ബിവറേജസ്‌ ഔട്ട്‌ലെറ്റിലെ മോഷണം: ചാലക്കുടി സ്വദേശി അറസ്‌റ്റില്‍

0


ഹരിപ്പാട്‌: ബിവറേജസ്‌ ഔട്ട്‌ലെറ്റിലെ മോഷണം, പ്രതി അറസ്‌റ്റില്‍. ചാലക്കുടി പരിയാരം പത്രക്കടവ്‌ വീട്ടില്‍ രാജു(അപ്പച്ചന്‍-73)വിനെയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. എഫ്‌.സി.ഐ ഗോഡൗണില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ്‌ ഔട്ട്‌ലൈറ്റില്‍ നിന്നും മദ്യം മോഷ്‌ടിക്കുകയും സാധന സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്‌ത കേസിലാണ്‌ അറസ്‌റ്റ്. കഴിഞ്ഞ 13 ന്‌ പുലര്‍ച്ചെ മൂന്നിനായിരുന്നു മോഷണം. 9,430 രൂപ വില വരുന്ന 12 കുപ്പി മദ്യമാണ്‌ മോഷണം പോയത്‌. പ്രധാന ഷട്ടറിന്റെ പൂട്ട്‌ പൊളിച്ച്‌ അകത്തു കടന്ന ഇയാള്‍ ഔട്ട്‌ലെറ്റിലെ മേശയും അലമാരയും കുത്തിത്തുറന്നെങ്കിലും സമീപത്ത്‌ സൂക്ഷിച്ചിരുന്ന രണ്ടു ലക്ഷം രൂപയോളം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും പ്രതിയെക്കുറിച്ച്‌ പോലീസിന്‌ സൂചന ലഭിച്ചിരുന്നു. മദ്യപനായ ഇയാള്‍ പതിവായി പോയിരുന്ന ബാറിലും ഷാപ്പുകളിലും അന്വേഷണം നടത്തിയപ്പോള്‍ സംഭവം നടന്ന ശേഷം അവിടെ എത്തിയിട്ടില്ലെന്ന്‌ മനസിലായി. മൊബൈല്‍ ഫോണും ഉപയോഗിച്ചിരുന്നില്ല. ഹോട്ടലുകളില്‍ പാത്രം കഴുകുന്ന ജോലിയും ആക്രിക്കച്ചവടവുമായി ഹരിപ്പാടും പരിസര പ്രദേശങ്ങളിലും കഴിയുകയായിരുന്നു. സംഭവത്തിന്‌ ശേഷം ഒളിവിലായിരുന്ന ഇയാളെ നിരന്തരമായ അന്വേഷണത്തിനൊടുവിലാണ്‌ ഇന്നലെ പിടികൂടിയത്‌. എസ്‌.എച്ച്‌.ഒ: വി.എസ്‌.ശ്യാംകുമാര്‍, എസ്‌.ഐ: സവ്യസാചി, അസി.സബ്‌ ഇന്‍സ്‌പെക്‌ടര്‍ ശ്രീകുമാര്‍, സി.പി.ഒമാരായ നിഷാദ്‌, സോജു എന്നിവരടങ്ങുന്ന സംഘമാണ്‌ ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌.

LEAVE A REPLY

Please enter your comment!
Please enter your name here