ലോക് ഡൗൺ വന്നതോടെ ജിമ്മിലെ പരിശീലക ട്യൂഷന്‍ ആരംഭിച്ചു; പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾക്കായി മദ്യസൽക്കാരം പതിവ്; പതിനാറുകാരനെ പീഡിപ്പിച്ചത് മദ്യം നൽകി മയക്കിയ ശേഷം; തൃശൂരിൽ അധ്യാപിക പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

0

തൃശൂർ: തൃശ്ശൂരിൽ പതിനാറുകാരന് മദ്യം നൽകി അധ്യാപിക പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോവിഡ് കാലത്താണ് അധ്യാപിക ട്യൂഷൻ എടുക്കാനാരംഭിച്ചത്. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾക്കായി അധ്യാപിക മദ്യസൽക്കാരം നടത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു. ഈ മദ്യ സൽക്കാരത്തിൽ പങ്കെടുത്ത പതിനാറുകാരനാണ് പീഡനത്തിന് ഇരയായതെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം പതിനാറുകാരന് മദ്യം നല്‍കി പീഡനത്തിനിരയാക്കിയെന്ന കേസില്‍ ട്യൂഷന്‍ അധ്യാപികയെ അറസ്റ്റുചെയ്തിട്ടുണ്ട്. കഴിഞ്ഞ 29നാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുന്ന അധ്യാപിക പല ദിനങ്ങളിലും പതിനാറുകാരനെ പീഡനത്തിന് വിധേയനാക്കിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്ത്.

പീഡനത്തിന് വിധേയനായ കുട്ടി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. കുട്ടിയുടെ ഈ മാറ്റം കണ്ട് അധ്യാപകർക്ക് സംശയം തോന്നുകയും കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് കുട്ടിക്ക് കൗൺസിലിംഗ് നടത്തി. അപ്പോഴാണ് പീഡനം സംബന്ധിച്ച് കുടുതൽ വിവരങ്ങൾ പുറത്തു വരുന്നത്. പ്ലസ് വണ്ണിൽ പഠിക്കുന്ന കുട്ടി കൗൺസിലിംഗ് നടത്തിയ ആളോട് പീഡന വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.

ഏറെ നാളായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയാണ് അധ്യാപികയെന്നാണ് സൂചനകൾ. കഴിഞ്ഞ കോവിഡ് കാലം വരെ ഒരു സ്വകാര്യ ജിമ്മിൽ പരിശീലകയായി ജോലി ചെയ്യുകയായിരുന്നു അധ്യാപിക. കോവിഡ് വ്യാപനത്തിൻ്റെ ഫലമായി ലോക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് അധ്യാപിക ട്യൂഷൻ ആരംഭിച്ചത്. മദ്യം നല്‍കി മയക്കിയശേഷമാണ് പതിനാറുകാരനെ ഉപദ്രവിച്ചതെന്നാണ് വെളിപ്പെടുത്തല്‍. കുട്ടിക്ക് ഇതു മാനസികമായി വലിയ ഷോക്കായെന്നും കൗൺസിലിംഗിലൂടെ വ്യക്തമായതായി പൊലീസ് അറിയിച്ചു.

ഇതോടെ കുട്ടി മാനസികമായി തകർന്ന നിലയിലായി. കുട്ടി ഇതോടെ ഉള്‍വലിയുകയായിരുന്നു. അതിനുശേഷമാണ് അധ്യാപകർ പ്രശ്നത്തിൽ ഇടപെടുകയും കുട്ടിയെ കൗൺസിംഗിന് വിധേയനാക്കുകയും ചെയ്തത്. കൗൺസിംലിംഗിലൂടെ വ്യക്തമായ കാര്യങ്ങൾ കൗൺസിലർ അധ്യാപകരെ അറിയിക്കുകയായിരുന്നു. അധ്യാപകര്‍ ശിശുക്ഷേമ സമിതി അംഗങ്ങളോട് ഇതുസംബന്ധിച്ച് വ്യക്തമാക്കി. ശിശുക്ഷേമ സമിതി അംഗങ്ങളുടെ നേതൃത്വത്തിലാണ് മണ്ണുത്തി പോലീസിന് വിവരങ്ങള്‍ കൈമാറിയത്.

കുട്ടിയോട് പലവട്ടം അധ്യപികയുടെ ഭാഗത്തു നിന്നും ഇത്തരം പ്രവൃത്തിയുണ്ടായെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ കുട്ടി പറഞ്ഞതു ശരിയാണെന്ന് അധ്യാപിക സമ്മതിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. അധ്യാപികയുടെ വസതിയില്‍ വിദ്യാര്‍ഥികള്‍ക്കു സല്‍ക്കാരം നടത്തിയതിനിടെയാണു കുട്ടിക്കു മദ്യം വിളമ്പിയതെന്നാണ് അവർ പറഞ്ഞത്. ഇതോടെ കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയനാക്കി. പോക്‌സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് മക്കളില്ലെന്നും പൊലീസ് വ്യക്തമാക്കി.

പൊലീസ് കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം പോക്‌സോ കേസ് ആയതിനാല്‍ പ്രതിയുടെ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്താൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതിയുടെ വീട്ടിൽ ട്യുഷന് പോയിരുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് കടുത്ത മാനസികാഘാതമുണ്ടാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here