ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം വ്യക്തിപരമല്ല, നയങ്ങളോടുള്ള എതിര്‍പ്പാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

0

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം വ്യക്തിപരമല്ല, നയങ്ങളോടുള്ള എതിര്‍പ്പാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാനത്ത് അസാധാരണ സാഹചര്യമാണ്. ബി.ജെ.പി ഇതര പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്ലൊം ഈ സാഹചര്യമാണ്. കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണറെ രാഷ്ട്രീയ ആയുധമാക്കുകയാണ്. കേന്ദ്രത്തിനും ആര്‍എസ്എസിനും ഗവര്‍ണര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച യെച്ചൂരി, ഇത് ഇന്ത്യക്ക് വേണ്ടിയുള്ള വലിയ പോരാട്ടമാണെന്നും വ്യക്തമാക്കി. എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു യെച്ചൂരി.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളത്തില്‍ മാത്രമല്ല പ്രശ്‌നങ്ങളുള്ളത്. പശ്ചിമ ബംഗാള്‍, തമിഴ് നാട്, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിലും സമാന പ്രശ്‌നങ്ങളുണ്ട്. കേരളമടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപിയുടെ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണറെ രാഷ്ട്രീയ ഉപകരണമാക്കുകയാണ്. കേന്ദ്രത്തിനൊപ്പം സംസ്ഥാനങ്ങള്‍ക്കും തുല്യ അധികാരമുണ്ടെന്നിരിക്കെയാണ് ഈ കടന്നുകയറ്റമെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

ഗവര്‍ണര്‍ ചാന്‍സിലറായത് സ്വഭാവികമായല്ല. സംസ്ഥാന നിയമങ്ങള്‍ പ്രകാരമാണ് ഗവര്‍ണര്‍ക്ക് ചാന്‍സിലര്‍ പദവികൂടി ലഭിച്ചത്. സംസ്ഥാന നിയമമാണ് പ്രധാനം. നിര്‍ഭാഗ്യവശാല്‍ ചില കോടതി വിധികള്‍ സംസ്ഥാന നിയമങ്ങള്‍ക്ക് എതിരെയുണ്ടായി. യുജിസി മാര്‍ഗ്ഗ നിര്‍ദേശങ്ങളാണ് പ്രധാനമെന്ന് കേന്ദ്രം പറയുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും യെച്ചൂരി പറഞ്ഞു.

ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ ആര്‍.എസ്.എസ് ദുരുപയോഗം ചെയ്യുകയാണ്. വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനാണ് കേരളത്തിന്റെ പോരാട്ടം. അതില്‍ മറ്റ് സംസ്ഥാനങ്ങളും പങ്കുചേരണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

ഡിഎംകെ പ്രതിനിധിയായി തിരുച്ചി ശിവയും എല്‍ഡിഎഫ് വേദിയിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here