ബില്ല് അടച്ചിട്ടും ഫ്യൂസ് ഊരി; കെ.എസ്.ഇ.ബി ഓവർസിയറെ ഓഫീസിൽ കയറി തല്ലി; അഞ്ച് പേർ അറസ്റ്റില്‍

0

താമരശ്ശേരി: കെ.എസ്.ഇ.ബി ഓവർസിയറെ ഓഫീസിൽ കയറി തല്ലിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റില്‍. വീട്ടിലെ വൈദ്യുതി വിഛേദിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണം. കെഎസ്ഇബി ജീവനക്കാരനെ തല്ലിയ താമരശ്ശേരി കുടുക്കിലുമ്മാരം കയ്യേലിക്കൽ വിനീഷ് (34), വാഴയിൽ സജീവൻ (40), കയ്യേലിക്കൽ അനീഷ് (37), ചെട്ട്യാൻകണ്ടി ഷരീഫ് (41), കയ്യേലിക്കൽ അനൂപ് (35) എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

താമരശേരി ചുങ്കത്തുള്ള കെ. എസ്. ഇ. ബി ഓഫീസിലെ ഓവർസിയർ പി.കെ. ജയമുവിനെയാണ്‌ സംഘം അക്രമിച്ചത്‌. വ്യാഴാഴ്‌ച്ച വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. അറസ്റ്റിലായ വിനീഷിന്‍റെ വീട്ടില്‍ വൈദ്യുത ബില്ല് അടച്ചതിന് ശേഷവും ഫ്യൂസ് ഊരിയെന്ന് ആരോപിച്ചുണ്ടായ വാക്ക്‌ തർക്കമാണ്‌ അക്രമത്തിൽ കലാശിച്ചത്‌. ഫ്യൂസ് ഊരിയതറിഞ്ഞ് കെഎസ്ഇബി ഓഫീസലെത്തിയ വിനീഷും സംഘം ഉദ്യോഗസ്ഥരോട് തട്ടിക്കയറി.

വാക്കേറ്റം രൂക്ഷമാവുകയും തുടര്‍ന്ന് അക്രമി സംഘം ജയ്‌മുവിനെ മര്‍ദ്ദിക്കുകയുമായിരുന്നു. ജീവനക്കാരെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതികള്‍ കെ. എസ്. ഇ. ബി ഓഫീസിനുള്ളിലെ കസേര അടിച്ച് നശിപ്പിക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് ഓവർസിയര്‍ താമരശ്ശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഓഫീസിൽ കയറി മർദ്ദിച്ചതിനും കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനുമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്താണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here