പൊലീസ് സീൽ ചെയ്ത ഗ്രീഷ്മയുടെ വീടിനുള്ളിൽ ആരോ കയറി; പിന്നിൽ മോഷണശ്രമമോ അതോ തെളിവ് നശിപ്പിക്കലോ ?

0

തിരുവനന്തപുരം: കാമുകനെ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയുടെ വീട് ആരോ തുറന്നു. കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരുമായി തെളിവെടുപ്പു നടത്തിയ ശേഷം പൊലീസ് സീൽ ചെയ്ത വീടാണ് തുറന്നത്. തമിഴ്നാട്ടിലെ രാമവർമൻചിറയിലുള്ള വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് അ‍ജ്ഞാതൻ ഉള്ളിൽ കടന്നത്. ഗ്രീഷ്മയുമായി തെളിവെടുപ്പു നടത്താനിരിക്കെയാണ് വീടിന്റെ പൂട്ടു പൊളിച്ച നിലയിൽ കണ്ടെത്തിയത്. കേരള പൊലീസും തമിഴ്നാട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

മോഷണശ്രമമാണോ തെളിവു നശിപ്പിക്കാൻ ശ്രമിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മയുടെ സഹോദരന്‍ നിർമൽ കുമാറിനെയും വീട്ടിനു പുറകുവശത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും പൊലീസ് സംഘം വീടിനുള്ളിൽ പ്രവേശിച്ചിരുന്നില്ല. വീടിനുള്ളിൽ ഉണ്ടായിരുന്ന സാധനങ്ങളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നില്ല. നാളെ ഗ്രീഷ്മയെയും അമ്മയെയും അമ്മയുടെ സഹോദരനെയും വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് അജ്ഞാതൻ വീട്ടിനുള്ളിൽ കടന്നത്.

എന്തെല്ലാം സാധനങ്ങൾ നഷ്ടപ്പെട്ടെന്നു പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. വീടിനു കാവൽ ഏർപ്പെടുത്താത്തത് പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണെന്ന് ആരോപണം ഉയർന്നു. തെളിവുകൾ നഷ്ടപ്പെട്ടാൽ കേസിൽ തിരിച്ചടിയുണ്ടാകും.

ഷാരോണിന്റെ മരണത്തിൽ ഗ്രീഷ്മയുടെ പങ്ക് തെളി‍ഞ്ഞതിനു പിന്നാലെ കഴിഞ്ഞ ദിവസം രാത്രി വീടിനു നേർക്ക് കല്ലേറുണ്ടായിയിരുന്നു. ഞായർ രാത്രി രണ്ടു മണിയോടെ ആണ് അക്രമം നടന്നത്. കല്ലേറിൽ മുൻവശത്തെ ഏതാനും ജനൽ ചില്ലുകൾ തകർന്നു. ഗ്രീഷ്മയെയും മാതാപിതാക്കളേയും ചോദ്യം ചെയ്യലിനു വിളിച്ചതിനാൽ അന്ന് വീട്ടിൽ ആളുണ്ടായിരുന്നില്ല. ബൈക്കിൽ എത്തിയ രണ്ടു പേരാണ് കല്ലെറിഞ്ഞത്. ശബ്ദം കേട്ട് സമീപവാസികൾ ഉണർന്ന് നോക്കുമ്പോൾ രണ്ട് പേർ കടന്നു പോകുന്നതായി കണ്ടിരുന്നു.

ഷാരോൺ രാജ് കൊലക്കേസിൽ ഗ്രീഷ്മയെയും അമ്മയെയും എസ്പി ഓഫിസിൽ ചോദ്യം ചെയ്യുകയാണ്. ഏഴു ദിവസത്തേക്കാണ് ഗ്രീഷ്മയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. മാതാവ് സിന്ധുവിനെയും അമ്മാവൻ നിർമൽ കുമാറിനെയും അഞ്ചു ദിവസത്തേക്കാണ് കസ്റ്റഡിയിൽ നൽകിയിരിക്കുന്നത്. ഇന്ന് ഗ്രീഷ്മയെ വെട്ടുകാട് പള്ളി പരിസരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. കഴിഞ്ഞ മാസം 14നാണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്കു വിളിച്ചു വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽ‌കിയത്. കഷായം കുടിച്ച് അവശനായ ഷാരോൺ 25ന് മരിച്ചു. പ്രണയബന്ധത്തിൽനിന്ന് പിൻമാറാൻ ഷാരോൺ തയാറാകാത്തതിനെ തുടർന്നാണ് ഗ്രീഷ്മ വിഷം നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here