പേരൂർക്കടയിലെ ലൈംഗികാതിക്രമക്കേസ്‌; പ്രതി സന്തോഷ് തന്നെ, നിർണായകമായത് വിരലടയാള പരിശോധന

0

തിരുവനന്തപുരം: ഡിസംബർ മാസത്തിൽ പേരൂർക്കടയിൽ വീട്ടിൽ കയറി പെൺകുട്ടിയെ ആക്രമിച്ചതും മ്യൂസിയം കേസിലെ പ്രതി സന്തോഷ് തന്നെയെന്ന് സ്ഥിരീകരിച്ച് പോലീസ്. വിരലടയാള പരിശോധനയായിരുന്നു കേസിൽ നിർണായകമായത്. ഇതോടെ പേരൂർക്കടയിലും പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത് മന്ത്രിയുടെ പിഎസിന്റെ ഡ്രൈവർ തന്നെയാണെന്ന് വ്യക്തമായി. കഴിഞ്ഞ ദിവസം, മാധ്യമങ്ങളിൽ മ്യൂസിയം കേസിൽ കസ്റ്റഡിയിലുളള സന്തോഷിന്റെ ചിത്രം കണ്ട പരാതിക്കാരി ഇയാളാണ് തന്റെ വീട്ടിലും അതിക്രമിച്ച് കയറിയതെന്ന് സംശയിക്കുന്നതായി പൊലീസിനെ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. നഗരത്തിൽ പഠനാവശ്യത്തിനെത്തിയ പെൺകുട്ടി, താമസിക്കുന്ന സ്ഥലത്താണ് പ്രതി അതിക്രമിച്ച് കയറിയത്. വീട്ടിൽ കയറിയ ഇയാൾ യുവതിയോട് മോശമായി പെരുമാറാൻ ശ്രമിച്ചു. പെൺകുട്ടിയുടെ പരാതിയിൽ ഡിസംബറിൽ പൊലീസ് കേസെടുത്തുവെങ്കിലും പ്രതിയെ പിടികൂടിയിരുന്നില്ല. എന്നാൽ ശാസ്ത്രീയമായ തെളിവുകൾ പൊലീസ് ശേഖരിച്ചിരുന്നു.

ഇതേ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. വിരൾ അടയാള പരിശോധനയിലാണ് പ്രതി സന്തോഷ് തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. മ്യൂസിയത്തിനുള്ളിൽ വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ നടത്തിയ അന്വേഷണമാണ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ, സന്തോഷിലേക്ക് എത്തിയത്. കുറവംകോണത്തെ വീട്ടിൽ അതിക്രമിച്ച് കയറിയതും ഇയാൾ തന്നെയാണെന്ന് തെളിഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here