പൊലീസ് സ്റ്റേഷനുകൾ തമ്മിലുള്ള അതിർത്തിത്തർക്കം; പോസ്റ്റ്മോർട്ടം ഒരു ദിവസം വൈകി

0

ഇടുക്കി ജില്ലാ ആസ്ഥാനത്ത്, രണ്ടു പൊലീസ് സ്റ്റേഷനുകൾ തമ്മിലുള്ള അതിർത്തിത്തർക്കം മൂലം പോസ്റ്റ്മോർട്ടം ഒരു ദിവസം വൈകി. ഇടുക്കി – കട്ടപ്പന റോഡിൽ വാഹനാപകടത്തിൽ കർഷകൻ മരിച്ച സ്ഥലം ഏതു സ്റ്റേഷൻ പരിധിയിൽ എന്നതായിരുന്നു ഇടുക്കി, തങ്കമണി സ്റ്റേഷനുകളിലെ പൊലീസുകാർ തമ്മിലുള്ള തർക്ക വിഷയം.

ആകാശവാണി കൃഷിപാഠം പക്തിയിലൂടെ ശ്രദ്ധേയനായ കർഷകനും കഥാകൃത്തുമായ നാരകക്കാനം ചാപ്രയിൽ കുട്ടപ്പന്റെ (83) മൃതദേഹമാണ് ഒരു ദിവസം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കേണ്ടി വന്നത്. തിങ്കൾ രാവിലെ പതിനൊന്നരയോടെ വീടിനു സമീപം റോഡിൽ വച്ച് ബൈക്ക് ഇടിച്ചാണ് കുട്ടപ്പൻ മരിച്ചത്. വിവരമറിഞ്ഞ് ഇടുക്കി സ്റ്റേഷനിൽ നിന്ന് പൊലീസ് എത്തിയെങ്കിലും മൃതദേഹത്തിന്റെ ദേഹപരിശോധന നടത്തുകയോ ഇൻക്വസ്റ്റ് തയാറാക്കുകയോ ചെയ്തില്ല. രണ്ടു സ്റ്റേഷനുകളുടെയും അതിർത്തി മനസ്സിലാകാത്തതിനാൽ അപകടം നടന്ന സ്ഥലം കേന്ദ്രഭരണ പ്രദേശമാക്കേണ്ടി വരുമെന്നായിരുന്നു ഇടുക്കി സ്റ്റേഷനിൽ നിന്ന് അപകട സ്ഥലത്തെത്തിയ ഉദ്യോഗസ്ഥന്റെ കമന്റെന്ന് ദൃക്സാക്ഷി പറയുന്നു.

തങ്കമണി സ്റ്റേഷനിൽ അറിയിക്കാൻ ഇടുക്കി സ്റ്റേഷനിലെ എസ്എച്ച്ഒയുടെ ചുമതലയുള്ള എസ്ഐ, കുട്ടപ്പന്റെ ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കൾ സമീപിച്ചപ്പോൾ ഇടുക്കി പൊലീസാണു നടപടിയെടുക്കേണ്ടതെന്നു പറഞ്ഞ് തങ്കമണി പൊലീസും ഒഴിഞ്ഞു. തർക്കം മണിക്കൂറുകളോളം നീണ്ടു. ഒടുവിൽ തിങ്കൾ വൈകിട്ട് 5നു ശേഷമാണ് ഇടുക്കി പൊലീസ് ഇൻക്വസ്റ്റ് നടത്തി റിപ്പോർട്ട് കൊടുത്തത്. സന്ധ്യയായതുമൂലം അന്ന് പോസ്റ്റ്മോർട്ടം നടത്താൻ കഴിഞ്ഞില്ല. ഇന്നലെ രാവിലെ പോസ്റ്റ്മോർട്ടം കഴിഞ്ഞ് ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. സംസ്കാരം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here