തലശ്ശേരിയിൽ കുട്ടിയെ ചവിട്ടി തെറിപ്പിച്ച സംഭവം; ആറ് വയസുകാരനെ ഉപദ്രവിച്ച രണ്ടാമത്തെയാളും പിടിയിൽ

0

കണ്ണൂർ : കാറിൽ ചാരി നിന്നതിനു പിഞ്ചുബാലനെ ചവിട്ടി തെറിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. റ്റൊരാൾ കൂടി കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ടാമത്തെയാളെ പിടികൂടിയത്. വഴിപോക്കനായ ഒരാൾ വന്ന് തലയ്ക്കടിക്കുകയും കാറിനു സമീപത്തു നിന്നും കുട്ടിയെ വലിച്ചിഴക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കുട്ടി കാറിലേക്ക് നോക്കിനിൽക്കുമ്പോഴായിരുന്നു കാൽനടയാത്രക്കാരൻ കുട്ടിയെ ആക്രമിച്ചത്. ഇയാളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. പൊലീസ് കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി.

അതേസമയം, പൊലീസ് കേസെടുത്തില്ലെങ്കിൽ ഇടപെടുമെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചിട്ടുണ്ട്. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ തലശ്ശേരി മണവാട്ടി ജംഗ്ഷനടുത്തായിരുന്നു സംഭവം. കൊടുംവളവിൽ നോ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിലാണ് കുട്ടി ചാരി നിന്നത്. ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങി വന്ന ശിഹ്ഷാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവരെ കുട്ടി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നായിരുന്നു അക്രമത്തെ ചോദ്യം ചെയ്തവരോടുള്ള യുവാവിൻ്റെ ന്യായീകരണം. ദൃശ്യം പുറത്തു വന്നതോടെ ഇത് കളവാണെന്ന് തെളിഞ്ഞു.

കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് തലശ്ശേരി കോടതിയിൽ ഹാജരാക്കിയ ഷിഹ്ഷാദിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പ്രതി നടത്തിയത് നരഹത്യാ ശ്രമമാണെന്നും കുട്ടിയെ ചവിട്ടി വീഴ്ത്തും മുമ്പ് കൈ കൊണ്ട് തലയ്ക്കിടിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കില്‍ മരണം വരെ സംഭവിക്കാമായിരുന്നുവെന്നും പൊലീസ് കോടതിയെ അറിയിച്ചു. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് കേസ് എടുക്കാന്‍ പോലീസ് തയ്യാറായത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ പൊന്ന്യം പാലം സ്വദേശിയായ ഷിഹ്ഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേരളത്തിലെത്തി ഉത്സവങ്ങളിലും മറ്റുമായി ബലൂണ്‍ വിറ്റ് കഴിയുന്ന രാജസ്ഥാനി കുടുംബത്തിലെ ഗണേശ് എന്ന കുട്ടിക്കാണ് ക്രൂര മര്‍ദ്ദനമേറ്റത്. ചവിട്ടേറ്റതിന് പിന്നാലെ കുട്ടി നിര്‍ത്താതെ കരയുകയായിരുന്നു. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന അഭിഭാഷകനാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here