പാർട്ടിക്ക് അപകീർത്തിയുണ്ടാക്കുന്ന വിധത്തിൽ പ്രവർത്തിച്ചു; നടി ഗായത്രി രഘുറാമിനെ ബി.ജെ.പി. സസ്പെൻഡ് ചെയ്തു

0

പാർട്ടിക്ക് അപകീർത്തിയുണ്ടാക്കുന്ന വിധത്തിൽ പ്രവർത്തിച്ചെന്നാരോപിച്ച് നടി ഗായത്രി രഘുറാമിനെ പാർട്ടി പദവിയിൽനിന്ന് ബി.ജെ.പി. സസ്പെൻഡ് ചെയ്തു. വിദേശ, ഇതര സംസ്ഥാന തമിഴ് വിഭാഗത്തിന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്നാണ് സസ്പെൻഡ് ചെയ്തത്. ഒ.ബി.സി. വിഭാഗം സംസ്ഥാന പ്രസിഡന്റ് സൂര്യശിവ ന്യൂനപക്ഷ വിഭാഗം നേതാവ് ഡെയ്‌സിയെ അസഭ്യം പറഞ്ഞതിനെതിരെയും പാർട്ടി ബൗദ്ധികവിഭാഗം വൈസ് പ്രസിഡന്റ് സെൽവകുമാറിനെതിരെയും ട്വിറ്ററിലൂടെ പ്രതികരിച്ചതിനെത്തുടർന്നാണ് നടപടി.

തുടർച്ചയായി അച്ചടക്കം ലംഘിക്കുകയും പാർട്ടിക്ക് അപകീർത്തിയുണ്ടാക്കുകയും ചെയ്യുന്നതിനാൽ ഗായത്രിയെ ആറ് മാസത്തേക്ക് പദവിയിൽനിന്ന് സംസ്പെൻഡ് ചെയ്യുന്നെന്നാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയുടെ അറിയിപ്പിൽ പറയുന്നത്. പാർട്ടി പ്രവർത്തകർ ആരും ഗായത്രിയുമായി സമ്പർക്കം പുലർത്തരുതെന്നും നിർദേശിച്ചു.

പാർട്ടിയുടെ തീരുമാനം അംഗീകരിക്കുന്നെന്നും എന്നാൽ, താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഗായത്രി പ്രതികരിച്ചു. ‘‘വിശദീകരണം ചോദിക്കാതെയാണ് നടപടിയെടുത്തത്. പദവിയില്ലെങ്കിലും നാടിനുവേണ്ടിയുള്ള പ്രവർത്തനം തുടരും. സ്നേഹമുള്ള പ്രവർത്തകർ തന്നോട് ഇടപെടും. ആർക്കും അത് തടയാൻ സാധിക്കില്ല’’ -ഗായത്രി പറഞ്ഞു. മൂന്നുമാസം മുമ്പ് പാർട്ടിയിൽ ചേർന്ന സെൽവകുമാറിന് വലിയ പദവി നൽകിയെന്നും തന്നെ ലക്ഷ്യമാക്കി ഇയാളുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഗായത്രി ആരോപിച്ചു.

Leave a Reply