ഷാരോൺ വധക്കേസിൽ ഗ്രീഷ്മ 7 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ; പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ ഷാരോണിന്റെ പക്കലുണ്ടായിരുന്നു; റാങ്ക് ഹോൾഡറെ ക്രിമിനലാക്കി മാറ്റിയത് ഷാരോണെന്നും പ്രതിഭാഗം

0

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ മുഖ്യപ്രതിയായഗ്രീഷ്മ 7 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ. അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ അംഗീകരിച്ചാണ് നെയ്യാറ്റിൻകര കോടതിയുടെ ഉത്തരവ്. തെളിവെടുപ്പ് നടപടികൾ വിഡിയോയിൽ പകർത്തണമെന്ന കർശന നിർദ്ദേശവും കോടതി അന്വേഷണ സംഘത്തിനു നൽകി. ഇതിന്റെ സിഡി സീൽ ചെയ്ത കവറിൽ കോടതിയിൽ സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ആത്മഹത്യാ ശ്രമം നടത്തി ആശുപത്രിയിൽ അഡ്മിറ്റായിരുന്ന ഗ്രീഷ്മയെ ഇന്നലെയാണ് ഡിസ്ചാർജ് ചെയ്തത്. അതിനു ശേഷം അട്ടക്കുളങ്ങര ജയിലിലായിരുന്നു. കേസിലെ മറ്റു പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമൽ കുമാറിനെയും രാവിലെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

കേസിലെ മുഖ്യപ്രതിയാണ് ഗ്രീഷ്മയെന്നും കൂടുതൽ വിവരങ്ങൾ ചോദിച്ച് അറിയേണ്ടതുള്ളതുകൊണ്ടാണ് ഏഴു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടുന്നതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഇത് അംഗീകരിച്ച കോടതി ഏഴു ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു. അഞ്ച് ദിവസത്തെ കസ്റ്റഡി മതിയെന്ന നിലപാടാണ് പ്രതിഭാഗം കൈക്കൊണ്ടത്.

ഇത് തെറ്റായ കേസ് ആണെന്ന വാദമാണ് പ്രതിഭാഗം ഉയർത്തിയത്. എന്തോ വിഷം കഴിച്ചു എന്നു മാത്രമാണ് ആദ്യത്തെ എഫ്ഐആറിൽ പറയുന്നത്. അത് ആരു കൊടുത്തെന്നോ ഏതു വിഷമാണെന്നോ പറഞ്ഞിട്ടില്ല. ഷാരോണും തന്റെ മരണമൊഴിയിൽ ഗ്രീഷ്മയ്‌ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടും എന്തുകൊണ്ടാണ് റാങ്ക് ഹോൾഡറായ ഒരു പെൺകുട്ടിയെ ഇവിടെ പിടിച്ചുകൊണ്ടു വന്ന് വച്ചിരിക്കുന്നതെന്നും പ്രതിഭാഗം ചോദിച്ചു.

ഷാരോണും സുഹ‍ൃത്തും ഗ്രീഷ്മയുടെ വീട്ടിൽ വന്നു എന്നത് ശരിയാണ്. അന്ന് ഷാരോൺ തന്നെ വിഷം കൊണ്ടുവന്നതായിക്കൂടേയെന്നും പ്രതിഭാഗം ചോദിച്ചു. ഗ്രീഷ്മയെ അപായപ്പെടുത്തുകയായിരുന്നു ഷാരോണിന്റെ ലക്ഷ്യമെന്ന് പറഞ്ഞാൽ അല്ലെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു കഴിയുമോ എന്നും പ്രതിഭാഗം വക്കീൽ ചോദിച്ചു. നിലവിൽ കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ കൈവശം ഒരു തെളിവുപോലുമില്ല. തെളിവ് കണ്ടെത്താനെന്ന പേരിൽ തെളിവുണ്ടാക്കാനാണ് ഏഴു ദിവസത്തെ കസ്റ്റഡി അന്വേഷണ സംഘം ആവശ്യപ്പെടുന്നതെന്നും പ്രതിഭാഗം വാദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here