പെൺകുഞ്ഞ് വേണമെന്ന് ആഗ്രഹം, ജനിച്ചത് ആൺകുഞ്ഞ്; നവജാതശിശുവിനെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു

0

നവജാതശിശുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി യുവതി. കര്‍ണാടകയിലെ മംഗളൂരുവില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവരുന്നത്. സുലിയ താലൂക്കിലെ കൂറ്റ്കുഞ്ഞ ഗ്രാമത്തിലെ ഒരു സ്ത്രീയാണ് 10 ദിവസം മാത്രം പ്രായമുള്ള ആണ്‍ കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്. സ്ത്രീക്ക് ഒരു മകള്‍ വേണമെന്നായിരുന്നു ആഗ്രഹം എന്നാല്‍ മകനാണ് ജനിച്ചത്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 302 (കൊലപാതകം) പ്രകാരം യുവതിക്കെതിരെ ദക്ഷിണ കന്നഡ പോലീസ് കേസെടുത്തു. പ്രതിയായ യുവതിയുടെ ഭാര്യാസഹോദരിയാണ് പരാതി നല്‍കിയതെന്ന് പോലീസ് പറഞ്ഞു. പവിത്ര എന്ന യുവതിയാണ് കൊലപാതകം നടത്തിയത്. ഗര്‍ഭിണിയായപ്പോള്‍ പെണ്‍ കുഞ്ഞിനെയാണ് പവിത്ര ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ജനിച്ചത് ആണ്‍കുഞ്ഞായിരുന്നു. തന്റെ ആഗ്രഹം സഫലമാകാതെ വന്നതിനെ തുടര്‍ന്ന് യുവതി നവജാത ശിശുവിനെ കിണറ്റിലേക്കെറിയുകയായിരുന്നെന്ന് പരാതിയില്‍ പറഞ്ഞിട്ടുളളതായി പോലീസ് പറഞ്ഞു.തുംകുരു ജില്ലയിലെ ഷിറ താലൂക്കിലെ മണികാന്തുമായി ഒരു വര്‍ഷം മുമ്പായിരുന്നു യുവതിയുടെ വിവാഹം. യുവതിയുടെ രണ്ടാം വിവാഹമാണിതെന്നും ബാംഗ്ലൂര്‍ സ്വദേശിയുമായി ആയിരുന്നു ആദ്യ വിവാഹമെന്നും പോലീസ് പറഞ്ഞു.

ഒക്ടോബര്‍ 19ന് മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചാണ് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.പ്രസവശേഷം യുവതി അസ്വസ്ഥയായിരുന്നു. കുഞ്ഞിന് മുലപ്പാല്‍ പോലും യുവതി നല്‍കിയിരുന്നില്ല.ശനിയാഴ്ച വൈകുന്നേരത്തോടെ കുട്ടിയുമായി മുറിയില്‍ നിന്ന് ഇറങ്ങിയ യുവതി ഭാര്യാസഹോദരിയോട് കുട്ടിയെ ഇഷ്ടമല്ലെന്ന് പറഞ്ഞ് വീടിന് മുന്നിലെ കിണറ്റില്‍ തള്ളിയിട്ട് ഓടി രക്ഷപ്പെട്ടതായാണ് പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം യുവതി ഭര്‍ത്താവിനെ വിളിച്ചു. കുട്ടിയെ ഉടന്‍ തന്നെ കിണറ്റില്‍ നിന്ന് പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here