അർജന്റീനക്ക് വീണ്ടും തിരിച്ചടി ; രണ്ട് താരങ്ങൾ കൂടി പരിക്കേറ്റ് 26 അംഗ ടീമിൽ പുറത്ത്

0

ദോഹ: ലോകകപ്പിനൊരുങ്ങുന്ന അർജന്റീനയ്ക്ക് വീണ്ടും തിരിച്ചടി. അർജന്റീനയുടെ നിക്കോളസ് ഗോൺസാലസ്, ജോക്വിൻ കൊറേയ എന്നിവർ ലോകകപ്പ് ടീമിൽ നിന്ന് പുറത്തായി. പരിക്കിൽ നിന്ന് മുക്തരാകാത്തതാണ് ഇരുവരെയും 26 അംഗ ടീമിൽ നിന്ന് ഒഴിവാക്കാൻ കാരണം. ഇന്റർമിലാൻ താരമായ ജോക്വിൻ കൊറേയയക്ക് കാൽമുട്ടിനേറ്റ പരിക്കാണ് വില്ലനായത്.

ഇരുവർക്കും പകരം അത്‌ലറ്റികോ മാഡ്രിഡിന്റെ എയ്ഞ്ചൽ കൊറെയ, തിയാഗോ അൽമാഡ എന്നിവർ അർജന്റീനയുടെ 26 അംഗ ടീമിലെത്തി. മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുന്ന കൗമാര താരം അലൻജാൻഡ്രോ ഗെർണാച്ചോ ടീമിലെത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അറ്റ്ലാന്റ യുണൈറ്റഡിന്റെ പരിചയ സമ്പന്നനായ അറ്റാക്കിങ് മിഡ്ഫീൽഡർ തിയാഗോ അൽമാഡയെ ടീമിൽ ഉൾപ്പെടുത്താൻ പരിശീലകൻ ലിയോണൽ സ്‌കലോണി തീരുമാനിക്കുകയായിരുന്നു.

പ്രീമിയർ ലീഗിൽ ഈ മാസം 13ന് നടന്ന മത്സരത്തിൽ ഫുൽഹാമിമിനെതിരെ യുണൈറ്റഡിന്റെ വിജയഗോൾ നേടിയത് ഗെർണാച്ചോ ആയിരുന്നു. അർജന്റീനയുടെയും യുണൈറ്റഡിന്റെയും ഭാവി സൂപ്പർതാരമായാണ് ഗെർണാച്ചോ വിലയിരുത്തപ്പെടുന്നത്. ഈ സീസണിൽ മാഞ്ചസ്റ്ററിനായി എട്ട് മത്സരങ്ങളിൽ കളിച്ച ഗെർണാച്ചോ മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്.

മേജർ സോക്കർ ലീഗിൽ അറ്റ്ലാന്റ യുണൈറ്റഡിനായി സീസണിൽ മിന്നുന്ന ഫോമിലാണ് 21കാരനായ അൽമാഡ. ഈ സീസണിൽ കളിച്ച 29 മത്സരങ്ങളിൽ കളിച്ച അൽമാഡ ടീമിനായി ആറ് ഗോളുകളും 12 അസിസ്റ്റുകളും നൽകിയിട്ടുണ്ട്. സീസണിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും അൾമാഡക്കായിരുന്നു.

അത്ലറ്റിക്കോ മാഡ്രിഡ് താരമായ 27കാരനായ കൊറേയ സീസണിൽ 21 മത്സരങ്ങളിൽ നാലു ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷ കോപ അമേരിക്ക കിരീടം നേടിയ അർജന്റീന ടീമിലും കൊറേയ കളിച്ചിരുന്നു. ലോകകപ്പിന് മുമ്പ് യുഎഇക്കെതിരെ നടന്ന പരിശീലന മത്സരത്തിനുശേഷം ടീമിൽ ഇനിയും മാറ്റം വരാമെന്ന് അർജന്റീന പരിശീലകൻ ലിയോണൽ സ്‌കലോണി വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here