നിലക്കൽ മഹാദേവ ക്ഷേത്രത്തിൽ അരവണ കണ്ടെയ്നറിന് തകരാർ കണ്ടെതിനെ തുടർന്ന് കമ്പനിക്ക് തിരികെ നൽകി

0

ശബരിമല: നിലക്കൽ മഹാദേവ ക്ഷേത്രത്തിൽ അരവണ കണ്ടെയ്നറിന് തകരാർ കണ്ടെതിനെ തുടർന്ന് കമ്പനിക്ക് തിരികെ നൽകി. കണ്ടെയ്നറിൽ ഫ്ലിപ് ലീഡ് ഘടിപ്പിച്ച ശേഷം ഉണ്ടായ തകരാറിനെ തുടർന്നാണ് കരാർ കമ്പനിക്ക് തിരികെ നൽകിയത്.
കഴിഞ്ഞ ദിവസം യന്ത്രസംവിധാനത്തിൽ അരവണ നിറച്ച് ഫ്ലിപ് ലീഡ് പിടിപ്പിച്ചശേഷമാണ് തകരാർ സംഭവിച്ചത്. ഫ്ലിപ് ലീഡ് പിടിപ്പിച്ച ശേഷമുള്ള തുടർപ്രവർത്തനം നടത്തവെ കണ്ടെയ്നറിന്‍റെ ചുവട് അടർന്ന് പോകുകയായിരുന്നു. ഇതേതുടർന്ന് 40 പെട്ടി കണ്ടെയ്നർ തിരികെ നൽകി. പകരം പുതിയ കണ്ടെയ്നർ അടുത്ത ദിവസം കമ്പനി എത്തിക്കും.

എരുമേലി ക്ഷേത്രത്തിൽ ഉപയോഗിച്ച അരവണ കണ്ടെയ്നറുകൾക്കും ചെറിയ തോതിൽ തകരാർ സംഭവിക്കുന്നതായി പരാതിയുണ്ട്. തകരാർ സംഭവിക്കുന്നവക്ക് പകരം കമ്പനി പുതിയവ നൽകുമെങ്കിലും അരവണ നിറക്കുന്നതിനിടെ തകരാറിലായ കണ്ടെയ്നറിലെ അരവണ നഷ്ടപ്പെടുന്നതുമൂലം ദേവസ്വം ബോർഡിന് വൻ സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നുണ്ട്.

കൂടാതെ കണ്ടെയ്നറിലെ ലീഡ് വീണ്ടും ഉപയോഗിക്കാൻ കഴിയാതെ വരുന്നതും വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന ബോർഡിനെ ഇത്തരം വീഴ്ചകൾ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് എത്തിക്കുന്നത്.

കണ്ടെയ്നറിന് ഗുണമേന്മയില്ലെങ്കിൽ അരവണ വാങ്ങി വിദേശത്തേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കൊണ്ടുപോകുന്നതിനും തപാൽ മാർഗം അയക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടാവും. ദൂരെ യാത്രക്കിടെ കണ്ടെയ്നർ പൊട്ടിയാൽ പ്രസാദം ഉപേക്ഷിക്കുകയേ നിവർത്തിയുള്ളൂ. ശബരിമല കണ്ടെയ്നർ കരാറുകാരാണ് നിലക്കലിലും കണ്ടെയ്നറിന്‍റെ കരാർ എടുത്തിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply