കാമുകൻ മരിച്ചത് ബന്ധുക്കളുടെ മർദ്ദനത്തെ തുടർന്ന്; പിന്നാലെ ജീവനൊടുക്കി 19 വയസുകാരി

0

മീററ്റ്: ബന്ധുക്കളുടെ മർദ്ദനത്തെ തുടർന്ന് കാമുകൻ മരിച്ചതിന് പിന്നാലെ ജീവനൊടുക്കി 19 വയസുകാരി. പെൺകുട്ടിയുടെ പിതാവിന്റെയും ബന്ധുക്കളുുടെയും മർദ്ദനമേറ്റ് 20 കാരനായ യുവാവ് ഡെറാഡൂണിലെ ആശുപത്രിയിൽ വച്ച് മരിച്ചു. ഇത് അറിഞ്ഞതിന് പിന്നാലെ ആയിരുന്നു പെൺകുട്ടി ആത്മഹത്യ ചെയ്തത്. യുപിയിലെ സഹരൻപൂർ ജില്ലയിലെ റാംപൂർ മണിഹരൻ മേഖലയിലെ ഇസ്ലാംപൂരിലാണ് സംഭവം.

തന്നു സൈനി എന്ന പെൺകുട്ടിയും സിയ-ഉർ-റഹ്മാൻ എന്ന യുവാവും ബിഎസ്‌സി വിദ്യാർത്ഥികളായിരുന്നു. ഇരു കുടുംബങ്ങളിൽ നിന്നും ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും മരിച്ചയാളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണമാണെന്നാണ് സൂചന. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ വ്യത്യസ്ത വിശ്വാസങ്ങളിൽ പെട്ടവരാണ് മരിച്ചത് എന്നതിനാൽ വർഗീയ സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ കടകളെല്ലാം അടച്ചു. പൊലീസ് സേനയെ വിന്യസിച്ചതായും അന്വേഷണം നടക്കുന്നുണ്ടെന്നും അതിനനുസരിച്ച് നടപടിയെടുക്കുമെന്നും സഹരൻപൂർ എസ്എസ്പി വിപിൻ ടാഡ പറഞ്ഞു.

പെൺകുട്ടിയുടെ വീട്ടുകാർ ചൊവ്വാഴ്ച തന്റെ മകനെ അവരുടെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി എന്ന് സിയയുടെ പിതാവ് അയൂബ് അഹമ്മദ് പറഞ്ഞു. അവർ അവനെ ക്രൂരമായി മർദ്ദിച്ച് വീടിന് പുറത്ത് ഉപേക്ഷിച്ചു. ആരോ തങ്ങളെ അറിയിച്ചതിനെത്തുടർന്ന് സംഭവസ്ഥലത്ത് എത്തിയപ്പോൾ അവൻ നിലത്തു കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ അവനെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് ഡെറാഡൂണിലെ ഒരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെ വച്ചാണ് സിയ മരിച്ചതെന്ന് അയൂബ് പറഞ്ഞു. പലചരക്ക് കട നടത്തുകയാണ് മരിച്ച സിയയുടെ പിതാവ് അയൂബ് അഹമ്മദ്. സംഭവം ദാരുണമാണെന്നും നിക്ഷ്പക്ഷമായ അന്വേഷണം വേണമെന്നും സിയയുടെ അയൽവാസിയായ പ്രവീൺ സൈനി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here