സ്വകാര്യവീഡിയോ പുറത്തുവിടുമെന്ന് കാമുകന്റെ ഭീഷണി; നാല് കുട്ടികളുടെ അമ്മ ജീവനൊടുക്കി; ഭര്‍ത്താവിന്റെ പരാതിയില്‍ കേസ്

0

ബെംഗളൂരു: സ്വകാര്യ വീഡിയോകള്‍ പ്രചരിപ്പിക്കുമെന്ന് കാമുകന്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യചെയ്തു. ബെംഗളൂരുവില്‍ താമസിക്കുന്ന ചാമുണ്ഡേശ്വരി (35) ആണ് ജീവനൊടുക്കിയത്. ബ്യൂട്ടി പാർലറിൽ ജീവനക്കാരി ആയിരുന്നു ഇവർ. മുൻ കാമുകനായ നെല്ലൂർ സ്വദേശി മല്ലികാർജുന്റെ ഭീഷണിയെ തുടർന്ന് ആണ് ഇവർ ആത്മഹത്യ ചെയ്തത്. മല്ലികാർജുനെതിരെ ചാമുണ്ഡേശ്വരിയുടെ ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.

കോരമംഗലയിലെ ബ്യൂട്ടി പാർലറിൽ ജോലി ചെയ്തിരുന്ന ചാമുണ്ഡേശ്വരി, ഏതാനും മാസങ്ങൾക്കു മുൻപാണ് ആന്ധ്രയിലെ നെല്ലൂരിൽ നിന്നുള്ള മല്ലികാർജുനെ പരിചയപ്പെടുന്നത്. പരിചയം പ്രണയത്തിനു വഴിമാറുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിനിടെ ഇരുവരുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ മല്ലികാർജുൻ, അത് പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി ചാമുണ്ഡേശ്വരിയിൽനിന്ന് പണം ആവശ്യപ്പെടാൻ തുടങ്ങി.

തുടക്കത്തിൽ മല്ലികാർജുൻ ആവശ്യപ്പെട്ട ചെറിയ തുകകൾ ചാമുണ്ഡേശ്വരി നൽകിയെങ്കിലും, പിന്നീട് 2 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി തുടങ്ങി. ചാമുണ്ഡേശ്വരി വിസമ്മതിച്ചതോടെ സ്വകാര്യ ദൃശ്യങ്ങൾ പരസ്യമാക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. നിൽക്കക്കള്ളിയില്ലാതായതോടെ ഇവർ ജീവനൊടുക്കുകയായിരുന്നു.

മരിക്കുന്നതിനു മുൻപ് മല്ലികാർജുന് വാട്സാപ്പിൽ വിഡിയോയും അയച്ച ശേഷമാണ് ചാമുണ്ഡേശ്വരി ജീവനൊടുക്കിയത്. ‘നിങ്ങൾ സന്തോഷമായിരിക്കൂ. പക്ഷേ മറ്റു സ്ത്രീകളെ ഒരിക്കലും ഇതുപോലെ ബുദ്ധിമുട്ടിക്കരുത്’ – വിഡിയോ സന്ദേശത്തിൽ ചാമുണ്ഡേശ്വരി ആവശ്യപ്പെട്ടു.

ചാമുണ്ഡേശ്വരിയുടെ ഭർത്താവ് നൽകിയ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത ബെംഗളൂരു പൊലീസ്, മല്ലികാർജുനായി തിരച്ചിൽ തുടങ്ങി. ചാമുണ്ഡേശ്വരിയുടെ മരണത്തിനു പിന്നാലെ ഒളിവിൽ പോയ ഇയാളെ തിരഞ്ഞ് പൊലീസ് സംഘം നെല്ലൂരിലേക്കും പോയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here