ഓട്ടിസം ബാധിച്ച കുട്ടി ഭാരമാകും; നാലുവയസ്സുകാരിയെ നാലാം നിലയില്‍നിന്ന് എറിഞ്ഞ് കൊന്ന് അമ്മ; വനിതാ ഡോക്ടർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

0

ബെംഗളൂരു: ഓട്ടിസം ബാധിതയായ നാലുവയസ്സുകാരിയായ മകളെ പാര്‍പ്പിടസമുച്ചയത്തിന്റെ നാലാം നിലയില്‍നിന്ന് എറിഞ്ഞ് കൊലപ്പെടുത്തിയ വനിതാ ദന്ത ഡോക്ടര്‍ക്കെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സംപംഗി രാമനഗറിലെ താമസക്കാരി ഡോ. സുഷമ ഭരദ്വാജി (27) നെതിരെയാണ് ബെംഗളൂരൂവിലെ ഒമ്പതാംനമ്പര്‍ എ.സി.എം. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

കുഞ്ഞിനെ കൊലപ്പെടുത്താന്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നെന്നും കൃത്യം ചെയ്യുമ്പോള്‍ യുവതിക്ക് മറ്റ് മാനസിക പ്രശ്‌നങ്ങളില്ലായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. തന്റെ ഭാവിക്ക് കുട്ടി ഭാരമാകുമെന്ന് ഇവര്‍ കരുതിയിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍.

ഓഗസ്റ്റ് നാലിനാണ് സംപംഗി രാമനഗറിലെ പാര്‍പ്പിട സമുച്ചയത്തില്‍വെച്ച് മകള്‍ ധൃതിയെ സുഷമ ഭരദ്വാജ് കൊലപ്പെടുത്തിയത്. ബ്രിട്ടനിലായിരുന്ന ഇവര്‍ കുട്ടിയുടെ ചികിത്സാച്ചെലവ് കൂടിയതോടെ മാസങ്ങള്‍ക്ക് മുമ്പാണ് ബെംഗളൂരുവിലേക്ക് മടങ്ങിയത്. ഇതിനിടെ വീണ്ടും ബ്രിട്ടനിലേക്ക് മടങ്ങാന്‍ തീരുമാനിച്ചെങ്കിലും കുട്ടിയുടെ ആരോഗ്യസ്ഥിതി തടസ്സമായി. ഇതോടെയായിരുന്നു കൊലപ്പെടുത്താനുള്ള തീരുമാനം.

നേരത്തേ സിറ്റി റെയില്‍വേ സ്റ്റേഷനില്‍നിന്ന് തീവണ്ടിക്ക് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും മറ്റ് യാത്രക്കാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് പരാജയപ്പെട്ടു. പിന്നീട് ഭര്‍ത്താവ് ബാലകൃഷ്ണയും ബന്ധുക്കളും പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നെങ്കിലും ഇവരില്ലാത്ത സമയത്താണ് കുട്ടിയെ ബാല്‍ക്കണിയില്‍നിന്ന് താഴേക്കിട്ട് കൊലപ്പെടുത്തിയത്. സംഭവത്തിന്റെ ദൃക്സാക്ഷിമൊഴിയും സി.സി.ടി.വി. ദൃശ്യങ്ങളുമുള്‍പ്പെടെ പോലീസ് കുറ്റപത്രത്തോടൊപ്പം ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here