ഈഫല്‍ ടവറിന് മുന്നില്‍ ഹൃദയം കൈമാറി; ഒടുവിൽ ഭാവി വരന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ഹൻസിക

0

ഉത്തരേന്ത്യയിൽ നിന്നും തെന്നിന്ത്യൻ സിനിമകളിലേക്കെത്തി ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹൻസിക. കഴിഞ്ഞ കുറച്ച് നാളുകളായി താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള വാർത്തകളായിരുന്നു പുറത്ത് വന്നിരുന്നത്. എന്നാൽ താരം ഇതുവരെ വാര്‍ത്തകളോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ ഹന്‍സിക തന്നെ തന്റെയും പ്രതിശ്രുത വരന്റെയും ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലാണ് ഈഫല്‍ ടവറിന് മുന്നില്‍ നിന്നുകൊണ്ട് ഹൃദയം കൈമാറുന്ന മനോഹര ചിത്രങ്ങള്‍ പങ്കുവച്ചത്.

സംരംഭകനായ സോഹേല്‍ ഖാട്ടൂരിയാണ് ഹന്‍സികയുടെ വരന്‍. സോഹേല്‍ ഹന്‍സികയോട് വിവാഹ അഭ്യര്‍ത്ഥ നടത്തുന്ന മനോഹര ദൃശ്യങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. പ്രണയ നഗരമെന്നറിയപ്പെടുന്ന പാരീസില്‍ വച്ചുള്ള ഇരുവരുടെയും ചിത്രങ്ങള്‍ സിനിമാ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.

ഇരുവരും ഒരുമിച്ച് ബിസിന്സ് ചെയ്യുന്നവരാണ്. 2020 ലാണ് ഇരുവരും ഒരുമിച്ച് ബിസിനസ് ചെയ്തത്. പരസ്പരം അടുത്തറിഞ്ഞപ്പോൾ ഒരേ ചിന്താ​ഗതിയുള്ളവരാണെന്ന് തിരിച്ചറിയുകയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയും ആയിരുന്നത്രെ. സിനിമയിൽ നിന്ന് മാറി നിന്ന സമയത്താണ് പ്രണയം ഉടലെടുത്തതെന്നാണ് വിവരം.

ജയ്പൂരിൽ വെച്ച് ഡിസംബർ രണ്ട് മുതൽ നാലാം തിയതി വരെയാണ് വിവാഹ ആഘോഷമെന്നാണ് വിവരം. ഇതിന്റെ ഒരുക്കങ്ങൾ നടന്ന് വരികയാണ്. നവംബറിൽ ഹൻസിക വിവാഹക്കാര്യം ഔദ്യോ​ഗികമായി അറിയിക്കുമെന്നാണ് വിവരം.

2011 നും 2015 നും ഇടയിലാണ് ഹൻസിക തെന്നിന്ത്യയിലെ തിരക്കുള്ള നായിക നടി ആയി തിളങ്ങിയത്. മാപ്പിളെെ എങ്കെയും കാതൽ, വേലായുധം, ഒരു കൽ ഒരു കണ്ണാടി, സിങ്കം തുടങ്ങിയ സിനിമകളിലൂടെ ഹൻസിക പ്രശസ്തിയാർജിച്ചു. തെലുങ്കിലും ഒട്ടനവധി സിനിമകളിൽ ഹൻസിക അഭിനയിച്ചു.

തെന്നിന്ത്യയിൽ ഹൻസികയോടൊപ്പം നിറഞ്ഞു നിന്ന നായിക നടിമാരെല്ലാം വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. കാജൽ അ​ഗർവാൾ വിവാഹം കഴിഞ്ഞ് കുഞ്ഞിന് ജൻമം നൽകി, നയൻതാരയുടെ വിവാഹം ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് നടന്നത്. നടിക്കും ഇരട്ടക്കുട്ടികളും പിറന്നു, ശ്രിയ ശരൺ 2018 ൽ തന്നെ വിവാഹം കഴിച്ചിട്ടുണ്ട്. നടിക്കും ഒരു മകളുണ്ട്.

ഇപ്പോഴിതാ ഹൻസികയും വിവാഹ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുന്നു. ഡിസംബര്‍ രണ്ടിനാകും ഇരുവരുടെയും വിവാഹമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജസ്ഥാനിലായിരിക്കും വിവാഹ ചടങ്ങുകള്‍ നടക്കുക. ഡിസംബര്‍ മൂന്നിന് മെഹന്ദി ചടങ്ങും സംഗീത വിരുന്നും ഉണ്ടാകും.

മുംബൈക്കാരിയായ ഹൻസിക ബോളിവുഡ് കരിയറിന് ശ്രമിച്ചെങ്കിലും ഇവിടെ വലിയ വിജയം ലഭിക്കാഞ്ഞതോടെ നടി തെലുങ്ക്, തമിഴ് സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഹിന്ദി ടെലിവിഷൻ ചാനലുകളിൽ ബാലതാരമായാണ് ഹൻസിക ആദ്യം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഷക ലക ബൂം ബൂം എന്ന കിഡ്സ് ഷോയിൽ ഹൻസിക അവതരിപ്പിച്ച കരുണ എന്ന കഥാപാത്രം അക്കാലത്ത് തരം​ഗമായിരുന്നു.

പിന്നീട് കോയി മിൽ ​ഗയ എന്ന ​ഹൃതിക് റോഷൻ ചിത്രത്തിൽ ബാലതാരമായും ഹൻസിക വേഷമിട്ടു. 2007 ൽ ആപ് കാ സുറൂർ എന്ന ചിത്രത്തിലാണ് ഹൻസിക ആദ്യമായി നായിക ആവുന്നത്. ഇതിനിടെ ആയിരുന്നു തെന്നിന്ത്യൻ‌ സിനിമകളിലേക്കുള്ള ചുവട് വെപ്പ്.

തമിഴിലും തെലുങ്കിലും മിക്ക സൂപ്പർ സ്റ്റാറുകളുടെ ഒപ്പവും ഹൻസിക അഭിനയിച്ചു. എന്നാൽ അഭിനയ പ്രധാന്യമുള്ള വേഷങ്ങളൊന്നും തന്നെ ഹൻസികയ്ക്ക് ലഭിച്ചിരുന്നില്ല. ഇക്കാരണങ്ങളാലാണ് സിനിമകളിൽ നിന്ന് കുറേക്കാലം നടി മാറി നിന്നതെന്നായിരുന്നു വിവരം. അതേസമയം അടുത്തിടെ നടി വീണ്ടും സിനിമകളിലേക്ക് തിരിച്ചെത്തുകയും ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here