സംസ്ഥാനത്തെ മദ്യ വില വർധനവ് അശാസ്ത്രീയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

0

സംസ്ഥാനത്തെ മദ്യ വില വർധനവ് അശാസ്ത്രീയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മദ്യ വില വർധനവ് മൂലം ഉപഭോഗം കുറയില്ലെന്നും കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പാൽ വില വർധിപ്പിച്ച് കൊണ്ടുള്ള തീരുമാനം സർക്കാരിന് ഇൻസെന്റീവ് നൽകുന്നത് വഴി ഒഴിവാക്കാമായിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.

മദ്യ വില വർധനവ് വരുന്നതോടെ വീട്ട്‌ചെലവിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മാറ്റി വെയ്ക്കപ്പെടുന്ന തുക മദ്യത്തിനായി നൽകേണ്ടി വരുമെന്നും ഇത് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുമെന്നും അദ്ദേഹം കുറിച്ചു. മാരക ലഹരി വസ്തുക്കളുടെ ഉപഭോഗം വർധിപ്പിക്കുന്നതാണ് സർക്കാർ നടപടിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ലഹരി വിരുദ്ധ ക്യാംപെയിനുകൾ സംഘടിപ്പിക്കുന്ന സർക്കാർ തന്നെ മയക്കുമരുന്ന് വ്യാപനത്തിന് വഴിമരുന്നിടുന്നത് ദൗർഭാഗ്യകരമാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

മദ്യവിതരണത്തിലെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനായി ഉത്പാദകർക്കുള്ള ടേൺഓവർ ടാക്‌സ് ഒഴിവാക്കുമ്പോൾ ആ ഇനത്തിൽ സർക്കാരിന് 170 കോടിയുടെ നഷ്ടമാണ് ഉണ്ടാവുക. ഈ നഷ്ടം പരിഹരിക്കാൻ വില്പന നികുതി വർദ്ധിപ്പിക്കും. അതോടെയാണ് വില ഉയരുന്നത്. മദ്യവിതരണത്തിലെ പ്രതിസന്ധിമൂലം പതിനഞ്ചു ദിവസത്തിനുള്ളിൽ 100കോടിയുടെ നഷ്ടമാണ് ബെവ്‌കോയ്ക്ക് ഉണ്ടായത്.

ഡിസ്റ്റിലറികളിൽ നിർമ്മാണം കുറഞ്ഞതോടെ വില്പനശാലകളിൽ ജനപ്രിയ ബ്രാൻഡുകളുടെ ലഭ്യതക്കുറവുണ്ട്. 750 രൂപവരെ വിലവരുന്ന മദ്യമാണ് കിട്ടാത്തത്. ബെവ്‌കോയ്ക്ക് കൂടുതൽ ലാഭമുണ്ടാക്കുന്നത് ഇത്തരത്തിലുള്ള വില കുറഞ്ഞ ബ്രാൻഡുകളുടെ വിൽപ്പനയിലൂടെയാണ്. സ്പിരിറ്റിന്റെ വില കൂടിയതിനാൽ മദ്യവില കൂട്ടണമെന്ന് നേരത്തേ തന്നെ കമ്പനികൾ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഈ ആവശ്യത്തിനോട് അനുകൂല തീരുമാനമുണ്ടാകാത്തതിനാൽ കമ്പനികൾ ഉത്പാദനം നിയന്ത്രിച്ചു. അതോടെ ജനപ്രിയ ബ്രാൻഡുകളുടെ ലഭ്യതയും കുറഞ്ഞു. മദ്യനിർമ്മാണത്തിനുള്ള സ്പിരിറ്റിന്റെ വിലയിൽ മൂന്നുമാസത്തിനിടെ ലിറ്ററിന് പത്തുരൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇപ്പോൾ 74 രൂപയാണ് വില. സ്പിരിറ്റിന്റെ വില കൂടിയതിന് ആനുപാതികമായി വില കൂട്ടണമെന്നായിരുന്നു കമ്പനികളുടെ ആവശ്യം. പല പ്രമുഖ ബ്രാൻഡുകളുടേയും മദ്യം കേരളത്തിലെ ഡിസ്റ്റലറികളിലാണ് ഉത്പാദിപ്പിക്കുന്നത്. ഒരുമാസം ശരാശരി 20 ലക്ഷം കേയ്‌സ് ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് സംസ്ഥാനത്ത് വിൽക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here