തെളിവെടുപ്പിനിടെ കളിച്ച് ചിരിച്ച് ഗ്രീഷ്മ; കറങ്ങി നടന്ന വഴിയെല്ലാം ഗൈഡിനെ പോലെ ചൂണ്ടിക്കാട്ടുന്ന കൊലക്കേസ് പ്രതിയെ കണ്ട് അന്തംവിട്ട് പോലീസ്; താൻ രക്ഷപ്പെടുമെന്ന് ഗ്രീഷ്മ ഉറച്ചു വിശ്വസിക്കാൻ കാരണമുണ്ട്

0

തിരുവനന്തപുരം: തെളിവെടുപ്പിനിടെ പാറശ്ശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയുടെ അസാധാരണ പെരുമാറ്റം കണ്ട് പൊലീസ് അന്തംവിട്ട വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഷാരോൺ ഗ്രീഷ്മയെ താലികെട്ടിയ വെട്ടുകാട് പള്ളിയിൽ ഇന്നലെ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് ഗ്രീഷ്മ ഏവരേയും ഞെട്ടിക്കുന്ന രീതിയിൽ പെരുമാറിയത്. പൊലീസുകാരോട് കൂസലില്ലാതെ ചിരിച്ചുകളിച്ചാണ് തെളിവെടുപ്പിനിടെ ഗ്രീഷ്മ പങ്കെടുത്തതും. വെട്ടുകാട് പള്ളിയിൽ താലികെട്ടിയ ഇടവും സെൽഫിയെടുത്ത സ്ഥലവുമൊക്കെ ഗ്രീഷ്മ പൊലീസുകാർക്ക് കാണിച്ചുകൊടുത്തു. ഇതിനിടെ കല്യാണം കഴിച്ച് നല്ല ജീവിതം വേണമെന്നായിരിക്കും ഇവിടെ നിന്ന് അവൻ പ്രാർത്ഥിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറയുകയായിരുന്നു. എന്നാൽ അതിനു മറുപടിയായി `പക്ഷേ നേരേ തിരിഞ്ഞാ വന്നത്´ എന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി.

വളരെ സന്തോഷത്തിലാണ് ഗ്രീഷ്മയെ തെളിവെടുപ്പിനിടെ കാണാൻ സാധിച്ചത്. ഷാരോണുമൊത്ത് കറങ്ങിയ സ്ഥലങ്ങളും താലികെട്ടിയ ഇടവും ഗ്രീഷ്മ പൊലീസിന് കാണിച്ച്‌ കൊടുത്തു. താലികെട്ടിന് ശേഷം ബീച്ചിലൂടെ കുറച്ച്‌ നേരം നടന്നുവെന്നും ഗ്രീഷ്മ പറഞ്ഞു. ഇതിനിടെ ഇവിടെ വെച്ച്‌ ഒരു ഐസ്ക്രീം വില്പനക്കാരിയോട് ഗ്രീഷ്മ ക്ഷോഭിക്കുകയും ചെയ്തു. പോലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു ഗ്രീഷ്മ ഇവരോട് കയര്‍ത്തത്. ‘പള്ളിയില്‍ വെച്ച്‌ ഷാരോണ്‍ തൻ്റെ കഴുത്തില്‍ താലികെട്ടി. ശേഷം ബീച്ചിലൂടെ നടന്നു. കുറച്ചു ദൂരം പോയിട്ട് തിരിച്ചുവന്നു. ഭയങ്കര വെയിലായിരുന്നു’ -ഗ്രീഷ്മ ബീച്ച്‌ ചൂണ്ടിക്കാട്ടി കൂസലില്ലാതെ പറഞ്ഞു. അവിടെയുണ്ടായിരുന്ന ഐസ്‌ക്രീം വില്‍പ്പനക്കാരിയായ സ്ത്രീ, താന്‍ ഈ കുട്ടിയെ കണ്ടിട്ടുണ്ടെന്നും അവരുടെ പക്കല്‍നിന്ന് അന്ന് ഐസ്‌ക്രീം വാങ്ങിയിരുന്നുവെന്നും പോലീസിനോടു പറഞ്ഞു. എന്നാല്‍, ഗ്രീഷ്മ ഇവരോട് ക്ഷോഭിക്കുകയാണ് ചെയ്തത്. താന്‍ അവരുടെ കടയില്‍ നിന്ന് ഐസ്ക്രീം വാങ്ങിയിട്ടില്ലെന്നും നുണ പറയുകയാണെന്നുമാണ് ഗ്രീഷ്മ പറഞ്ഞത്.

കുറച്ചെങ്കിലും കുറ്റബോധമില്ലാത്ത ഗ്രീഷ്മയുടെ പെരുമാറ്റവും കൂസലില്ലായ്മയും പോലീസിനെ അന്വേഷണ ഉദ്യോഗസ്ഥരെ അമ്പരപ്പിക്കുന്നുണ്ട്. ഷാരോൺ കൊലക്കേസിൽ താൻ നിയമത്തിന് മുന്നിൽ നിന്നും രക്ഷപ്പെടുമെന്നു തന്നെ ഗ്രീഷ്മ ഉറച്ചു വിശ്വസിക്കുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഇതുസംബന്ധിച്ച് പൊലീസ് അറസ്റ്റു ചെയ്യുന്നതിന് മുൻപ് ആരെങ്കിലും ഗ്രീഷ്മയ്ക്ക് സൂചന കൊടുത്തിരുന്നുവെന്നും പൊലീസ് കരുതുന്നു. കേസിന് ദൃക്സാക്ഷികളില്ലെന്നും അതുകൊണ്ടുതന്നെ മറ്റു തെളിവുകൾ കോടതിയിൽ നിലനിൽക്കില്ലെന്നും ഗ്രീഷ്മ കരുതുന്നുണ്ടെന്നാണ് പൊലീസും കരുതുന്നത്. സാഹചര്യതെളിവുകൾ സെക്കണ്ടറി എവിഡൻസ് മാത്രമാകുമ്പോൾ തനിക്ക് രക്ഷപ്പെടാനാകുമെന്ന് ഗ്രീഷ്മയ്ക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന സൂചനകളാണ് ഇതിലൂടെ പുറത്തു വരുന്നതും.

ഇതിൻ്റെ ഭാഗമായാണ് താൻ ഷരോണിനെ വെ്ടുകാട് പള്ളിയിൽ വച്ച് താലി കെട്ടിയത് എന്തിനാണെന്ന് ഗ്രീഷ്മ വ്യക്തമാക്കിയതും. പലയിടത്തും ഒരുമിച്ചു കറങ്ങിനടക്കുമ്ബോള്‍ കമിതാക്കളാണെന്ന മട്ടിലുള്ള തുറിച്ചുനോട്ടങ്ങള്‍ നേരിടേണ്ടിവരാറുണ്ടായിരുന്നെന്നും അതൊഴിവാക്കാനാണ് എന്നു പറഞ്ഞാണ് ഷാരോണ്‍ തന്നെ താലികെട്ടിയതെന്നാണ് ഗ്രീഷ്മ വാദിക്കുന്നത്. ആദ്യ ഭർത്താവ് മരണപ്പെടുമെന്ന ജ്യോത്സ്യൻ്റെ മുന്നറിയിപ്പാണ് ഷാരോണെ വിവാഹം കഴിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന പൊലീസ് വാദത്തെ ഖണ്ഡിക്കുകയാണ് ഗ്രീഷ്മ ഇതിലൂടെ ചെയ്തിരിക്കുന്നത്. അറസ്റ്റിലാകുന്നതിന് മുൻപ് ഇതുസംബന്ധിച്ച് നിയമവൃത്തങ്ങളിൽ നിന്നും വിശദമായ `ക്ലാസുകൾ´ ഗ്രീഷ്മയ്ക്ക് ലഭിച്ചിരുന്നുവെന്ന സംശയം ഉയരുന്നത് ഈ സാഹചര്യത്തിലാണ്.

എന്നാൽ കേസിൽ ദൃക്സാക്ഷികളില്ലെന്നുള്ളത് പ്രോസിക്യുഷന് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്ന വസ്തുതയാണെങ്കിലും ഈ കുറവിനെ ഫോറൻസിക് തെളിവുകളും സാഹചര്യ തെളിവുകളും ഉപയോഗിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്ക് മറികടക്കാൻ കഴിഞ്ഞാൽ പ്രതിക്ക് ഇന്ത്യൻ നീതിന്യായ വ്യവസ്ഥ കടുത്ത ശിക്ഷ തന്നെയായിരിക്കും വിധിക്കുകയെന്നാണ് പ്രശസ്ത അഭിഭാഷകൻ വിനോദ് മാത്യു വിൽസൺ ചൂണ്ടിക്കാട്ടുന്നത്. ഒരു കുറ്റകൃത്യം നടന്നുകഴിഞ്ഞ് പ്രതിയെ പിടികൂടുമ്പോഴും അതിനുശേഷം തെളിവുകൾ ശേഖരിക്കുന്ന സമയത്തും പ്രതിയെ കൂടുതൽ ശിക്ഷിക്കാൻ പറ്റുന്ന ന്യായീകരണങ്ങൾ നിറഞ്ഞതായിരിക്കും പൊലീസ് ഭാഷ്യം. എന്നാൽ ഈ കേസിൽ ചില ആകുലതകൾ നിലനിൽക്കുന്നുണ്ട്. പ്രതിയുടെ കുറ്റം മറയ്ക്കാനുള്ള കഴിവും നിരപരാധിയാണെന്ന് തെളിയിക്കുവാനുള്ള വ്യഗ്രതയുമൊക്കെ നമ്മൾ കണ്ടതാണ്. അതേസമയം ഈ കേസ് ക്രെെംബ്രാഞ്ച് ഏറ്റെടുത്തത് പ്രതീക്ഷ നൽകുന്നുണ്ട്. തങ്ങൾ അന്വേഷിക്കുന്ന കേസിലെ പ്രതി ഏതെങ്കിലും തരത്തിൽ രക്ഷപ്പെടണമെന്ന് താൽപര്യമുള്ളവരല്ല ക്രെെംബ്രാഞ്ച്. ക്രെെംബ്രാഞ്ച് ഈ കേസിൽ ഫോറൻസിക് തെളിവുകൾ പൂർണ്ണമായും ഉപയോഗിക്കുമെന്നുതന്നെ പ്രതീക്ഷിക്കാം. ഫോറൻസിക് തെളിവുകൾ ഉപയോഗിക്കപ്പെട്ടാൽ ഈ കേസിലെ പ്രതി രക്ഷപ്പെട്ടുപോകാനുള്ള യാതൊരു സാഹചര്യവുമുണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു.

ഉത്ര വധിക്കേസിൽ സൂരജിനെ ശിക്ഷിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ തെളിവുകൾ ഈ കേസിൽ പ്രതിക്ക് എതിരെയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഇത്ര വധക്കേസിൽ പല തെളിവുകൾക്കും അവ്യക്തതയുടെ മുടുപടമുണ്ടായിരുന്നു. എന്നാൽ ഈ കേസിൽ തെളിവുകൾ സജീവമാണ്. കഷായത്തിലൂടെ വിഷം ഉള്ളിൽചെന്നുവെന്ന് പറയുമ്പോൾ പ്രതി പറയുന്നത് `കഷായം കഴിച്ചത് ഇവിടെ നിന്നുമാണ്, എന്നാൽ ഞാൻ ഷാരോണിന് വിഷം ചേർത്ത് നൽകുമോ´ എന്നാണ്. യഥാർത്ഥത്തിൽ കഷായം നൽകിയത് പ്രതിയാണെന്ന് ഇവിടെ അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. അതിനൊപ്പം തന്നെ കഷായം താൻ പ്രതിക്ക് നൽകിയിട്ടില്ലെന്ന ഡോക്ടറുടെയും മറ്റ് ഫോറൻസിക്- ശാസ്ത്രീയ തെളിവുകളും കൂടിയാകുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ എളുപ്പമായി മാറുകയാണ്- വിനോദ് മാത്യൂ പറയുന്നു.

ചുരുക്കത്തിൽ അന്വേഷണം ശരിയായ വഴിക്കാണെങ്കിൽ പ്രതിക്ക് കടുത്ത ശിക്ഷതന്നെ ലഭിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ ഇവിടെ ചിന്തിക്കേണ്ട മറ്റൊരു സംഗതിയുണ്ട്. യഥാർത്ഥത്തിൽ പ്രതിക്ക് ശിക്ഷ ലഭിച്ചാൽ മാത്രം പോരാ. കീഴ് കോടതി ശിക്ഷിക്കപ്പെട്ട പല കേസുകളും മേൽക്കോടതിയിലേക്ക് പോയി ശിക്ഷ ഇളവ് ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മേൽക്കോടതിയിൽ പോയാലും ശിക്ഷ ഇളവ് ചെയ്യാനാകാത്ത വിധം തെളിവുകൾ ശക്തമാക്കുക എന്നുള്ളതാണ് ഏതൊരു കേസിലും പ്രധാനം. ഇവിടെയും ഇത്തരത്തിൽ തെളിവുകൾ ശക്തമാക്കി, പ്രതി മേൽകോടതിയിലേക്ക് പോയാലും ശിക്ഷയ്ക്ക് ഇളവുണ്ടാകാത്ത സാഹചര്യമൊരുക്കുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട സംഗതിയെന്നും അദ്ദേഹം പറഞ്ഞു.

ഷാരോൺ കൊലക്കേസിൽ ദൃക്സാക്ഷികൾ ഇല്ലെങ്കിലും, മരണത്തിനു മുൻപ് ഷാരോൺ മജിസ്ട്രേറ്റിനും അന്വേഷണ ഉദ്യോഗസ്ഥനും നൽകിയ മൊഴിയിൽ കൊലപാതകയെ കുറിച്ച് പറയുന്നില്ലെങ്കിലും സാഹചര്യ തെളിവുകളും ഫോറൻസിക് തെളിവുകളും ശക്തമായാൽ, അത് കൃത്യമായി ബന്ധിപ്പിച്ച് കോടതിയെ ബോധ്യപ്പെടുത്തിയാൽ പ്രതിക്ക് അവരർഹിക്കുന്ന ശിക്ഷ തന്നെ ലഭിക്കുമെന്ന് ഉറപ്പിക്കാമെന്നും വിനോദ് മാത്യൂ വിൽസൺ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here