വിദ്യാര്‍ഥിനീഹോസ്‌റ്റലിലെ നിയന്ത്രണം ആണധികാര വ്യവസ്‌ഥയുടെ ഭാഗം: ഹൈക്കോടതി

0


കൊച്ചി: സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ നിയന്ത്രിക്കുന്നത്‌ ആണധികാര വ്യവസ്‌ഥയുടെ ഭാഗമാണെന്നും പരിഷ്‌കൃത സമൂഹത്തിനു യോജിക്കുന്നതല്ലെന്നും ഹൈക്കോടതി. രാത്രി 9.30 നുശേഷം ഹോസ്‌റ്റലില്‍നിന്നു വിദ്യാര്‍ഥികള്‍ പുറത്തിറങ്ങുന്നതിനു വിലക്ക്‌ ഏര്‍പ്പെടുത്തിയതു ചോദ്യംചെയ്‌തു കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച കേസിലാണ്‌ ജസ്‌റ്റിസ്‌ ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്‌ പ്രകാരമായിരുന്നു ഹോസ്‌റ്റലില്‍ വിലക്ക്‌ ഏര്‍പ്പെടുത്തിയത്‌.
രാത്രി 9.30 എന്ന നിയന്ത്രണത്തിന്റെ കാരണം വ്യക്‌തമാക്കാന്‍ ഹൈക്കോടതി സംസ്‌ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കി. സംസ്‌ഥാന വനിതാ കമ്മിഷനും അഭിപ്രായം അറിയിക്കും. കേസ്‌ കോടതി ഇന്നു പരിഗണിക്കും.
വിദ്യാര്‍ഥികളുടെ ജീവനു മെഡിക്കല്‍ കോളജ്‌ ക്യാമ്പസില്‍ പോലും സംരക്ഷണം കൊടുക്കാന്‍ പറ്റാത്ത അവസ്‌ഥയാണോ സംസ്‌ഥാനത്തെന്നും കോടതി ചോദിച്ചു. “പ്രധാനമന്ത്രിയെ വരെ തെരഞ്ഞെടുക്കാന്‍ പ്രാപ്‌തിയുള്ളവരെയാണോ തടയുന്നത്‌? സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥികള്‍ ക്യാമ്പസിനുള്ളില്‍ പോലും ഇറങ്ങരുെതന്നു സ്‌റ്റേറ്റ്‌ പറയുന്നത്‌ എന്ത്‌ അടിസ്‌ഥാനത്തിലാണ്‌? ഹോസ്‌റ്റല്‍ എന്താ ജയിലാണോ? 9.30 കഴിഞ്ഞാല്‍മാത്രമേ ഇവര്‍ അക്രമിക്കപ്പെടൂ എന്നു തോന്നുന്നുണ്ടോ? അക്രമികളെയാണ്‌ പൂട്ടിയിടേണ്ടത്‌. വിദ്യാര്‍ഥികളെയല്ല. സുരക്ഷയുടെ പേരില്‍ പൂട്ടിയിടുന്നതല്ല പരിഹാരം. വിദ്യാര്‍ഥിനികളുടെ കഴിവിനെ കുറച്ചുകാണരുത്‌. അവര്‍ അവരെ സംരക്ഷിക്കാന്‍ പ്രാപ്‌തരാണ്‌”-കോടതി വ്യക്‌തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here