മെത്രാന്‍ സമിതിയുമായുള്ള സംഭാഷണം പ്രതീക്ഷാജനകം

0


എറണാകുളം: ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്തിന്റെ ആവശ്യപ്രകാരം സീറോമലബാര്‍ സഭയുടെ സ്ഥിരം സിനഡ് നിശ്ചയിച്ച മെത്രാന്‍ സമിതിയുമായുള്ള ഡയലോഗ് ആശാജനകമാണെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ വൈദിക സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍. ജനാഭിമുഖ കുര്‍ബാനയ്ക്കുവേണ്ടിയും സിനഡ് നിര്‍ണയിച്ച 50-50 ഫോര്‍മുല കുര്‍ബാനയര്‍പ്പണരീതി എത്രയും വേഗം നടപ്പാക്കണമെന്നും പറഞ്ഞ് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ചുബിഷപ് സെന്‍റ് മേരീസ് കത്തീദ്രല്‍ ബസിലിക്കാ വികാരിക്കും മൈനര്‍ സെമിനാരി റെക്ടറിനും നല്കിയ കത്തുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് അതിരൂപതയിലെ വൈദികരും അല്മായരും ആര്‍ച്ചുബിഷപ്സ് ഹൗസില്‍ രാപ്പകല്‍ നടത്തുന്ന നീതിയജ്ഞത്തിന്റെ 5-ാം ദിനമാണ് മെത്രാന്‍ സമിതി വൈദിക-അല്മായ പ്രതിനിധികളെ ചര്‍ച്ചയ്ക്കു വിളിച്ചത്.

ആര്‍ച്ചുബിഷപ് മാത്യു മൂലക്കാട്ട്, ആര്‍ച്ചുബിഷപ് ജോസഫ് പാംപ്ലാനി, ബിഷപ് ജോസ് ചിറ്റൂപറമ്പില്‍ എന്നിവർ അടങ്ങുന്ന മെത്രാൻ സമിതി അതിരൂപതയുടെ വൈദികരുടെയും അല്മായരുടെയും പ്രതിനിധികളായ മോണ്‍ ആന്‍റണി നരികുളം, ഫാ. സെബാസ്റ്റ്യന്‍ തളിയന്‍, ഫാ. കുര്യാക്കോസ് മുണ്ടാടന്‍, ഫാ. വര്‍ഗീസ് പെരുമായന്‍, ശ്രീ പി.പി ജെരാര്‍ദ്, ശ്രീ ഷൈജു ആന്‍റണി, ശ്രീ കെ.എം ജോണ്‍ എന്നിവരുമായ് ചര്‍ച്ച ചെയ്തു.

അതിരൂപത പ്രതിനിധികള്‍ പൂർണ ജനാഭിമുഖ കുര്‍ബാന അതിരൂപതയില്‍ നിയമാനുസൃതമാക്കണം എന്ന ആവശ്യത്തില്‍ ഉറച്ചു നിന്നു. ആര്‍ച്ചുബിഷപ് ആന്‍റണി കരിയിലിന് നീതിയും ഭൂമിയിടപാടു കേസില്‍ വത്തിക്കാന്‍ നിര്‍ദ്ദേശിച്ച നഷ്ടപരിഹാരവും എത്രയും സിനഡ് എത്രയും വേഗം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു. എന്തായാലും ഈ വിഷയങ്ങള്‍ സ്ഥിരം സിനഡിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി 2023 ജനുവരി മാസത്തിന്‍റെ ആരംഭത്തില്‍ കൂടുന്ന സീറോ മലബാര്‍ മെത്രാന്‍ സിനഡിലും അവതരിപ്പിക്കുമെന്നും ഉറപ്പു നല്കി.

സംഭാഷണത്തിലുടനീളം മെത്രാന്‍ സമിതി തുറവിയോടെയാണ് സംസാരിച്ചത്. ജനുവരി സിനഡില്‍ കുര്‍ബാന വിഷയം അവതരിപ്പിച്ച് തീരുമാനിക്കുന്നതു വരെ അതിരൂപതയില്‍ ഇപ്പോള്‍ അര്‍പ്പിക്കുന്ന ജനാഭിമുഖ കുര്‍ബാന തുടരുവാനുള്ള അനുവാദം നല്കുന്ന കാര്യം പരിഗണിക്കാന്‍ സ്ഥിരം സിനഡിനോട് പറയാമെന്ന ഉറപ്പും മെത്രാന്‍ സമിതി നല്കി. ജനാഭിമുഖ കുർബാന നിലനിർത്താനുള്ള പരിശ്രമം സിനഡിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന സൂചന രേഖാമൂലം ലഭിക്കുന്നതുവരെ ആർച്ചുബിഷപ്സ് ഹൗസിൽ നീതിയജ്ഞം തുടരുന്നതാണെന്ന് ഫാ സെബാസ്റ്റ്യൻ തളിയൻ പ്രസ്താവിച്ചു.

Leave a Reply