മതപരമായ സ്ഥലത്ത് ‘അനുചിതമായ പ്രവൃത്തികൾ’ നടത്തുന്നുവെന്നാരോപിച്ച് ചരിത്ര പ്രസിദ്ധമായ ഡൽഹി ജുമാ മസ്ജിദിന്റെ പരിസരത്ത് പെൺകുട്ടികൾ ഒറ്റയ്ക്കും കൂട്ടമായും പ്രവേശിക്കുന്നതു നിരോധിക്കാനുള്ള തീരുമാനം വിവാദമായതോടെ പിൻവലിച്ചു

0

മതപരമായ സ്ഥലത്ത് ‘അനുചിതമായ പ്രവൃത്തികൾ’ നടത്തുന്നുവെന്നാരോപിച്ച് ചരിത്ര പ്രസിദ്ധമായ ഡൽഹി ജുമാ മസ്ജിദിന്റെ പരിസരത്ത് പെൺകുട്ടികൾ ഒറ്റയ്ക്കും കൂട്ടമായും പ്രവേശിക്കുന്നതു നിരോധിക്കാനുള്ള തീരുമാനം വിവാദമായതോടെ പിൻവലിച്ചു.മസ്ജിദിന്റെ കോമ്പൗണ്ടിനുള്ളിൽ സംഗീതത്തോടുകൂടിയ വിഡിയോകൾ ചിത്രീകരിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയതായാണ് മസ്ജിദ് കമ്മിറ്റി പള്ളിയുടെ കവാടത്തിൽ നോട്ടീസ് പതിച്ചുകൊണ്ട് അറിയിച്ചിരുന്നത്.

പള്ളിയിലെ ഇമാം സയ്യിദ് അഹമ്മദ് ബുഖാരിയാണ് നിരോധനം സംബന്ധിച്ച നോട്ടീസ് പുറത്തിറക്കിയത്.ജമാ മസ്ജിദ് ഒരു ആരാധനാലയമാണ്.ആളുകളെ പ്രാർത്ഥനയ്ക്കായി സ്വാഗതം ചെയ്യുന്ന സ്ഥലം.എന്നാൽ പെൺകുട്ടികൾ ഒറ്റയ്ക്കു വന്ന് അവരുടെ ആൺസുഹൃത്തുക്കൾക്കായി ഇവിടെ കാത്തിരിക്കുകയാണ്.ഇതല്ല ഈ സ്ഥലംകൊണ്ട് അർഥമാക്കുന്നതെന്നും അതുകൊണ്ടാണ് നിയന്ത്രണമേർപ്പെടുത്തിയതെന്നുമായിരുന്നു നോട്ടീസ്.പള്ളിയോ ക്ഷേത്രമോ ഗുരുദ്വാരയോ ആകട്ടെ,അത് ആരാധനാലയമാണെന്നും അവിടെ അതിനുവേണ്ടി വരുന്നതിന് ഒരു നിയന്ത്രണവുമില്ലെന്നുമായിരുന്നു ഇമാമിന്റെ അറിയിപ്പ്.ഈ നിയന്ത്രണമാണ് വിവാദമായതിന് പിന്നാലെ ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.

നിയന്ത്രണത്തിനെതിരെ കടുത്ത വിമർശനമാണ് വിവിധ ഭാഗങ്ങളിൽ നിന്നും ഉയർന്നത്.തീരുമാനത്തെ ഡൽഹി വനിതാ കമ്മിഷൻ ചെയർപഴ്‌സൻ സ്വാതി മലിവാൾ അപലപിച്ചു.”ജമാ മസ്ജിദിനുള്ളിൽ സ്ത്രീകൾക്ക് പ്രവേശനം വിലക്കാനുള്ള തീരുമാനം തെറ്റാണ്. സ്ത്രീകളുടെ പ്രവേശനം നിരോധിക്കാൻ ആർക്കും അവകാശമില്ലെന്നുമാണ് അവർ ട്വീറ്റ് ചെയ്തത്.വിലക്ക് നടപടിക്കെതിരെ വ്യാപക വിമർശനം ഉയർന്നതോടെ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.

സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിനും, ന്യൂനപക്ഷ മന്ത്രാലയത്തിനും വനിതാ കമ്മീഷൻ കത്തയച്ചിരുന്നു.സ്ത്രീകളുടെ പ്രാർത്ഥിക്കാനുള്ള മൗലിക അവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. ഇതിന് പിന്നാലെ ഡൽഹി ലെഫ് ഗവർണർ വിനയ്കുമാർ സാക്‌സന, പള്ളി കമ്മിറ്റിയുടെ തീരുമാനം പിൻവലിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.ഇതോടെയാണ് ഇമാം തന്നെ വിലക്ക് നീക്കാം എന്നറിയിച്ച് രംഗത്തെത്തിയത്.

നേരത്തേ മസ്ജിദിൽ സ്ത്രീ പ്രവേശനം നിരോധിച്ചിട്ടില്ലെന്ന് മസ്ജിദിന്റെ പിആർഒ സബിയുല്ല ഖാൻ പറഞ്ഞിരുന്നു.സ്ത്രീകൾ ഒറ്റയ്ക്കു വരുമ്പോൾ അനുചിതമായ പ്രവൃത്തികൾ കാണുകയും പരിസരത്ത് വിഡിയോകൾ ചിത്രീകരിക്കുകയും ചെയ്യുന്നു.അത്തരം പ്രവൃത്തികൾ തടയാനാണു നിരോധനം. കുടുംബങ്ങൾക്കും വിവാഹിതരായ ദമ്പതികൾക്കും മസ്ജിദ് സന്ദർശിക്കുന്നതിനു യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു പി.ആർ.ഒയുടെ വിശദീകരണം.

Leave a Reply