്ള യാർപൂർ രാജ്പുതാന കോളനിയിലെ ലാലൻ സിങ് എന്നയാളുടെ വീടിന് മുകളിലാണ് ടവറുണ്ടായിരുന്നത്.മൂന്ന് ദിവസം നീണ്ട പ്രയത്നത്തിനൊടുവിൽ 25 അംഗ സംഘമാണ് ടവർ കൊണ്ടുപോയത്.ഗ്യാസ് കട്ടർ ഉപയോഗിച്ച് കഷ്ണങ്ങളായി മുറിച്ചെടുത്താണ് ടവർ നീക്കം ചെയ്തത്.ടവറിന്റെ കഷ്ണങ്ങൾ ഒരു ട്രക്കിൽ കയറ്റിയാണ് മോഷ്ടാക്കൾ കടത്തിയത്.

മൊബൈൽ കമ്പനിയുടെ ഉദ്യോഗസ്ഥരാണെന്ന് കാണിച്ചായിരുന്നു മോഷ്ടാക്കൾ എത്തിയത്.തുടർന്ന് വീടിന്റെ ടെറസിൽ സ്ഥാപിച്ചിരുന്ന ടവർ കവർച്ചാ സംഘം അടിച്ചെടുത്തുകൊണ്ടുപോകുകയായിരുന്നു.കമ്പനി വലിയ നഷ്ടത്തിലാണെന്നും അതിനാൽ ടവർ നീക്കം ചെയ്യുകയാണെന്നുമാണ് ഇവർ വീട്ടുടമസ്ഥനോട് പറഞ്ഞത്.ഏകദേശം 15 വർഷം മുമ്പാണ് ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെലി ലിങ്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ മൊബൈൽ ടവർ ലാലൻ സിംഗിന്റെ വീടിന് മുകളിൽ സ്ഥാപിച്ചത്.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബിഹാറിൽ ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു സമാനമായ രീതിയിൽ മോഷ്ടാക്കൾ ഇരുമ്പുപാലം അടിച്ചുമാറ്റിയത്.500 ടൺ ഭാരം വരുന്ന 60 അടി നീളമുള്ള പാലം സർക്കാർ ഉദ്യോഗസ്ഥരായി ചമഞ്ഞെത്തിയാണ് മോഷ്ടാക്കൾ അഴിച്ചെടുത്തത്.ഇതിന് പിന്നാലെയാണ് ഒരു മൊബൈൽ ടവർ പൂർണമായും മോഷണ സംഘം കൊണ്ടുപോയ സംഭവവും ബിഹാറിൽ ഉണ്ടായിരിക്കുന്നത്.

Leave a Reply