ഒരു വയസുകാരന്റെ മാല കവര്‍ന്ന കേസ്‌; അമ്മയും മകനും അറസ്‌റ്റില്‍

0


കട്ടപ്പന: വീട്ടുമുറ്റഞ്ഞ്‌ കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ സ്വര്‍ണമാല കവര്‍ച്ച ചെയ്‌തു വിറ്റ കേസില്‍ അമ്മയും മകനും അറസ്‌റ്റില്‍. ചീന്തലാര്‍ ഒന്നാം ഡിവിഷന്‍ ലയത്തില്‍ ശശിയുടെ ഭാര്യ സ്‌റ്റെല്ല (40), മകന്‍ പ്രകാശ്‌ (20) എന്നിവരെയാണ്‌ ഉപ്പുതറ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
ചീന്തലാര്‍ സ്വദേശികളായ പ്രിന്‍സ്‌-അനീഷ ദമ്പതികളുടെ ഒരു വയസുള്ള മകന്റ കഴുത്തിലുണ്ടായിരുന്ന 13 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാല കഴിഞ്ഞ 23 നാണ്‌ നഷ്‌ടമായത്‌. വീടിനുള്ളിലും പരിസരത്തുമെല്ലാം പരിശോധന നടത്തിയെങ്കിലും മാല ലഭിച്ചിരുന്നില്ല. ഈ മാസം നാലിന്‌ ഉപ്പുതറ പോലീസില്‍ പരാതി നല്‍കി. പോലീസ്‌ അന്വേഷണം തുടങ്ങിയതോടെ സമീപവാസികളായ സ്‌റ്റെല്ലയും പ്രകാശും മുങ്ങി.
കാറ്റാടിക്കവലയില്‍ ഓട്ടോ ഡ്രൈവറായ പ്രകാശ്‌ അവിടെ തന്നെ ഓട്ടോ ഓടിക്കുന്ന മറ്റൊരു ഡ്രൈവറോട്‌ മുണ്ടക്കയത്ത്‌ സ്വര്‍ണം വിറ്റതായി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന്‌ പോലീസ്‌ ഇയാളെ നിരീക്ഷിച്ചു വരുകയായിരുന്നു. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക്‌ ഒന്നിന്‌ ബസില്‍ അമ്മയും മകനും കട്ടപ്പനക്ക്‌ പോകുന്നതായി ഉപ്പുതറ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ക്ക്‌ വിവരം ലഭിച്ചു. തുടര്‍ന്ന്‌ സ്വരാജില്‍ വച്ച്‌ സി.ഐ ഇ. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ബസ്‌ തടഞ്ഞ്‌ നിര്‍ത്തി യാത്രക്കാരെ ചോദ്യം ചെയ്‌തു. എന്നാല്‍ പ്രകാശും സ്‌റ്റെല്ലയും പേര്‌ മാറ്റി പറയുകയും തമിഴ്‌നാട്‌ സ്വദേശികളാണെന്ന്‌ അറിയിക്കുകയും ചെയ്‌തു. എന്നാല്‍ സ്‌റ്റേഷനില്‍ പല കേസുകള്‍ക്കായി എത്തിയ ഇരുവരെയും സി.ഐക്ക്‌ മുഖപരിചയമുണ്ടായിരുന്നു. പിടി വീഴുമെന്ന്‌ തോന്നിയതോടെ പ്രകാശ്‌ ഇറങ്ങി ഓടി.
സ്‌റ്റെല്ലയെ കസ്‌റ്റഡിയിലെടുത്ത ശേഷം പോലീസ്‌ അവിടെ തന്നെ വാഹന പരിശോധന നടത്തി. ഇതുവഴി ഓട്ടോറിക്ഷയില്‍ എത്തിയ പ്രകാശ്‌ വാഹന പരിശോധന മനസിലാക്കി സ്‌ഥലം എത്തുന്നതിന്‌ മുമ്പായി ഇറങ്ങി ഓടി. പോലീസും നാട്ടുകാരും പിന്നാലെയെത്തി. ഇതോടെ പ്രകാശ്‌ ഇടുക്കി അണക്കെട്ടിന്റെ വൃഷ്‌ടി പ്രദേശത്തേക്ക്‌ എടുത്തു ചാടി. നാട്ടുകാരുടെ സഹായത്തോടെ പ്രകാശിനെ രക്ഷപ്പെടുത്തി കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന്‌ നടന്ന ചോദ്യം ചെയ്യിലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. അപഹരിച്ച മാല മുണ്ടക്കയത്തുള്ള ജൂവലറിയില്‍ വിറ്റു. അവിടെ നിന്നും മറ്റൊരു ആഭരണം വാങ്ങി അത്‌ ഏലപ്പാറയാല്‍ വില്‍പന നടത്തിയതായും പ്രതികള്‍ സമ്മതിച്ചു. ഡിവൈ. എസ്‌.പി: പി.ജെ കുര്യാക്കോസിന്റെ നിര്‍ദേശാനുസരണം സി.ഐ. ഇ. ബാബു, എസ്‌.ഐ. എബ്രഹാം, സി.പി.ഒമാരായ ആന്റണി സെബാസ്‌റ്റ്യന്‍, ഷിബു, ഷിമാന്‍, അഭിലാഷ്‌, നിഷാദ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്‌. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here