വേറൊരു പാർട്ടിയിലേക്ക് ആളെ കൂട്ടാനുള്ള ആ കരുതൽ ഉണ്ടല്ലോ; സുധാകരൻ നൽകുന്ന സന്ദേശം കൃത്യമാണ്’; പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

0

തിരുവനന്തപുരം: ആർഎസ്എസിന്റെ ശാഖ സംരക്ഷിക്കാൻ ആളെ വിട്ടുനൽകിയിട്ടുണ്ടെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലും ഹിമാചൽ പ്രദേശിലും കോൺഗ്രസ്‌ നേതാക്കൾ കൂട്ടത്തോടെ ബിജെപിലേക്ക് ചേക്കേറുകയാണ്. കെ സുധാകരൻ തന്‍റെ പാർട്ടിയിലെ മറ്റ് നേതാക്കൾക്കും അണികൾക്കും നൽകുന്ന സന്ദേശം കൃത്യമാണ്. തനിക്ക് തോന്നിയാൽ താന്‍ ബിജെപിയിൽ പോകും. നിങ്ങൾക്ക് തോന്നുകയാണെങ്കിൽ നിങ്ങൾക്കുമാകാം. ഒരു പാർട്ടിയിൽ നിന്ന് കൊണ്ട് വേറൊരു പാർട്ടിയിലേക്ക് ആളെ കൂട്ടാനുള്ള കരുതലിനെ കുറിച്ചും ശിവന്‍കുട്ടി തുറന്നടിച്ചു.

ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന കെ സുധാകരന്‍റെ പ്രസ്താവനയിൽ അദ്ഭുതമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പ്രതികരിച്ചത്. കണ്ണൂരിൽ കോൺഗ്രസും ആർഎസ്എസും പരസ്പരം സഹകരിച്ചാണ് പ്രവർത്തിച്ചത്. 1969 മുതലേ ആ ബന്ധം ഉണ്ട്. ഇ പി ജയരാജനെതിരെ അക്രമം നടത്തിയവരിൽ ആർഎസ്എസുകാരുമുണ്ട്. കണ്ണൂരിനെ ദത്തെടുത്ത് സിപിഎമ്മിനെ നശിപ്പിക്കാൻ ശ്രമിച്ചവരാണ് ആർഎസ്എസ്. ആദ്യം തെരഞ്ഞെടുത്ത ജില്ലയെന്ന നിലയിൽ രണ്ട് കോടി രൂപ നൽകി എന്നത് ആർഎസ്എസ് പറഞ്ഞതാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ആർഎസ്എസുമായി ബന്ധപ്പെട്ട് തന്‍റെ മുൻ പ്രസ്താവന കെ സുധാകരൻ ആവർത്തിച്ചത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിട്ടുള്ളത്. താൻ ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്നും അന്ന് സംഘടനാ കോൺഗ്രസിന്റെ ഭാഗമായിരുന്നുവെന്നുമാണ് സുധാകരന്‍ പറഞ്ഞത്. മാത്രമല്ല, തനിക്ക് ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ പോകുമെന്നും കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. തനിക്ക് ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ താൻ പോകുമെന്ന് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. തനിക്ക് പോകണോ വേണ്ടയോ എന്നൊക്കെ ആലോചിക്കാനുള്ള ബുദ്ധിയുണ്ട്. തനിക്ക് അതിനുള്ള രാഷ്ട്രീയ ബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here