കളിച്ചുകൊണ്ടിരിക്കെ കടിച്ച മൂർഖനെ തിരിച്ചു കടിച്ച് എട്ടുവയസുകാരൻ; കടിയേറ്റ് പാമ്പ് ചത്തു

0

എട്ടുവയസുകാരനെ കടിച്ച മൂർഖൻ പാമ്പിനെ തിരിച്ച് കടിച്ച് കുട്ടി. ഛത്തീസ്ഗഡിലെ ജാഷ്പൂർ ജില്ലയിലുള്ള വിദൂരഗ്രാമമായ പന്ദർപദ് എന്ന ഗ്രാമത്തിലാണ് അപൂർവ സംഭവം റിപ്പോർട്ട് ചെയ്തത്. റായ്പൂരിൽ നിന്ന് 350 കിലോമീറ്റർ അകലെയാണ് പന്ദർപദ്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടിയെ മൂർഖൻ കടിച്ചത്. കുട്ടിയുടെ കയ്യിൽ ചുറ്റിവരിഞ്ഞതിനു ശേഷമാണ് പാമ്പ് കടിച്ചത്. കുട്ടിയുടെ കടിയേറ്റ് പാമ്പ് ചത്തതായും റിപ്പോർട്ടിൽ പറയുന്നു.

കടിയേറ്റ് ചികിത്സയിലായിരുന്ന കുട്ടി ആരോഗ്യം വീണ്ടെടുത്ത ശേഷമാണ് സംഭവത്തെ കുറിച്ച് വിശദീകരിച്ചത്. മൂർഖൻ ആദ്യം തന്നെയാണ് കടിച്ചതെന്ന് കുട്ടി പറയുന്നു. കയ്യിൽ ചുറ്റിവരിഞ്ഞ ശേഷം കടിക്കുകയായിരുന്നു. പാമ്പിന്റെ കടിയേറ്റതോടെ കടുത്ത വേദനയുണ്ടായെന്നും കൈ കുടഞ്ഞ് പാമ്പിനെ കളയാൻ ശ്രമിച്ച് സാധിച്ചില്ല. ഇതോടെയാണ് പാമ്പിനെ തിരിച്ച് കടിച്ചത്.

രണ്ട് തവണ കുട്ടി പാമ്പിനെ കടിച്ചു. ആഴത്തിൽ കടിയേറ്റ പാമ്പ് പിന്നാലെ ചത്തു. എല്ലാം വളരെ പെട്ടെന്നായിരുന്നു സംഭവിച്ചതെന്ന് കുട്ടി പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കയ്യിൽ ചുറ്റിവരിഞ്ഞ പാമ്പ് തന്നെ ആദ്യം കടിച്ചു. പാമ്പിൽ നിന്നും രക്ഷപ്പെടാൻ കൈ കുടഞ്ഞെങ്കിലും നടന്നില്ല. ഇതോടെ മറ്റൊന്നും ആലോചിക്കാതെ തിരിച്ചു കടിക്കുകയായിരുന്നു.

സംഭവം നടന്ന ഉടൻ തന്നെ മാതാപിതാക്കൾ ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കൃത്യസമയത്ത് ആന്റി-വെനം നൽകിയതു കൊണ്ടാണ് എട്ടുവയസ്സുകാരന്റെ ജീവൻ രക്ഷിക്കാനായതെന്ന് ഡോക്ടർമാർ അറിയിച്ചു. ആശുപത്രിയിൽ ഒരു ദിവസത്തെ നിരീക്ഷണത്തിനു ശേഷം കുട്ടിയെ വീട്ടിലേക്ക് മടക്കി അയച്ചു.

അതേസമയം, മൂർഖന്റെ കടിയേറ്റിട്ടും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് എട്ടുവയസ്സുകാരൻ ഡോക്ടറോട് പറഞ്ഞ്. കുട്ടിയെ ആഴത്തിൽ കടിയേറ്റിട്ടുണ്ടാകില്ലെന്നും അതിനാൽ വിഷം ശരീരത്തിനകത്ത് കയറിയിട്ടുണ്ടാകില്ലെന്നുമാണ് ഡോക്ടർമാർ പറയുന്നത്. ഇത്തരം സന്ദർഭങ്ങളിൽ കടിയേറ്റ ഭാഗത്ത് ചെറിയ ലക്ഷണങ്ങൾ മാത്രമായിരിക്കും ഉണ്ടാകുക. കുട്ടിക്ക് ഗുരുതരമായ ലക്ഷണങ്ങൾ ഇല്ലായിരുന്നതും പെട്ടെന്ന് സുഖം പ്രാപിച്ചതും ഇതുകൊണ്ടാകാമെന്നും വിദഗ്ധർ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here