കെസിആറിന്റെ ആരോപണം അടിസ്ഥാനരഹിതം’; തെളിവ് ഹാജരാക്കട്ടെയെന്ന് തുഷാര്‍ വെളളാപ്പളളി

0


തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ആരോപണങ്ങൾ തളളി ബിഡിജെഎസ് അദ്ധ്യക്ഷൻ തുഷാർ‌ വെളളാപ്പളളി. തെലങ്കാനയിലെ ഓപ്പറേഷൻ കമലത്തിന് പിന്നിൽ താനാണെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തുഷാർ വെളളാപ്പളളി പറഞ്ഞു. ടിആർഎസിന്റെ ഒരു എംഎൽഎമാരുമായും ബന്ധപ്പെട്ടിട്ടില്ല. ആരോപണം ഉന്നയിക്കുന്നവർ തന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവിടട്ടെ എന്നും തുഷാർ വെളളാപ്പളളി ആവശ്യപ്പെട്ടു.

കെ ചന്ദ്രശേഖർ റാവു പുറത്തുവിട്ട ദൃശ്യങ്ങളിൽ തന്റെ ബന്ധം തെളിയിക്കുന്ന ഒന്നുമില്ലെന്നും തുഷാർ കൂട്ടിച്ചേർത്തു. അതേസമയം വീഡിയോകൾ കൃത്രിമമായി നിർമ്മിച്ചതാണെന്ന് ബിജെപി ആരോപിച്ചു. ടിആർഎസ് വിലയ്ക്കെടുത്ത അഭിനേതാക്കളാണ് വീഡിയോയിലെ ഏജന്റുമാരെന്ന് കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി പ്രതികരിച്ചു. തുഷാറിനെതിരായ ആരോപണങ്ങൾ തളളുന്നതായും ബിജെപി പറഞ്ഞു.

തെലങ്കാന സർക്കാരിനെ അട്ടിമറിക്കാനുളള ബിജെപിയുടെ ഓപ്പറേഷന്റെ മുഴുവൻ ചുമതല തുഷാർ വെളളാപ്പളളിക്കായിരുന്നുവെന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് ടിആർഎസ്. ഡിജിറ്റൽ തെളിവുകൾ ടിആർ‌എസ് തെലങ്കാന ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സർക്കാരിനെ അട്ടിമറിക്കാൻ തുഷാർ 100 കോടിയാണ് വാഗ്ദാനം ചെയ്തതെന്നും കെസിആർ ആരോപിച്ചു. ഇതിന് തെളിവുകളുണ്ട്.

സർക്കാരിനെ അട്ടിമറിക്കാനുളള നീക്കത്തിലെ പ്രധാന കണ്ണി തുഷാർ വെളളാപ്പളളിയാണ്. നാല് സർക്കാരുകളെ അട്ടിമറിക്കാനായിരുന്നു പദ്ധതി. തെലങ്കാന, ആന്ധ്ര പ്രദേശ്, ഡൽഹി, രാജസ്ഥാൻ സർക്കാരുകളെ വീഴ്ത്താനായിരുന്നു പദ്ധതി. തുഷാർ അമിത് ഷായുടെ നോമിനിയാണ്,’ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ആരോപിച്ചു. കേസിൽ അറസ്റ്റിലായ മൂന്ന് ഏജന്റുമാരും തുഷാറിനെ ബന്ധപ്പെട്ടതിന്റെ ഫോൺവിവരങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here