പോലീസിലെ ‘പ്രേതം’ ഒഴിഞ്ഞു; ഇനി ഇന്‍ക്വസ്‌റ്റ്

0


പാലക്കാട്‌: പോലീസ്‌ രേഖകളില്‍ “പ്രേതം” എന്ന പരാമര്‍ശം ഇനിയില്ല. പകരം ഇന്‍ക്വസ്‌റ്റ്‌ എന്ന്‌ മാത്രമാകും. സംസ്‌ഥാന ആഭ്യന്തര വകുപ്പ്‌ ഇതു സംബന്ധിച്ച്‌ ഉത്തരവിറക്കി. പോലീസ്‌ രേഖകളില്‍ മൃതശരീരത്തെ “പ്രേത”മെന്നും പോസ്‌റ്റ്‌മോര്‍ട്ടത്തിനു മുമ്പുള്ള മൃതശരീരപരിശോധന “പ്രേതവിചാരണ”യെന്നും മൃതശരീരത്തിന്റെ സുരക്ഷ “പ്രേത ബന്തവസ്‌ ഡ്യൂട്ടി” എന്നുമാണ്‌ അറിയപ്പെട്ടിരുന്നത്‌. പ്രേത വിചാരണയ്‌ക്കു പകരം ഇന്‍ക്വസ്‌റ്റ്‌ എന്ന വാക്ക്‌ മലയാളത്തില്‍ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട്‌ ആഭ്യന്തര വകുപ്പ്‌ അണ്ടര്‍ സെക്രട്ടറി ജി. അജികുമാര്‍ പോലീസ്‌ മേധാവിക്കു നിര്‍ദേശം നല്‍കി.
ആധുനിക കാലഘട്ടത്തിലെ ശാസ്‌ത്രചിന്തയ്‌ക്കും യുക്‌തി വിശ്വാസത്തിനും വിഘാതമായി നില്‍ക്കുന്ന ഒരു പോലീസ്‌ പദമാണ്‌ പ്രേതമെന്നും സമൂഹത്തിലെ അന്ധവിശ്വാസത്തെ സംരക്ഷിക്കുകയാണ്‌ ഈ പദത്തിലൂടെയെന്നുമുള്ള പരാതിയെത്തുടര്‍ന്നാണ്‌ ആഭ്യന്തര, നിയമ വകുപ്പുകള്‍ ചേര്‍ന്ന്‌ പദം നീക്കം ചെയ്യാന്‍ തീരുമാനിച്ചത്‌. പൊതുപ്രവര്‍ത്തകനായ ബോബന്‍ മാട്ടുമന്തയാണ്‌ ഇതുസംബന്ധിച്ച പരാതി സര്‍ക്കാറിന്റെ ശ്രദ്ധയിലെത്തിച്ചത്‌.
” കൊളോണിയല്‍ കാലഘട്ടം അന്ധവിശ്വാസങ്ങളുടെ കാലഘട്ടമാണ്‌. തൂങ്ങിയോ, മുങ്ങിയോ, വിഷം കഴിച്ചോ, അപകടത്തില്‍പെട്ടോ മരണപ്പെടുമ്പോള്‍ അതു ദുര്‍മരണമാവുകയും ആത്മാവ്‌ ശാന്തി ലഭിക്കാതെ പ്രേതമായി അലഞ്ഞു തിരിയുമെന്നുമാണ്‌ വിശ്വാസം. ആ വിശ്വാസത്തില്‍ അധിഷ്‌ഠിതമാണ്‌ പ്രേതം എന്ന പദത്തിന്റെ പിറവി. മൃതശരീരത്തെ ആദരവോടെ സമീപിക്കുകയെന്നതാണു കേരളത്തിന്റെയും രാജ്യത്തിന്റെയും സംസ്‌കാരം.
മൃതശരീരം, ഭൗതിക ശരീരം എന്നീ വാക്കുകളിലൂടെയാണ്‌ മരിച്ച വ്യക്‌തിയുടെ ശരീരത്തെ പത്രമാധ്യമങ്ങളും ജനപ്രതിനിധികളും സര്‍ക്കാറും വിശേഷിപ്പിക്കുന്നത്‌. എന്നാല്‍ പ്രേതമെന്നാണ്‌ ജീവന്‍ നഷ്‌ടപ്പെടുന്ന ശരീരത്തെ പോലീസ്‌ വിശേഷിപ്പിക്കാറുള്ളത്‌.”-പരാതിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here