യുവതി സഹപ്രവർത്തകനെ തെറിവിളിച്ചത് വാട്സാപ്പിലൂടെ; അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

0

അബുദാബി: വാട്സ്ആപിലൂടെ സഹപ്രവർത്തകനെ തെറിവിളിച്ച യുവതി നഷ്ടപരിഹാരം നൽകണമെന്ന് കോടതി. അബുദാബി കോടതിയാണ് യുവതി 23,000 ദിർഹം (അഞ്ച് ലക്ഷത്തിലധികം ഇന്ത്യൻ രൂപ) നഷ്ടപരിഹാരമായി നൽകണമെന്ന് വിധിച്ചത്. ആറ് ലക്ഷം ദിർഹം നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്. യുവതിയുടെ മോശമായ സന്ദേശങ്ങൾ കാരണം തനിക്ക് മാനസിക ബുദ്ധിമുട്ടും മാനനഷ്ടവുമുണ്ടായി എന്നായിരുന്നു പരാതിക്കാരന്റെ വാദം.

യുവതിയിൽ നിന്ന് വാട്സ്ആപിലൂടെ ലഭിച്ച അപമാനകരമായ സന്ദേശങ്ങൾ കാരണം താൻ മാനസികമായി തകർന്നുവെന്ന് പരാതിക്കാരൻ ആരോപിച്ചു. തന്റെ സഹപ്രവർത്തകർക്കിടയിലും തനിക്ക് അറിയാവുന്നവർക്കിടയിലും ഈ സന്ദേശങ്ങൾ കാരണം തന്റെ പ്രതിച്ഛായ മോശമായെന്നും പരാതിയിൽ പറയുന്നു. ഇതിന് പകരമായാണ് അദ്ദേഹം നഷ്ടപരിഹാരം തേടി അബുദാബി ഫാമിലി ആന്റ് സിവിൽ അഡ്‍മിനിസ്‍ട്രേറ്റീവ് ക്ലെയിംസ് കോടതിയെ സമീപിച്ചത്.

ഇതേ കേസിൽ നേരത്തെ അബുദാബി ക്രിമിനൽ കോടതി യുവതിക്ക് 5000 ദിർഹം പിഴ ചുമത്തിയിരുന്നു. യുവതി ഹാജരാവാത്തതിനാൽ ഇവരുടെ അസാന്നിദ്ധ്യത്തിലായിരുന്നു ഈ വിധി. ഇതിന് ശേഷമാണ് നഷ്ടപരിഹാരം തേടി പരാതിക്കാരൻ സിവിൽ കോടതിയെ സമീപിച്ചത്. ഇരുഭാഗത്തെയും വാദങ്ങൾ പരിഗണിച്ച ശേഷം യുവതി 23,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ഇതിന് പുറമെ പരാതിക്കാരന് നിയമ നടപടികൾക്ക് ചെലവായ തുകയും ഇവർ വഹിക്കണമെന്ന് ഉത്തരവിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here