കസ്‌റ്റഡിക്കാലം അടിപൊളി ഗ്രീഷ്‌മ ഹാപ്പി!

0


തിരുവനന്തപുരം: പാറശാല ഷാരോണ്‍ രാജ്‌ കൊലക്കേസില്‍ കസ്‌റ്റഡിയില്‍ തുടരുന്ന ഗ്രീഷ്‌മ പോലീസുകാരെയും ഞെട്ടിക്കുന്നു. പിക്ക്‌നിക്ക്‌ മൂഡില്‍ രാവിലെ തെളിവെടുപ്പിനു പോകുന്ന ഗ്രീഷ്‌മ മടങ്ങിയെത്തുന്നതും അതേ മൂഡില്‍ത്തന്നെ. കസ്‌റ്റഡിയിലുള്ള പ്രതിയാണെന്ന ഭാവമേ ഇല്ല. ചിരിച്ചുകളിച്ചും തമാശകള്‍ പറഞ്ഞും തെളിവെടുപ്പിനിടയില്‍ പോലീസ്‌ വിട്ടുപോകുന്ന കാര്യങ്ങള്‍വരെ അവരെ ഓര്‍മപ്പെടുത്തിയും അഭിനയിച്ചു കാണിച്ചുമൊക്കെ കസ്‌റ്റഡിക്കാലം അടിപൊളിയാക്കുകയാണ്‌ ഗ്രീഷ്‌മ.
വീട്ടിലെ തെളിവെടുപ്പു പൂര്‍ത്തിയായി. ഷാരോണ്‍ രാജുമായി ഗ്രീഷ്‌മ കറങ്ങിയ സ്‌ഥലങ്ങളിലാണ്‌ ഇപ്പോള്‍ തെളിവെടുപ്പ്‌. ഇരുവരും ഫോട്ടോ ഷൂട്ട്‌ നടത്തിയതും വീഡിയോ ചിത്രീകരിച്ചതുമായ സ്‌ഥലങ്ങളില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ യാതൊരു ഭാവവ്യത്യാസവും ഗ്രീഷ്‌മയ്‌ക്ക്‌ ഉണ്ടായില്ല. അന്നു നടന്ന കാര്യങ്ങള്‍ ഗ്രീഷ്‌മ അഭിനയിച്ചു കാണിച്ചുകൊടുത്തു.
വെട്ടുകാട്‌ പള്ളിയില്‍ എത്തിയപ്പോള്‍ ഷാരോണ്‍ രാജിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്‌ വിവാഹം കഴിച്ചതെന്ന്‌ ഗ്രീഷ്‌മ അന്വേഷണ സംഘത്തോട്‌ പറഞ്ഞു. പള്ളിക്കുള്ളില്‍ കയറിയപ്പോള്‍, താലികെട്ടാനായി തങ്ങള്‍ ഇരുന്ന ബെഞ്ച്‌ പോലീസിനു കാണിച്ചുകൊടുത്തു. ഇവിടെവച്ചാണ്‌ ആദ്യം നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയത്‌. വിവാഹസമയം നല്ലൊരു ജീവിതം ഉണ്ടാകണേ എന്നായിരിക്കും ഷാരോണ്‍ പ്രാര്‍ഥിച്ചതെന്ന്‌ ഡിവൈ.എസ്‌.പി: കെ.ജെ. ജോണ്‍സണ്‍ പറഞ്ഞപ്പോള്‍, പക്ഷേ തിരിച്ചായി പോയെന്നായിരുന്നു ഗ്രീഷ്‌മയുടെ പ്രതികരണം.
വിവാഹത്തിനുശേഷം ഇരുവരും ആദ്യം എത്തി വിശ്രമിച്ചത്‌ വേളി ടൂറിസ്‌റ്റ്‌ കേന്ദ്രത്തിലായിരുന്നു. ഷാരോണിന്റെ നിര്‍ബന്ധത്തിനു വഴങ്ങി താലികെട്ടിയ അതേ വേളിയില്‍ വച്ചാണ്‌ ആദ്യമായി കൊലപാതകപദ്ധതി മനസില്‍ വന്നതെന്നും ഗ്രീഷ്‌മ പറഞ്ഞു. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു ചിരിച്ചുകൊണ്ടായിരുന്നു മറുപടി.
അന്വേഷണ സംഘത്തലവന്‍ ഡിവൈ.എസ്‌.പി: കെ.ജെ. ജോണ്‍സനോട്‌ “സാറെ അവിടെ, അവിടെ ബീച്ചിന്റെ അടുത്ത്‌ വച്ചാണ്‌ വീഡിയോ എടുത്തത്‌… ആദ്യം ബീച്ചിന്റെ അവിടെ പോയി… പിന്നെ ആ മരച്ചുവട്ടില്‍ പോയി, കുറച്ചു ദൂരം പോയിട്ട്‌ തിരിച്ചുവന്നു… ദേ അതുവരെ പോയി. എന്നൊക്കെ വിവരിച്ചു നല്‍കി. മുന്‍പ്‌ കണ്ടിട്ടുണ്ടെന്ന്‌ പറഞ്ഞ ഐസ്‌ക്രീം കട ജീവനക്കാരിയോട്‌ ഗ്രീഷ്‌മ ക്ഷോഭിക്കുകയും ചെയ്‌തു. ഈ കുട്ടിയെ കണ്ടിട്ടുണ്ടെന്നും അന്ന്‌ ഐസ്‌ക്രീം വാങ്ങിയിരുന്നുവെന്നും അവര്‍ പറഞ്ഞപ്പോള്‍ അവര്‍ പറയുന്നതു നുണയാണെന്നു പറഞ്ഞ്‌ ഗ്രീഷ്‌മ തട്ടിക്കയറി.
ഷാരോണ്‍ ബൈക്കില്‍ കയറ്റിയാണ്‌ ഇവിടേക്കു കൊണ്ടുവന്നത്‌. ജ്യൂസില്‍ വിഷം ചേര്‍ത്ത്‌ നല്‍കിയപ്പോള്‍ രുചിവ്യത്യാസം മനസിലാക്കി ഷാരോണ്‍ തുപ്പിക്കളഞ്ഞു. കയ്‌പു കാരണം ഷാരോണ്‍ ഛര്‍ദ്ദിച്ചു. പിന്നീട്‌ ഇക്കാര്യം ഷാരോണ്‍ ചോദിച്ചപ്പോള്‍ കാലാവധി കഴിഞ്ഞ ജ്യൂസായിരുന്നു അതെന്ന്‌ താന്‍ പറഞ്ഞു.
ഇന്നു ഗ്രീഷ്‌മയെ തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ എത്തിച്ചു തെളിവെടുക്കും. താലികെട്ടിയതിനെത്തുടര്‍ന്ന്‌ ഷാരോണുമൊത്ത്‌ മൂന്നു ദിവസം തൃപ്പരപ്പ്‌ ശിവലോകം ഡാമിനു സമീപമുള്ള റിസോര്‍ട്ടില്‍ താമസിച്ചെന്നാണ്‌ ഗ്രീഷ്‌മയുടെ മൊഴി. ഇന്നു രാവിലെ ഈ റിസോര്‍ട്ടിലെത്തിച്ചു തെളിവെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here