വിദേശജോലി തട്ടിപ്പ്‌: മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം പ്രതി അറസ്‌റ്റില്‍

0


കുറവിലങ്ങാട്‌: വിദേശജോലി വാഗ്‌ദാനം ചെയ്‌ത്‌ നിരവധി പേരെ കബളിപ്പിച്ച്‌ പണം തട്ടിയ സംഭവത്തിലെ മുഖ്യപ്രതി പിടിയില്‍. തലശേരി തിരുവങ്ങാടി പൗര്‍ണമിയില്‍ അംനാസാണ്‌(35) അറസ്‌റ്റിലായത്‌. വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന്‌ കുറവിലങ്ങാട്‌ പോലീസ്‌ ഇയാളെ പിടികൂടുകയായിരുന്നു. പാലാ കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു.
2019 ല്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളളവരില്‍നിന്ന്‌ അംനാസ്‌ ലക്ഷക്കണക്കിനുരൂപ തട്ടിയെടുത്തിരുന്നു. ജോലി ലഭിക്കാതെ വന്നതോടെ പണം നല്‍കിയവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെ അംനാസ്‌ ഒളിവില്‍ പോയി. തുടര്‍ന്ന്‌ പ്രത്യേക പോലീസ്‌ സംഘം നടത്തിയ അന്വേഷണത്തിലാണ്‌ അംനാസ്‌ പിടിയിലായത്‌. ഇസ്രായേലില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ വിവിധ ജില്ലകളിലുളള പതിനെട്ടോളം ഉദ്യോഗാര്‍ഥികളില്‍നിന്ന്‌ 64 ലക്ഷം രൂപയാണ്‌ ഇയാളും സുഹൃത്തുക്കളും തട്ടിയെടുത്തത്‌. കൂട്ടുപ്രതികളായ വിദ്യ ഇമ്മാനുവല്‍, മുഹമ്മദ്‌ ഒനാസിസ്‌ എന്നിവര്‍ നേരത്തെ അറസ്‌റ്റിലായിരുന്നു. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട്‌ ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്താനായി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ ജില്ലാ പോലീസ്‌ മേധാവി കെ. കാര്‍ത്തിക്‌ എല്ലാ സ്‌റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. അംനാസിനെതിരേ പോലീസ്‌ ലുക്ക്‌ ഔട്ട്‌ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ മറ്റു സംസ്‌ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്നതായി പോലീസ്‌ പറഞ്ഞു. കട്ടപ്പന, ആലുവ, ചവറ തുടങ്ങിയ സ്‌റ്റേഷനുകളിലും ഇയാള്‍ക്കെതിരേ സമാനമായ കേസുകളുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here