കേരളത്തിലെ തൊഴിലാളികളെ പിരിച്ചു വിടില്ലെന്ന് ബൈജൂസ്‌; 140 ജീവനക്കാർക്കും തിരുവനന്തപുരത്ത് തന്നെ തുടരാം; തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ

0

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ തൊഴിലാളികളെ പിരിച്ചു വിടില്ലെന്ന് വ്യക്തമാക്കി ബൈജൂസ്‌. സ്ഥാപനത്തിൻ്റെ ചില പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിൻ്റെ ഭാഗമായാണ് തിരുവനന്തപുരത്തെ ഡെവലപ്മെന്റ് സെന്ററിലെ ജീവനക്കാർക്ക് ബാംഗളൂരു ഓഫീസിലേക്ക് മാറാൻ നിർദേശം നൽകിയതെന്നാണ് കമ്പനി പറയുന്നത്. ബൈജുസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം നേരത്തെ മാറ്റാൻ തീരുമാനിച്ച 140 ജീവനക്കാർക്കും തിരുവനന്തപുരത്ത് തന്നെ തുടരാമെന്നും ഉറപ്പ് നൽകി.

‘എന്റെ വേരുകൾ കേരളത്തിലാണ്. ജീവനക്കാരുടെ പ്രശ്നം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു, തിരുവനന്തപുരത്തെ സെന്ററിലൂടെയുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾ യാതൊരു മാറ്റവുമില്ലാതെ തുടരാൻ തീരുമാനമായി, ബൈജു പറഞ്ഞു. കേരളത്തിൽ നിലവിൽ 11 ഓഫീസുകളിലായി 3000 ജീവനക്കാരാണ് ബൈജൂസിനുള്ളത്. സംസ്ഥാനത്തിൻ്റെ വികസനപ്രവർത്തനങ്ങളിൽ തുടർന്നും ബൈജൂസിൻ്റെ മികച്ച സാന്നിധ്യമുണ്ടാകും. ഈ സാമ്പത്തിക വർഷത്തിൽ തന്നെ മൂന്ന് ഓഫീസുകൾ കൂടി കേരളത്തിൽ ആരംഭിക്കും. ഇതോടെ ആകെയുള്ള ഓഫീസുകളുടെ എണ്ണം 14 ആകും. 600 പുതിയ തൊഴിലവസരങ്ങൾ കൂടി ലഭ്യമാകുന്നതോടെ ജീവനക്കാരുടെ എണ്ണം 3600 ആയി ഉയരുമെന്നും ബൈജൂസ് വ്യക്തമാക്കി.

കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് നേരത്തെ ബൈജൂസ് വിശദീകരിച്ചിരുന്നു. സ്ഥാനത്തെ ബൈജൂസ് കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന മൂവായിരത്തോളം ആളുകളില്‍ 140 പേരെ ബങ്കളൂരിലേക്ക് സ്ഥലം മാറ്റുക മാത്രമായിരുന്നു ചെയ്തതെന്നും ബൈജൂസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. സ്ഥലം മാറ്റത്തിന് അസൗകര്യം അറിയിച്ച ജീവനക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പാക്കേജ് നടപ്പാക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here