തലശ്ശേരി ഇരട്ടക്കൊലപാതകം; മുഖ്യപ്രതി പാറായി ബാബു പിടിയില്‍

0


തലശ്ശേരി: തലശ്ശേരിയില്‍ ലഹരി മാഫിയ നടത്തിയ കൊലപാതകത്തില്‍ ഒളിവിലായിരുന്ന മുഖ്യ പ്രതി പാറായി ബാബു പിടിയില്‍. തലശ്ശേരി എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം ഇരിട്ടിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്നു പേരെയും പ്രതികള്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തിൽ നേരത്തേ കൊലപാതകത്തില്‍ പങ്കുള്ള തലശേരി സ്വദേശികളായ ജാക്സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബാബുവും ജാക്‌സണുമാണ് തന്നെ കുത്തിയതെന്ന് മരിച്ച ഖാലിദ് മരണമൊഴി നല്‍കിയിരുന്നു. ലഹരി വില്‍പന തടഞ്ഞതിനെ വിരോധം കൊണ്ടാണ് സംഘം ഇരുവരെയും ആക്രമിച്ച് കൊന്നതെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെയാണ് ലഹരി മാഫിയയെ ചോദ്യംചെയ്‌ത നെട്ടൂര്‍ ഇല്ലിക്കുന്ന്‌ ത്രിവര്‍ണ ഹൗസില്‍ കെ. ഖാലിദ്‌(52), സഹോദരീ ഭര്‍ത്താവും സി.പി.എം. നെട്ടൂര്‍ ബ്രാഞ്ച്‌ അംഗവുമായ ത്രിവര്‍ണ ഹൗസില്‍ പൂവനാഴി ഷമീര്‍(40) എന്നിവര്‍ കൊല്ലപ്പെട്ടത്‌. വൈകിട്ട്‌ തലശേരി സഹകരണ ആശുപത്രിക്കടുത്താണ്‌ സംഭവം.

ലഹരി വില്‍പന ചോദ്യംചെയ്‌ത ഷമീറിന്റെ മകന്‍ ഷബീലി(20)നെ ഇന്നലെ ഉച്ചയ്‌ക്കു നെട്ടൂര്‍ ചിറക്കക്കാവിനടുത്ത ജാക്‌സണ്‍ മര്‍ദിച്ചിരുന്നു. ഷബീലിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ്‌ അനുരഞ്‌ജനത്തിനെന്ന വ്യാജേനയാണ്‌ ലഹരി മാഫിയ ഖാലിദ്‌ അടക്കമുള്ളവരെ റോഡിലേക്കു വിളിച്ചത്‌. അനുരഞ്‌ജന സംഭാഷണത്തിനിടെ അക്രമികള്‍ കത്തിയെടുത്തു ഖാലിദിന്റെ കഴുത്തില്‍ വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഷമീറിന്റെ പുറത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും കുത്തേറ്റു. അതീവ ഗുരുതരാവസ്‌ഥയില്‍ ഷമീറിനെ കോഴിക്കോട്‌ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖാലിദ്‌ സംഭവസ്‌ഥലത്തുവച്ചുതന്നെ മരിച്ചു.

Leave a Reply