ലോകകപ്പ് ഗ്രൂപ്പ് ജിയിലെ ആവേശപ്പോരിൽ സ്വിറ്റ്സർലാൻഡിനെ വീഴ്‌ത്തി ബ്രസീൽ പ്രീക്വാർട്ടറിൽ

0

ദോഹ: ലോകകപ്പ് ഗ്രൂപ്പ് ജിയിലെ ആവേശപ്പോരിൽ സ്വിറ്റ്സർലാൻഡിനെ വീഴ്‌ത്തി ബ്രസീൽ പ്രീക്വാർട്ടറിൽ. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്രസീലിന്റെ ജയം. 84ാം മിനിറ്റിൽ കാസിമിറോയിലൂടെയാണ് സ്വിറ്റ്‌സർലൻഡിന്റെ പ്രതിരോധക്കോട്ട കാനറികൾ തകർത്തത്. ലഭിച്ച ഒട്ടേറ സുവർണാവസരങ്ങൾ പലതവണ പാഴാക്കിയ മഞ്ഞപ്പട സമനിലയിൽ കുരുങ്ങുമോയെന്ന ആശങ്കകൾ ഉയരവെയാണ് രക്ഷകനായി കാസിമിറോ അവതരിച്ചത്.

ബോക്‌സിന് അകത്തുനിന്ന് കാസെമിറോയുടെ അതിമനോഹരമായ ഷോട്ട് സ്വിസ് പ്രതിരോധ താരത്തിന്റെ ദേഹത്തുതട്ടിയ ശേഷം ഗോളി യാൻ സോമറിനെ കാഴ്ചക്കാരനാക്കിയാണു വലയിലെത്തിയത്. റയൽ മാഡ്രിഡ് താരം റോഡ്രിഗോയുടെ പാസിൽ നിന്നായിരുന്നു ഗോൾ. മാഞ്ചസ്റ്റർ യുനൈറ്റഡ് താരത്തിന്റെ ഹാഫ് വോളി ഗോൾ കീപ്പറേയും മറികടന്ന് വലയിലേക്ക്. കാസെമിറോയുടെ തകർപ്പൻ ഗോളിൽ ലോകകപ്പിലെ രണ്ടാം ജയം സ്വന്തമാക്കി ബ്രസീൽ പ്രീക്വാർട്ടർ ഉറപ്പിച്ചു. ആദ്യ മത്സരത്തിൽ സെർബിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു കീഴടക്കിയ ബ്രസീൽ ജി ഗ്രൂപ്പിൽ ആറു പോയിന്റുമായി ഒന്നാമതാണ്. ആദ്യ മത്സരം ജയിച്ച സ്വിറ്റ്‌സർലൻഡ് മൂന്നുപോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.

ആദ്യ പകുതിയിലെ ഗോൾവരൾച്ചയ്ക്ക് 64ാം മിനുറ്റിൽ വിനീഷ്യസ് ജൂനിയറിലൂടെ ബ്രസീൽ വലചലിപ്പിച്ചെങ്കിലും വാറിൽ കുടുങ്ങി ഓഫ്സൈഡ് വിളിച്ചതോടെ ആരാധകർ നിരാശയിലായി. കാനറികൾ പലതവണ സ്വിസ് ഗോൾ മുഖത്തെ വിറപ്പിച്ചെങ്കിലും ലക്ഷം കണ്ടില്ല. 52ാം മിനുറ്റിൽ ബ്രസീലിയൻ ഗോൾമുഖത്ത് അപകടം വിതച്ചൊരു പന്ത് സ്വിറ്റ്സർലാൻഡ് എത്തിച്ചെങ്കിലും ബ്രസീൽ പ്രതിരോധം തട്ടിമാറ്റി.

Leave a Reply