ഗവർണർക്കെതിരായ നിയമോപദേശത്തിന് മാത്രം സർക്കാർ ചെലവാക്കുന്നത് 45.9 കോടി രൂപ; സർക്കാർ – ​ഗവർണർ പോരിലും കാലിയാകുന്നത് ഖജനാവ് തന്നെ

0

ന്യൂഡൽഹി: സർക്കാർ – ​ഗവർണർ പോരിലും കാലിയാകുന്നത് ഖജനാവ് തന്നെ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ നിയമോപദേശത്തിന് മാത്രം സർക്കാർ ചെലവാക്കുന്നത് 45.9 കോടി രൂപയാണ്. ​ഗവർണർക്കെതിരെ കോടതിയെ സമീപിക്കാൻ നിയമോപദേശം തേടിയതിനാണ് ഇത്രയും തുക നൽകിയത്. നിയമസഭ പാസാക്കിയ ബില്ലുകളിൽ ​ഗവർണർ തുടർ നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിൽ കോടതിയെ സമീപിക്കാനുള്ള നിയമോപദേശമാണ് സംസ്ഥാന സർക്കാർ തേടിയത്.

സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ദ്ധനുമായ ഫാലി എസ് നരിമാനിൽ നിന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ സ്വീകരിക്കേണ്ട നിയമ നടപടികളെ സംബന്ധിച്ച് സർക്കാർ നിയമ ഉപദേശം തേടിയത്. ഫാലി എസ് നരിമാന് മാത്രം ഫീസായി 30 ലക്ഷം രൂപ സർക്കാർ നൽകും. നരിമാന്റെ ജൂനിയർ സുഭാഷ് ചന്ദ്രയ്ക്ക് 9.9 ലക്ഷം രൂപയും, സഫീർ അഹമ്മദിന് നാല് ലക്ഷം രൂപയും ഫീസായി നൽകും. നരിമാന്റെ ക്ലർക്ക് വിനോദ് കെ ആനന്ദിന് മൂന്ന് ലക്ഷം രൂപയാണ് നൽകുക.

ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് സംസ്ഥാന നിയമ വകുപ്പ് പുറത്തിറക്കി. കേരള നിയമസഭ ബില്ലുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമ ഉപദേശം എഴുതി നൽകുന്നതിനാണ് ഫീസ് കൈമാറുന്നത് എന്ന് സംസ്ഥാന നിയമ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അഡ്വക്കേറ്റ് ജനറൽ കെ.ഗോപാല കൃഷ്ണ കുറുപ്പ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ തുക അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കിയത്.

പിണറായി വിജയൻ മുഖ്യമന്ത്രി ആയതിന് ശേഷം ഇത് രണ്ടാം തവണയാണ് ഫാലി എസ് നരിമാനിൽ നിന്ന് നിയമ ഉപദേശം തേടുന്നത്. കിഫ്ബിയും മസാല ബോണ്ടുകളും ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഹൈകോടതിയുടെ പരിഗണനയിൽ ഉള്ള റിട്ട് ഹർജിയിൽ ഒന്നാം പിണറായി സർക്കാർ നരിമാനിൽ നിന്ന് നിയമ ഉപദേശം തേടിയിരുന്നു. തോമസ് ഐസക് ധനകാര്യ മന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് ആണ് അന്ന് അഡ്വക്കേറ്റ് ജനറൽ ആയിരുന്ന സി പി സുധാകര പ്രസാദ് നിയമ ഉപദേശം തേയിടിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here