ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നും നീക്കാൻ ഓർഡിനൻസ്; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

0

തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ സര്‍വകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്നും ഗവർണറെ നീക്കാൻ ഓർഡിനൻസ്. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. എന്നാൽ ഓർഡിനൻസ് നടപ്പാക്കണമെങ്കിൽ ഗവർണർ ഒപ്പിടണം. ചാൻസലർ സ്ഥാനത്തുനിന്നും ഗവർണറെ നീക്കാമെന്ന് സംസ്ഥാന സർക്കാരിന് മുതിർന്ന ഭരണഘടന വിദഗ്ധരില്‍നിന്ന് നിയമോപദേശം കിട്ടിയിരുന്നു. മുൻ അറ്റോർണി ജനറൽ ഉള്‍പ്പെടെയുള്ളവരില്‍നിന്നാണ് സർക്കാരിന് നിയമോപദേശം ലഭിച്ചത്.

ഗവർണർക്ക് പകരം വകുപ്പ് മന്ത്രിമാരെ ചാന്‍സലറായി നിയമിക്കുക എന്നതാണ് നിയമോപദേശത്തിലെ ഒരു ശുപാർശ. അതല്ലെങ്കിൽ സ്ഥിരം സംവിധാനം ഉണ്ടാകുന്നത് വരെ ചാൻസലറുടെ താത്കാലിക ചുമതല വിദ്യാഭ്യാസ വിദഗ്ദ്ധർക്ക് കൈമാറാം. എന്നാൽ, ചാൻസലർമാരാകുന്ന വിദ്യാഭ്യാസ വിദഗ്ദർക്ക് ശമ്പളം ഉൾപ്പടെയുള്ള പ്രതിഫലം നൽകില്ല. അധികസാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാനാണ്‌ ഇത്തരമൊരു നിർദേശമെന്നും നിയമോപദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

പശ്ചിമ ബംഗാളിൽ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സർവകലാശാലകളിൽ മുഖ്യമന്ത്രിയെ ചാൻസലർ ആക്കികൊണ്ടുള്ള ബില്ല് ബംഗാൾ നിയമസഭ പാസാക്കിയിരുന്നു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കി കൊണ്ടാണ് മുഖ്യമന്ത്രിയെ ചാൻസലർ ആക്കിയത്. സമാനമായ രീതിയിൽ കേരളത്തിലും ബില്ല് പാസാക്കുന്നതിനെ സംബന്ധിച്ചാണ്‌ സർക്കാർ നിയമ ഉപദേശം തേടിയിരുന്നത്. എന്നാൽ വിവിധ കേന്ദ്ര നിയമങ്ങളും, ചട്ടങ്ങളും, കോടതി വിധികളും കണക്കിലെടുത്താണ്‌ ഭരണഘടന വിദഗ്ദ്ധർ സർക്കാറിന് രണ്ട് ശുപാർശകൾ അടങ്ങിയ നിയമ ഉപദേശം കൈമാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here