ഹില്‍ടോപ്പ്‌ ടു സന്നിധാനം: റോപ്‌ വേ നിര്‍മാണ നടപടികള്‍ ത്വരിതഗതിയില്‍

0


ശബരിമല: പമ്പ ഹില്‍ ടോപ്പില്‍ നിന്നു സന്നിധാനത്തേക്ക്‌ സാധനങ്ങള്‍ കൊണ്ടുവരുന്നതിനായുള്ള റോപ്‌ വേ നിര്‍മ്മാണത്തിനുള്ള നടപടികള്‍ ത്വരിതഗതിയില്‍.
പദ്ധതിക്കായി ഉപയോഗപ്പെടുത്തുന്ന വനം വകുപ്പിന്റെ സ്‌ഥലത്തിന്‌ പകരം ഉടുമ്പന്‍ചോലയില്‍ 10 ഏക്കര്‍ ഭൂമി വിട്ട്‌ നല്‌കുന്നതിനുള്ള നടപടി അവസാന ഘട്ടത്തിലാണ്‌. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്‌ ഇടുക്കി കലക്‌ടര്‍ ഉടന്‍ സര്‍ക്കാരിനു സമര്‍പ്പിക്കും. വനം വകുപ്പിന്റെ അനുമതി. കിട്ടിയാല്‍ നിര്‍മ്മാണം ആരംഭിക്കാം. വനം വകുപ്പിന്റെ ഭൂമിയാണ്‌ പ്രധാനമായും പദ്ധതിക്കായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്‌.
റോപ്‌ വേയ്‌ക്കുള്ള സ്‌ഥലം ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്റെ നേതൃത്വത്തില്‍ അളന്ന്‌ തിട്ടപ്പെടുത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും കോടതി അനുമതി ലഭിക്കുകയും ചെയ്‌തതോടെയാണ്‌ ഏറ്റെടുക്കുന്ന വസ്‌തുവിനു പകരം ഭൂമി ലഭ്യമാക്കാനുള്ള നടപടി ആരംഭിച്ചത്‌. എട്ട്‌ വര്‍ഷം മുമ്പാണ്‌ റോപ്‌ വേ നിര്‍മ്മാണത്തിനായുള്ള നടപടികള്‍ ആരംഭിച്ചത്‌.
റോപ്‌ വേ ആരംഭിക്കുന്ന ഹില്‍ടോപ്പിലെ ലോവര്‍ ടെര്‍മിനല്‍ പോയിന്റിലും അവസാനിക്കുന്ന മാളികപ്പുറം ക്ഷേത്രത്തിന്‌ സമീപം പോലീസ്‌ ബാരക്കിന്റെ പുറകിലും വെയര്‍ഹൗസ്‌ ഓഫീസ്‌ ഉണ്ടാകും. വളരെ കുറച്ച്‌ മരങ്ങള്‍ മാത്രം മുറിക്കുന്ന രീതിയിലാണ്‌ റോപ്പ്‌ വേ ക്രമീകരിച്ചിരിക്കുന്നത്‌. ഏഴ്‌ ടവറുകളാണ്‌ ഉണ്ടാകുക. 2.7 കിലോമീറ്റര്‍ ദൂരമാണ്‌ ഉള്ളത്‌. തീര്‍ഥാടനം കഴിഞ്ഞാലുടന്‍ നിര്‍മ്മാണം ആരംഭിക്കാനാകുമെന്നാണ്‌ കരുതുന്നത്‌.
അരി, ശര്‍ക്കര, പൂജാ സാമഗ്രികള്‍, മറ്റ്‌ സാധനങ്ങള്‍ എന്നി എത്തിക്കാന്‍ വേണ്ടിയാണ്‌ ഇത്‌ രൂപകല്‌പന ചെയ്‌തിട്ടുള്ളത്‌. എമര്‍ജന്‍സി ആംബുലന്‍സ്‌ കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ പാസഞ്ചര്‍ റോപ്‌വേയുടെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഇതിനും ബാധകമാണ്‌. റോപ്‌വേ രംഗത്ത്‌ അതികായരായ ഇറ്റലിയിലെ പ്യൂമ, സിറ്റ്‌സര്‍ലന്‍ഡിലെ ഡോപ്പിള്‍ മേയര്‍ എന്നീ കമ്പനികളിലേതെങ്കിലും നിന്നാകും ആവശ്യമായ ക്യാബിനും ആംബുലന്‍സ്‌ കാറും ഇറക്കുമതി ചെയ്യുക.

Leave a Reply