14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ പുറത്താക്കാനുള്ള ബിൽ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഡിസംബർ അഞ്ചിനുതന്നെ പരിഗണിച്ചേക്കും

0

സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ പുറത്താക്കാനുള്ള ബിൽ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഡിസംബർ അഞ്ചിനുതന്നെ പരിഗണിച്ചേക്കും. ഒറ്റ ബിൽ ആയാകും അവതരിപ്പിക്കുക; 9 സർവകലാശാലകളുടെ ബിൽ ഇംഗ്ലിഷിലും 5 സർവകലാശാലകളുടേതു മലയാളത്തിലുമായിരിക്കും. നിയമസഭയുടെ ആദ്യ ദിവസത്തെ കാര്യപരിപാടി സ്പീക്കറാണ് തീരുമാനിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിലേത് കാര്യോപദേശക സമിതിയും.

അതേസമയം കേന്ദ്ര, സംസ്ഥാന ഉടമസ്ഥതയിലുള്ള സർവകലാശാലകളുടെ ചാൻസലർ സ്ഥാനം രാഷ്ട്രപതിക്കും ഗവർണർക്കും ആയിരിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി യുജിസി നിയമഭേദഗതി കൊണ്ടുവരുന്നത് കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാകുന്ന ഇത്തരമൊരു ഭേദഗതി പ്രാബല്യത്തിലായാൽ ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു പുറത്താക്കുന്ന ബിൽ അപ്രസക്തമാകും.

നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിലെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ നീക്കിയതായി പ്രചാരണമുണ്ടെങ്കിലും ഇപ്പോഴും അവിടത്തെ ഭൂരിപക്ഷം സർവകലാശാലകളുടെയും വെബ്സൈറ്റിൽ ചാൻസലർ സ്ഥാനത്തു ഗവർണർ തന്നെയാണ്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശപ്രകാരം രാജ്ഭവൻ ഇക്കാര്യം പരിശോധിച്ചിരുന്നു.

ഇരുപതോളം സർവകലാശാലകളുടെ വെബ്സൈറ്റിൽ ഗുജറാത്ത് ഗവർണറുടെ പേരാണെന്നു കണ്ടെത്തി. അവിടത്തെ മറ്റേതെങ്കിലും സർവകലാശാലയുടെ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ പുറത്താക്കിയിരുന്നോയെന്നും പരിശോധിക്കുന്നു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ വൈകിട്ടു ഡൽഹിക്കു പോയി. ഗോവ സന്ദർശിച്ച ശേഷം 28നു കോഴിക്കോട്ടെത്തും. ഫിഷറീസ് സർവകലാശാല (കുഫോസ്) വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല മറ്റാർക്കെങ്കിലും നൽകാൻ സുപ്രീം കോടതി അനുമതി നൽകിയെങ്കിലും ഗവർണർ തീരുമാനം എടുത്തിട്ടില്ല. സീനിയർ പ്രഫസർമാരുടെ പട്ടിക അദ്ദേഹത്തിന്റെ പരിഗണനയിലുണ്ട്. ഗവർണർ ഡൽഹിക്കു പോയ സാഹചര്യത്തിൽ ഇതു സംബന്ധിച്ച ഫയൽ ഇ മെയിലായി കൈമാറും. ഇന്നോ നാളെയോ തീരുമാനം ഉണ്ടായേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here