അരപ്പട്ടിണിയിലേക്ക്‌ മലയാളികള്‍ , വിലക്കയറ്റം ‘നിന്നു കത്തുന്നു’

0


കൊച്ചി: സമാനതകളില്ലാത്ത വിലക്കയറ്റത്തില്‍ മുറുക്കി ഉടുത്ത മുണ്ടുപോലും അഴിഞ്ഞുപോകുന്ന അവസ്‌ഥയിലേക്ക്‌ സംസ്‌ഥാനം. തീവിലയില്‍ തെല്ലും ശമനമില്ലാതെ തുടരുന്നത്‌ സാധാരണക്കാരുടെ ജീവിതം താറുമാറാക്കി. പലവ്യഞ്‌ജനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും കൂടിയ വിലയില്‍നിന്നു തെല്ലുപോലും കുറഞ്ഞിട്ടില്ല. ഇതര സംസ്‌ഥാനത്ത്‌ തക്കാളിക്കര്‍ഷകരില്‍നിന്ന്‌ കിലോയ്‌ക്ക്‌ മൂന്നു രൂപയ്‌ക്കു വാങ്ങുന്ന തക്കാളി കേരളത്തിലെത്തുമ്പോള്‍ കിലോയ്‌ക്ക്‌ 25 രൂപ. നിലവില്‍ പച്ചക്കറി വിപണിയല്‍ ഏറ്റവും വിലക്കുറവുള്ളതും തക്കാളിതന്നെ. മറ്റെല്ലാ പച്ചക്കറികള്‍ക്കും വില 50 രൂപയ്‌ക്കു മുകളിലായിട്ട്‌ മാസങ്ങള്‍ പിന്നിട്ടു. ഓണത്തിനുശേഷം വില കുറയുന്ന പച്ചക്കറി ഇക്കുറി ആ പതിവു തെറ്റിച്ചു.
വിലക്കുതിപ്പില്‍ ഗാര്‍ഹിക പാചകവാതക വില പൊള്ളിക്കുകയാണ്‌. വാണിജ്യ സിലിണ്ടറിന്‌ 2021 ല്‍ 1473 ആയിരുന്നത്‌ 1900 മായി. ഗാര്‍ഹിക സിലിണ്ടറിന്‌ 2021-ല്‍ 853 രൂപയായിരുന്നത്‌ 1090 രൂപയിലെത്തി. മുമ്പുണ്ടായിരുന്ന സബ്‌സിഡി ഇപ്പോഴില്ലാത്തത്‌ ഇരട്ടിയാഘാതമാണ്‌.
കഴിഞ്ഞ ദിവസം സംസ്‌ഥാന സര്‍ക്കാര്‍ പാലിനും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും വിലകൂട്ടിയതോടെ ഇനി വില കൂടാത്തതായി മറ്റൊന്നുമില്ല. ഡിസംബറോടെ മദ്യവിലയും കൂടും.
മലയാളിയുടെ ഇഷ്‌ടഭക്ഷണമായ അരിക്ക്‌ കഴിഞ്ഞ എട്ടുമാസം മുതല്‍ കൂടിയ വിലയില്‍ ഒട്ടും കുറവുവന്നില്ല. പൊതുവിപണിയില്‍ പ്രധാനപ്പെട്ട എല്ലാ അരിയിനങ്ങള്‍ക്കും കിലോയ്‌ക്ക്‌ 30 രൂപവരെ വിലവര്‍ധിച്ചു. അരി വില പിടിച്ചുനിര്‍ത്താന്‍ ഉല്‍പ്പാദക സംസ്‌ഥാനങ്ങളുമായി സംസ്‌ഥാന സര്‍ക്കാര്‍ നടത്തിയചര്‍ച്ച ഫലംകണ്ടില്ല. ജനുവരിയില്‍ പുതിയവിളവെടുപ്പുണ്ടാകുന്നതുവരെ അരിവില കുറയുകയില്ല.
അരിക്കു പിന്നാലെ ഉള്ളിക്കും സവാളയ്‌ക്കും മല്ലിക്കും വറ്റല്‍ മുളകിനങ്ങള്‍ക്കും മാസങ്ങളായി വില ഉയര്‍ന്നുനില്‍ക്കുകയാണ്‌. സവാള 45 രൂപയാണ്‌ ചില്ലറവില. ഉള്ളിക്ക്‌ 90 കടന്നു. കശ്‌മീരി വറ്റല്‍മുളകിന്‌ കഴിഞ്ഞവര്‍ഷം 260 രൂപയായിരുന്നതിന്‌ ഇപ്പോള്‍ 360 ആയി. സമാന കാലയളവില വറ്റല്‍മുളകിന്‌ 110 നിന്ന്‌ 320 രൂപയുമായി. സപ്ലൈകോയില്‍ സബ്‌സിഡിയായി അരക്കിലോ 44 രൂപയ്‌ക്ക്‌ നല്‍കിയിരുന്ന വറ്റല്‍ മുളകും കിട്ടാനില്ല. സ്‌റ്റോക്കില്ലെന്നാണ്‌ അറിയിപ്പ്‌. ഉഴുന്നിന്‌ കടലയ്‌ക്കും ശരാശരി കിലോ വില 100 രൂപ കടന്നിട്ടുണ്ട്‌. അതിനിടെ കടല്‍മത്സ്യങ്ങള്‍ക്കു മാത്രമാണ്‌ വിലയില്‍ നേരിയ ഇടിവുണ്ടായിട്ടുള്ളത്‌.
ശബരിമല സീസണായതോടെ തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും വില കൂടി. രണ്ടാഴ്‌ചമുമ്പ്‌ തേങ്ങ കിലോയ്‌ക്ക്‌ ചില്ലറ വില 35 രൂപയുണ്ടായിരുന്നത്‌ 40 ലേക്ക്‌ എത്തി. നാടന്‍ തേങ്ങയ്‌ക്ക്‌ 45 രൂപയും നല്‍കണം. വെളിച്ചെണ്ണയ്‌ക്കും കിലോയ്‌ക്ക്‌ 10-15 രൂപവരെ വര്‍ധിച്ചിട്ടുണ്ട്‌.

Leave a Reply