ഭര്‍ത്താവും കുട്ടികളുമൊത്ത് താമസിക്കവെ ആറന്മുളയില്‍ നിന്ന് കാണാതായി; യുവതി കള്ളപ്പേരിൽ താമസിച്ചത് കോട്ടയത്ത് മറ്റൊരു യുവാവിനൊപ്പം; തുമ്പായത് നരബലിക്കേസ്

0

കോട്ടയം: പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍നിന്ന് അഞ്ചുവര്‍ഷത്തിനു മുമ്പ് കാണാതായ യുവതിയെ പൊലീസ് കണ്ടെത്തി. 26കാരിയായ ക്രിസ്റ്റീനാളിനെയാണ് കോട്ടയം കൊടുങ്ങൂരില്‍ നിന്ന് കണ്ടെത്തിയത്. മറ്റൊരു പേരില്‍ ഒരു യുവാവിനോടൊപ്പം താമസിക്കുകയായിരുന്നു യുവതി. ആറന്മുള തെക്കേമലയില്‍ ഭര്‍ത്താവും കുട്ടികളുമൊത്ത് താമസിക്കുന്നതിനിടെയാണ് ഇവരെ കാണാതായത്. അടുത്തിടെ ഇലന്തൂര്‍ നരബലിക്കേസുമായി ബന്ധപ്പെട്ട് ആറന്മുള പൊലീസ് നടത്തിയ പുനരന്വേഷണത്തിലാണ് യുവതിയെ കണ്ടെത്താനായത്.

2017 ജൂലായ് മാസമാണ് ക്രിസ്റ്റീനാളിനെ കാണാതായത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. നരബലി കേസിന് ശേഷം സമീപ പ്രദേശങ്ങളില്‍ നിന്ന് കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഈ അന്വേഷണമാണ് യുവതിയിലേക്ക് എത്തിയത്. നാടുവിട്ട ഇവര്‍ ബെംഗളൂരുവിലേക്കാണ് പോയതെന്നും അവിടെ ഒരു വര്‍ഷം ഹോം നഴ്സായി ജോലി ചെയ്‌തെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പിന്നീടാണ് ഇവര്‍ കോട്ടയത്തേക്ക് എത്തിയത്. ബന്ധുക്കളുമായി യാതൊരു ബന്ധവും പുലര്‍ത്താത്തത് അന്വേഷണത്തിലും തിരിച്ചടിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here