കൈകോർത്ത് ബിജെപിയും സിപിഎമ്മും; വിഴിഞ്ഞത്ത് സിപിഎം-ബിജെപി നേതാക്കൾ ഒരേ വേദിയിൽ; വിഴിഞ്ഞം സമരത്തിനെതിരെ ജനങ്ങള്‍ അണിനിരക്കണമെന്നും ആഹ്വാനം

0

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരക്കാർക്കതിരെ കൈകോർത്ത് ബിജെപിയും സിപിഎമ്മും. തുറമുഖ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിൽ സിപിഎം, ബിജെപി നേതാക്കള്‍ ഒരുമിച്ച് പങ്കെടുത്തു. മാർച്ചിന്റെ സമാപന വേദിയിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ബിജെപി നേതാവ് വിവി രാജേഷുമാണ് വേദി പങ്കിട്ടത്.

വിഴിഞ്ഞം മുല്ലൂരില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ഉച്ചയോടെ സെക്രട്ടറിയേറ്റിന് മുന്നില്‍ എത്തിയപ്പോള്‍ സമാപന യോഗത്തിലാണ് ഇവര്‍ ഒരുമിച്ചെത്തിയത്. സമരത്തിന് എതിരായ നിലപാടാണ് രണ്ടു പാര്‍ട്ടികളും സ്വീകരിച്ചിരിക്കുന്നത്. വിഴിഞ്ഞം സമരത്തിന് എതിരെ ജനങ്ങള്‍ അണിനിരക്കണമെന്ന് ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടു. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് നടത്തുന്ന പദ്ധതിയായതിനാലാണ് ഒരുവേദിയില്‍ എത്തിയത് എന്ന് വിവി രാജേഷ് പറഞ്ഞു. മുല്ലൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് കൗണ്‍സിലറും മാര്‍ച്ചില്‍ പങ്കെടുത്തു.

സമരസമിതിക്കെതിരെ കടുത്ത വിയോജിപ്പാണ് ഭരണപക്ഷത്തിനുള്ളത്. കലാപത്തിനുള്ള ശ്രമമാണെന്നാണ് മന്ത്രിമാരടക്കമുള്ളവരുടെ ആരോപണം. വിഴിഞ്ഞം തുറമുഖത്തിനെതിരായ സമര സമിതിക്ക് ബദലായാണ് തുറമുഖത്തിനനുകൂലമായ പുതിയ സമര സമിതി രൂപപ്പെട്ടിരിക്കുന്നത്. വിഴിഞ്ഞം സമരസമിതിക്കെതിരെയുള്ള സമരത്തെ പിന്തുണയ്ക്കുമെന്ന് സിപിഎം ആനാവൂർ നാഗപ്പൻ പറഞ്ഞു.

അതേസമയം, വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാൻ ഗൂഢാലോചന നടക്കുന്നതായുള്ള ആരോപണങ്ങൾ സമരസമിതി തള്ളിക്കളഞ്ഞു. സമരത്തിന് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടെന്നായിരുന്നു ആരോപണം. നൂറുദിവസം പിന്നിട്ട അതിജീവന സമരത്തെ നിർവീര്യമാക്കാൻ തൽപരകക്ഷികൾ നിഗൂഢ ഇടപെടലുകൾ നടത്തുകയാണെന്ന് വിഴിഞ്ഞം സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിൻ പെരേര ആരോപിച്ചു.

സമരത്തിന്റെ പേരിൽ ആരെങ്കിലും വിദേശ ഫണ്ട് സ്വീകരിച്ചിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തണം. വിദേശ ഫണ്ടുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവർക്ക് സമരവുമായി നേരിട്ട് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമരത്തിന്റെ ഭാഗമായ ഒരു നേതാവിന്റെയും ഭാര്യയുടെയും അക്കൗണ്ടിൽ വിദേശത്തുനിന്ന് 11 കോടി രൂപ എത്തിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. സമരസമിതി നേതാവ് എ.ജെ വിജയന്റെയും ഭാര്യ ഏലിയാമയ്യയുടെയും അഞ്ചുവർഷത്തെ ബാങ്ക് ഇടപാടുകൾ കേന്ദ്ര ഏജൻസികൾ നിരീക്ഷിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here