പ്രളയകാലത്ത് അനുവദിച്ച അരിക്ക് 205 കോടി നല്‍കണം; കേന്ദ്രത്തിന്റെ അന്ത്യശാസനത്തിന് കേരളം വഴങ്ങി

0


തിരുവനന്തപുരം: പ്രളയകാലത്ത് നൽകിയ അരിയുടെ പണം തിരികെ നൽകണമെന്ന കേന്ദ്രത്തിന്റെ അന്ത്യശാസനയ്ക്ക് ഒടുവില്‍ കേരളം വഴങ്ങി. 205.81 കോടി രൂപ നൽകിയില്ലെങ്കിൽ വരുംവര്‍ഷത്തെ എസ്.ഡി.ആര്‍.എഫില്‍നിന്ന് ഈ പണം തിരികെപ്പിടിക്കുമെന്ന് കേന്ദ്രസർക്കാർ അന്ത്യശാസന നൽകിയതോടെ പണം നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി ഒപ്പിടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകള്‍.

സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെന്നും പറഞ്ഞെങ്കിലും കേന്ദ്രം നിലപാടിൽ ഉറച്ചുനിന്നു. തുടര്‍ന്നാണ് പണം തിരിച്ചടയ്ക്കാനുള്ള തീരുമാനമെടുത്തത്. അധികമായി അനുവദിച്ച 89,540 ടണ്‍ അരി സൗജന്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു . ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് അരിവില എന്‍ഡിആര്‍എഫില്‍ നിന്നു വെട്ടിക്കുറയ്ക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

പ്രളയ കാലത്ത് കേരളത്തിന് അനുവദിച്ച അരിയുടെ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പലപ്രാവശ്യം കത്തയച്ചിരുന്നു. 2018-19 പ്രളയ കാലത്ത് അനുവദിച്ച 89540 മെട്രിക് ടണ്‍ അരിയുടെ തുകയായ 205.81 കോടി രൂപ നല്‍കണമെന്നാണ് ആവശ്യം. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അരി സൗജന്യമല്ലെന്നും അരിയുടെ വില നല്‍കണമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

തുക നല്‍കിയില്ലെങ്കില്‍ പ്രളയ സഹായമായി നല്‍കിയ 600 കോടി രൂപയില്‍ നിന്ന് തുക പിടിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. സംഭവം വിവാദമായതോടെ അരി സൗജന്യമാണെന്ന വാദവുമായി അന്നത്തെ കേന്ദ്രഭക്ഷ്യ വകുപ്പ് മന്ത്രി റാംവിലാസ് പാസ്വാന്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ മന്ത്രി ഇക്കാര്യം വാക്കാല്‍ പ്രസ്താവിച്ചതല്ലാതെ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയില്ല.

നേരത്തേ പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയ നാവിക സേനയുടെയും വ്യോമസേനയുടെയും സഹായത്തിന് ചെലവായ തുക ആവശ്യപ്പെട്ട് കേന്ദ്രം കേരളത്തിന് കത്തയച്ചിരുന്നു. ഇതിന് ഫീസ് ഈടാക്കരുതന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്ത് പരിഗണിച്ച് കേന്ദ്രം അതില്‍നിന്ന് പിന്‍വാങ്ങിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here