ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സമ്പ്രദായത്തെ വിമർശിച്ച കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്റെ പരാമർശങ്ങളെ ശക്തമായി എതിർത്ത് സുപ്രീംകോടതി

0

ന്യൂഡൽഹി: ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സമ്പ്രദായത്തെ വിമർശിച്ച കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്റെ പരാമർശങ്ങളെ ശക്തമായി എതിർത്ത് സുപ്രീംകോടതി. ഉന്നതസ്ഥാനം വഹിക്കുന്ന വ്യക്തിയിൽനിന്ന് ഇത്തരം പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. കേന്ദ്രമന്ത്രിയുടെ പേരു പരാമർശിക്കാതെയാണ് കോടതി വിമർശിച്ചത്.

കൊളീജിയം സംവിധാനമാണ് നിലവിൽ രാജ്യത്തെ നിയമം. അതനുസരിച്ചു കാര്യങ്ങൾ നടപ്പാക്കണം. ഈ പ്രതിസന്ധി ഉടൻ പരിഹരിക്കണം. അല്ലെങ്കിൽ ജുഡീഷ്യൽ തീരുമാനം എടുക്കാൻ നിർബന്ധിതരാകുമെന്നും കോടതി വ്യക്തമാക്കി.

ദേശീയ ചാനൽ നടത്തിയ പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു കൊളീജിയം സംവിധാനത്തെ വിമർശിച്ചത്. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം ശുപാർശകളിൽ കേന്ദ്രം അടയിരിക്കുകയാണെന്ന് ആർക്കും ആക്ഷേപിക്കാൻ കഴിയില്ലെന്നായിരുന്നു അഭിമുഖത്തിൽ റിജിജു പറഞ്ഞത്. കൊളീജിയം അയയ്ക്കുന്ന ശുപാർശകളിൽ എല്ലാം സർക്കാർ ഒപ്പുവയ്ക്കുമെന്നു കരുതരുത്. വിശദമായ ചർച്ചകൾക്കുശേഷം മാത്രമേ ഇവ അംഗീകരിക്കാൻ കഴിയൂയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1991 വരെ സർക്കാരാണ് ജഡ്ജിമാരെ നിയമിച്ചിരുന്നത്. പിന്നീട് സുപ്രീം കോടതി കൊളീജിയം സംവിധാനം സൃഷ്ടിച്ച് നിയമനം അങ്ങനെയാക്കുകയായിരുന്നുവെന്നും റിജിജു പറഞ്ഞിരുന്നു. അതേസമയം, മന്ത്രിയുടെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാകാമെന്ന നിലപാടാണ് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി എടുത്തത്. എന്നാൽ ജസ്റ്റിസ് കൗൾ പറഞ്ഞത് ഇങ്ങനെ: ”മിസ്റ്റർ അറ്റോർണി ജനറൽ, മാധ്യമ റിപ്പോർട്ടുകൾ അവഗണിക്കാം. എന്നാൽ ഉയർന്ന സ്ഥാനത്തിരിക്കുന്നവർ അഭിമുഖത്തിൽ അങ്ങനെ പറയുമ്പോൾ… ഞാൻ മറ്റൊന്നും പറയുന്നില്ല. നടപടിയെടുക്കണമെങ്കിൽ ഞങ്ങൾ എടുക്കും.”

”കൊളീജിയം ശുപാർശകളിൽ തീരുമാനം എടുക്കുന്നതിനു മൂന്നംഗ ബെഞ്ച് നേരത്തേ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ചു കാര്യങ്ങൾ നടക്കണം. ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ (എൻജെസി) നിയമം സുപ്രീം കോടതി റദ്ദാക്കിയതിനുശേഷമാണു കൊളീജിയം ശുപാർശകൾ നടപ്പാക്കുന്നതു വൈകാൻ തുടങ്ങിയത്. എൻജെസി റദ്ദാക്കിയത് സർക്കാരിന് ഇഷ്ടപ്പെട്ടില്ലെന്നാണു തോന്നിന്നത്.

ശുപാർശകളിലെ ചില പേരുകൾ ഒന്നര വർഷമായി തീരുമാനം ആകാതെ കിടക്കുകയാണ്. നാലു മാസമായി തീരുമാനം ആകാത്തവ നിരവധിയാണ്. പട്ടികയിൽനിന്ന് ചില പേരുകൾ എടുത്ത് നിങ്ങൾ നിയമനം നടത്തുന്നു. മറ്റു പേരുകളിൽ തീരുമാനം ആകുന്നില്ല. സീനിയോരിറ്റിയെ മറികടക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. നിയമന പട്ടികയിൽ ഉണ്ടായിരുന്ന ഒരു അഭിഭാഷകൻ മരിച്ചു. മറ്റൊരാൾ സമ്മതപത്രം പിൻവലിച്ചു” കോടതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here