ലോകകപ്പിൽ പുതു ചരിത്രമെഴുതിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിനെ ചൊല്ലി വിവാദം കടുക്കുമ്പോൾ പോർച്ചുഗൽ ഇതിഹാസ താരം ലൂയിസ് ഫിഗോയുടെ പ്രതികരണം ചർച്ചയാകുന്നു

0

ലോകകപ്പിൽ പുതു ചരിത്രമെഴുതിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിനെ ചൊല്ലി വിവാദം കടുക്കുമ്പോൾ പോർച്ചുഗൽ ഇതിഹാസ താരം ലൂയിസ് ഫിഗോയുടെ പ്രതികരണം ചർച്ചയാകുന്നു. ഒരിക്കലും അത് പെനാൽറ്റി നൽകരുതായിരുന്നു എന്നാണ് ഫിഗോയുടെ അഭിപ്രായം. അതൊരു പെനാൽറ്റിയാണെന്ന് കരുതുന്നില്ല, പക്ഷേ സ്വാഗതം ചെയ്യുന്നുവെന്ന് ഫിഗോ പറഞ്ഞു.

ഫിഗോയുടെ പ്രതികരണത്തെ പിന്തുണച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെയ്ൻ റൂണിയും തന്റെ വിശകലനത്തിൽ അത് പെനാൽറ്റിയല്ലെന്ന് പറഞ്ഞു. തന്റെ അനുഭവ സമ്പത്ത് പൂർണമായി ഉപയോഗിച്ച് റൊണാൾഡോ ആ പെനാൽറ്റി സ്വന്തമാക്കുകയായിരുന്നുവെന്നാണ് റൂണിയുടെ അഭിപ്രായം. ഘാനക്കെതിരെ പെനാൽറ്റിയിലൂടെയാണ് റൊണാൾഡോ പോർച്ചുഗലിനെ മുന്നിലെത്തിച്ചത്.

എന്നാൽ, ആ ഗോൾ റഫറിയുടെ സമ്മാനമാണെന്നാണ് ഘാന പരിശീലകൻ ഓഡോ അഡോ തുറന്നടിച്ചത്. മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോൾ നേടിനാവാതെ പോർച്ചുഗൽ കിതയ്ക്കുമ്പോഴാണ് 65-ാം മിനിറ്റിൽ പെനാൽറ്റി ലഭിക്കുന്നത്. ബോക്‌സിനുള്ളിൽ റൊണാൾഡോയെ വീഴ്‌ത്തിയതിനാണ് റഫറി പെനാൽറ്റി അനുവദിച്ചത്. എന്നാൽ, അമേരിക്കൻ റഫറി ഇസ്മയിൽ എൽഫാത്തിന്റേത് തെറ്റായ തീരുമാനമായിരുന്നുവെന്നാണ് ഇപ്പോൾ ഘാന പരിശീലകൻ വാദിക്കുന്നത്.

അതൊരു തെറ്റായ തീരുമാനം ആയിരുന്നു. എന്തുകൊണ്ടാണ് വാർ ഇടപെടാത്തതെന്ന് മനസിലാകുന്നില്ലെന്നും ഓഡോ അഡോ പറഞ്ഞു. ആരെങ്കിലും ഒരു ഗോൾ നേടിയാൽ അഭിനന്ദിക്കണം. പക്ഷേ, റൊണാൾഡോയുടെ ഗോൾ ഒരു സമ്മാനമായിരുന്നു, ശരിക്കും ഒരു സമ്മാനം. ഇതേക്കുറിച്ച് ശാന്തമായ രീതിയിൽ റഫറിയോട് ചോദിക്കാൻ ആഗ്രഹിച്ചു. പക്ഷേ അദ്ദേഹം ഒരു മീറ്റിംഗിലാണെന്ന് പറഞ്ഞു. അർഹമായ മഞ്ഞക്കാർഡുകൾ ചിലത് ലഭിച്ചു.

പക്ഷേ, കൗണ്ടർ അറ്റാക്കുകൾ തടഞ്ഞതും ജഴ്‌സി പിടിച്ച് വലിച്ചതുമായ കാര്യങ്ങൾക്ക് അവർക്ക് മഞ്ഞക്കാർഡുകൾ നൽകിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ലോകകപ്പിൽ ചരിത്രനേട്ടമാണ് പോർച്ചുഗലിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയത്. തുടർച്ചയായി അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് ആണ് സിആർ 7 ഘാനക്കെതിരായ ഗോളിലൂടെ പേരിലെഴുതിയത്

Leave a Reply