മുഖ്യ ആകർഷണമാകാൻ കെപോപ് സംഘത്തിലെ പ്രധാനി ജങ് കുകിന്റെ സംഗീത വിരുന്ന്; ഇന്ത്യൻ സാന്നിദ്ധ്യമായി ബോളിവുഡ് നടിയും നർത്തകിയുമായ നോറ ഫത്തേഹി; ഇന്ത്യൻ പ്രതിനിധിയായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ചടങ്ങിന്റെ ഭാഗമാകും

0



ദോഹ: ഖത്തറിന്റെ വർഷങ്ങളുടെ കാത്തിരിപ്പിനാണ് മണിക്കൂറുകൾക്കകം വിരാമമാകുന്നത്. തങ്ങളുടെ മണ്ണിലേക്കെത്തിയ ഫുട്‌ബോളിന്റെ വിശ്വപോരാട്ടത്തെ വരവേൽക്കാൻ വർണ്ണാഭമായ ഉദ്ഘാടന ചടങ്ങാണ് ഒരുക്കിയിരിക്കുന്നത്.ഇന്ത്യൻ സമയം രാത്രി 7.30 മുതലാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ആരംഭിക്കുക. ലോകകപ്പിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങിൽ അണിനിരക്കുന്ന സംഗീത ലോകത്തെ പ്രമുഖർ.

ലോകത്താകമാനം ആരാധകവൃന്ദമുള്ള കെപോപ് സംഘത്തിലെ പ്രധാനിയാണ് ജങ് കുക്. 25കാരനായി താരം ലോകകപ്പിന്റെ ആരവമുയരുന്നതിനിടെ ഒരു മാസം മുമ്പ് തന്നെ ദോഹയിലെത്തിയിരുന്നു. ലോകകപ്പിന്റെ ഭാഗമയി തയ്യാറാക്കിയ ഗാനം ഉദ്ഘാടന ചടങ്ങിനു പിന്നാലെ ഓൺലൈൻ വഴിപുറത്തു വിടുകയും ചെയ്യും. ഉദ്ഘാടന ചടങ്ങിൽ ജങ് കുകിന്റെ പരിപാടിയാണ് ശ്രദ്ധേയമായ ഇനം.

ബോളിവുഡ് നടിയും നർത്തകിയുമായ നോറ ഫത്തേഹി, അമേരിക്കൻ സംഗീത ബാൻഡായ ബ്ലാക്ക് ഐഡ് പീസ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ അണിനിരക്കും.കൊളംബിയൻ ഗായകൻ ജെ ബാൽവിനും, നൈജീരിയൻ ഗായകനും ഗാനരചയിതാവുമായ പാട്രിക് എൻനേമക ഒകൊറി, അമേരിക്കൻ റാപ്പർ ലിൽ ബേബി തുടങ്ങിയവരും ഇന്നത്തെ ഉദ്ഘാടന ചടങ്ങിനെ സംഗീതസാന്ദ്രമാക്കാൻ അൽ ബെയ്ത് സ്‌റ്റേഡിയത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അൽ ബെയ്ത് സ്‌റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് വിവിധ രാഷ്ട്ര നായകരാണെത്തുന്നത്. വൈകുന്നേരം അഞ്ച് മുതൽ കലാവിരുന്നുകൾ ആരംഭിക്കും. 5.30നാണ് ഉദ്ഘാടന ചടങ്ങുകൾ. ഒരു മണിക്കൂറിലേറെ പരിപാടികൾ നീണ്ടു നിൽക്കും. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ, ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഹ് എന്നിവർ ദോഹയിലുണ്ട്.

ലോകകപ്പിൽ മത്സരിക്കുന്ന ടീമുകളുടെ രാഷ്ട്ര നേതാക്കൾ, അയൽ രാജ്യങ്ങൾ, അറബ് നേതാക്കൾ, വിവിധ ലോകനേതാക്കൾ എന്നിവരുമെത്തും. ഇന്ത്യൻ പ്രതിനിധിയായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here