മുടികൊഴിച്ചിലില്‍ മനംനൊന്ത്‌ യുവാവ്‌ ജീവനൊടുക്കിയ സംഭവത്തില്‍ ചികിത്സിച്ച ഡോക്‌ടര്‍ക്കെതിരേയും പരാതി

0

കോഴിക്കോട്‌: മുടികൊഴിച്ചിലില്‍ മനംനൊന്ത്‌ യുവാവ്‌ ജീവനൊടുക്കിയ സംഭവത്തില്‍ ചികിത്സിച്ച ഡോക്‌ടര്‍ക്കെതിരേയും പരാതി. കോഴിക്കോട്‌ നോര്‍ത്ത്‌ കന്നൂര്‍ സ്വദേശി പ്രശാന്താ(29)ണ്‌ കഴിഞ്ഞ ഒന്നിന്‌ ആത്മഹത്യ ചെയ്‌തത്‌. ചികിത്സിച്ച ഡോക്‌ടര്‍ക്കെതിരേ ആത്മഹത്യാക്കുറിപ്പ്‌ എഴുതിവച്ചാണ്‌ യുവാവ്‌ ജീവനൊടുക്കിയത്‌. സംഭവത്തില്‍ പോലീസ്‌ അന്വേഷണം തൃപ്‌തികരമല്ലെന്ന്‌ കാണിച്ച്‌ കുടുംബം പരാതിപ്പെട്ടതോടെയാണ്‌ സംഭവം പുറത്തറിഞ്ഞത്‌.
മുടികൊഴിച്ചില്‍ മാറാന്‍ 8 വര്‍ഷമായി മരുന്നു കഴിക്കുന്നതായി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. മരുന്ന്‌ നല്‍കിയപ്പോള്‍ ആദ്യം കുറച്ചു മുടി കൊഴിയുമെന്ന്‌ ഡോക്‌ടര്‍ പറഞ്ഞിരുന്നു. എന്നാല്‍ താടി രോമങ്ങളും പുരികവും മൂക്കിലെ രോമങ്ങളുംവരെ കൊഴിഞ്ഞതോടെ പ്രശാന്ത്‌ മാനസിക വിഷമത്തിലായി. മെക്കാനിക്കായ പ്രശാന്തിന്റെ വിവാഹാലോചനകള്‍ വരെ മുടികൊഴിച്ചില്‍ കാരണം മുടങ്ങി. അപകര്‍ഷതാബോധം കാരണം ആളുകള്‍ കൂടുന്ന ഇടത്തേക്ക്‌ യുവാവ്‌ പോകാറില്ലായിരുന്നുവെന്ന്‌ മാതാപിതാക്കള്‍ പറയുന്നു.
യുവാവിന്റെ മരണത്തില്‍ ഡോക്‌ടര്‍ക്കെതിരേ പരാതി നല്‍കിയിട്ടും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നും കുടുംബം ആരോപിച്ചു. അത്തോളി പോലീസിലാണ്‌ ആദ്യം പരാതി നല്‍കിയത്‌. എന്നാല്‍ നടപടിയൊന്നുമുണ്ടാവാതിരുന്നതിനെത്തുടര്‍ന്ന്‌ റൂറല്‍ എസ്‌.പിക്ക്‌ പരാതി നല്‍കി. ഡോക്‌ടര്‍ കുറ്റക്കാരനാണെന്നതിന്‌ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും വിശദമായ അന്വേഷണം നടത്തിവരുന്നതായും പോലീസ്‌ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here